27 June Monday

ക്യാൻസർദിനത്തിൽ ആശാവഹമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018


ഞായറാഴ്ച ഒരു ലോക ക്യാൻസർദിനംകൂടി നമ്മൾ പിന്നിട്ടു. ക്യാൻസർരോഗബാധ കേരളത്തിലും വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് 2016ൽ രാജ്യത്ത് ലക്ഷത്തിൽ 119 പേർക്ക് ക്യാൻസർബാധയുണ്ടായപ്പോൾ കേരളത്തിൽ ഇത് ലക്ഷത്തിൽ 132 പേർക്കാണ്. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണത്തിലുണ്ടായ വർധനയും പരിശോധനകൾ വ്യാപകമായതും ഈ എണ്ണക്കൂടുതലിന് കാരണമാണ്. പുകയില ഉപയോഗവും ജീവിതശൈലിയിലെ മാറ്റങ്ങളും അന്തരീക്ഷമലിനീകരണവും ഭക്ഷണത്തിലെ മായവും ഒക്കെ ഈ വർധനയ്ക്ക് ആക്കംകൂട്ടുന്നു. പല ക്യാൻസറും ഇന്ന് മാറാരോഗമല്ല. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ച് മാറ്റാവുന്നവയാണ് ഭൂരിപക്ഷവും. വൈകിയാൽപ്പോലും ചികിത്സിച്ചുമാറ്റാവുന്നവയാണ് മറ്റ് പല ഇനങ്ങളും.

എന്നാൽ, ഇന്നും ക്യാൻസർരോഗബാധ സമൂഹത്തിൽ അലട്ടലാണ്. ക്യാൻസറിനെപ്പറ്റി സമൂഹത്തിൽ അടിയുറച്ച ചില ധാരണകൾ മാറാനുണ്ട്. ക്യാൻസർ വന്നാൽ മരണം ഉറപ്പെന്ന് കരുതുന്നവരേറെ. ഏറെ ബോധവൽക്കരണം ഇക്കാര്യത്തിൽവേണ്ടിവരും. ഈ തെറ്റായ ധാരണകൾമാത്രമല്ല ക്യാൻസർ മലയാളിയെ അലട്ടുന്ന രോഗമാകുന്നതിനു പിന്നിലുള്ളത്. വെറെയും പ്രധാന കാരണങ്ങളുണ്ട്. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയും വൻ ചികിത്സച്ചെലവുമാണ് ഇവയിൽ മുഖ്യം. ചികിത്സാസംവിധാനം ഇന്നും വ്യാപകമല്ല. കിട്ടുന്ന ചികിത്സയുടെ ചെലവാകട്ടെ താങ്ങാവുന്നതിനപ്പുറവും.

ഈ രണ്ടു പ്രശ്നത്തിനും ശാശ്വതപരിഹാരം കാണാനുള്ള നടപടിക്ക് എൽഡിഎഫ് സർക്കാർ തുടക്കമിടുന്നു എന്നത് തികച്ചും ആശാവഹമാണ്. സംസ്ഥാനത്തെ ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മുമ്പൊരുകാലത്തും ഉണ്ടായിട്ടില്ലാത്ത കാൽവയ്പുകളാണ് ഇപ്പോൾ ഉണ്ടാകുന്നത്.

ജില്ലാ ആശുപത്രികളിൽ അഭയം എന്ന പേരിൽ പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഞായറാഴ്ച ലോക ക്യാൻസർദിനത്തിൽ നിലമ്പൂരിൽ നടന്നു. ഒരേസമയം സാന്ത്വനപരിചരണവും ക്യാൻസർ ചികിത്സയും ലഭ്യമാക്കാനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്തു. ഇന്ന് മെഡിക്കൽ കോളേജുകളിലും വൻകിട സ്വകാര്യ ആശുപത്രികളിലുംമാത്രം ലഭ്യമായ സൗകര്യമാണ് ഇപ്പോൾ ജില്ലാ ആശുപത്രികളിൽ കിട്ടുന്നത്. മലബാർ ക്യാൻസർ സെന്ററിലും ആർസിസിയിലും പരിശീലനം ലഭിച്ച ഡോക്ടർമാർക്കാണ് പദ്ധതിച്ചുമതല.
ഇതിനു പുറമെ ക്യാൻസർ ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിൽ അതീവപ്രാധാന്യം സർക്കാർ നൽകുന്നത് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രകടമാണ്.

മലബാർ ക്യാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലാക്കാനും കൊച്ചിയിൽ ഇതേ നിലവാരത്തിലുള്ള ക്യാൻസർ സെന്റർ ആരംഭിക്കാനുമുള്ള നീക്കം ഈ വഴിക്കുള്ളതാണ്. എല്ലാ മെഡിക്കൽ കോളേജിലും ഓങ്കോളജിവകുപ്പ് ആരംഭിക്കാനുള്ള തീരുമാനവും ബജറ്റിലുണ്ട്.

ഇത്തരത്തിൽ സർക്കാർമേഖലയിൽ ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതോടെ ചികിത്സച്ചെലവ് കുറച്ചുകൊണ്ടുവരാനും കഴിയും. ഇതിനൊപ്പം പാവപ്പെട്ടവർക്ക് സൗജന്യ ക്യാൻസർ ചികിത്സ നൽകുന്നതിലും എൽഡിഎഫ് സർക്കാർ പുതുമാതൃകകൾ സൃഷ്ടിക്കുകയാണ്. 'സുകൃതം' പദ്ധതി ഇക്കൂട്ടത്തിൽ പ്രധാനമാണ്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാൻസർ ചികിത്സാ ആശുപത്രികളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനവിഭാഗങ്ങൾക്ക് മൂന്നുലക്ഷം രൂപവരെയുള്ള ക്യാൻസർ ചികിത്സാ ധനസഹായം സൗജന്യമായി നൽകുന്നതിനുള്ള പദ്ധതിയാണിത്. തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ, അഞ്ച് സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി  എന്നീ സ്ഥാപനങ്ങളിൽ ഈ പദ്ധതിയുണ്ട്. ഇതിനുപുറമെ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി മുഖേന റേഷൻകാർഡിൽ മൂന്നു ലക്ഷം രൂപവരെ വാർഷികവരുമാനമുള്ള ക്യാൻസർ രോഗികൾക്ക് രണ്ടു ലക്ഷം രൂപവരെയുള്ള ചികിത്സാ സഹായവും നൽകുന്നു. ക്യാൻസർ സുരക്ഷാ പദ്ധതി മുഖേന 18 വയസ്സുവരെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്ക് ക്യാൻസർ ചികിത്സ എപിഎൽ, ബിപിഎൽ ബാധകമല്ലാതെ പൂർണമായും സൗജന്യമായി നൽകുന്നുണ്ട്. പട്ടികവർഗക്കാർക്കുള്ള സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരവും ക്യാൻസർ ചികിത്സ സൗജന്യമായും നൽകിവരുന്നു. ഇത്തരത്തിൽ ഈ മേഖലയിലും സമഗ്രമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം നൽകിയും ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ട്.

ഇത്തരത്തിൽ ബഹുമുഖ സമീപനത്തിലൂടെ ക്യാൻസറിനെ ചെറുക്കുക എന്ന സമീപനം സർക്കാർ സ്വീകരിച്ചിരിക്കുകയാണ്. സർക്കാരിന്റെ നയവ്യക്തതയും ജനോന്മുഖത്വവും ഒരുപോലെ പ്രകടമാകുന്ന നടപടികളാണിവ.

അടുത്ത ഘട്ടമായി കൂടുതൽ താഴെതട്ടിൽ ക്യാൻസർരോഗ നിർണയ സൗകര്യംകൂടി ഏർപ്പെടുത്തിയാൽ സംസ്ഥാനത്തിന് ക്യാൻസർ നിർണയത്തിലും ചികിത്സയിലും കൂടുതൽ മുന്നോട്ടുപോകാൻ കഴിയും. ഇക്കാര്യത്തിലും കൂടുതൽ നടപടി ഈ സർക്കാരിൽനിന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top