23 June Sunday

നയമില്ലാത്ത നയപ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2016

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം നയമില്ലാത്തതും വിരസവുമായത് സ്വാഭാവികം. ഗവര്‍ണറുടെ നയപ്രഖ്യാപനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ്. ഭരണഘടനാബാധ്യതയെന്ന നിലയിലാണ് ഗവര്‍ണര്‍ ഇത് സഭയില്‍ വായിക്കാന്‍ നിര്‍ബന്ധിതമായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണം ദുരിതപൂര്‍ണമായിരുന്നു എന്ന വസ്തുത ഗവര്‍ണര്‍ക്ക് പറയാനാകില്ല. പിണറായി വിജയന്‍ പറഞ്ഞതാണ് സത്യം. അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടിയുടെ സുവര്‍ണകാലമായിരുന്നു. കേരളീയരുടെ ദുരിതപൂര്‍ണമായ വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ വായിച്ചത്. കഴിഞ്ഞ വര്‍ഷം ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ്  പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു. യഥാര്‍ഥത്തില്‍ ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. സ്പീക്കര്‍ അദ്ദേഹത്തിന്റെ അധികാരമുപയോഗിച്ച് ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ മാണിക്ക് പേരിനുപോലും ബജറ്റവതരിപ്പിക്കാന്‍ കഴിയാതായി. ഉമ്മന്‍ചാണ്ടിക്കും ബജറ്റവതരിപ്പിക്കാനുള്ള ധാര്‍മികമായ അര്‍ഹത നഷ്ടപ്പെട്ടു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം  നടത്തരുത് എന്ന് കാര്യകാരണസഹിതം പ്രതിപക്ഷനേതാവും പാര്‍ടി നേതാക്കളും ഗവര്‍ണറെ കണ്ടാവശ്യപ്പെട്ടു. ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞത്. പ്രതിപക്ഷത്തിന് നിയമസഭയ്ക്കകത്തോ പുറത്തോ പ്രതിഷേധം പ്രകടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു. അതോടൊപ്പം ബഹുജനങ്ങളും പ്രകടനമായി വന്ന് അതില്‍ പങ്കുചേര്‍ന്നു. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രിയായിരുന്ന കെ എം മാണി എന്നിവര്‍ അഴിമതി ആരോപണവിധേയരാണ്. അഴിമതിക്കുള്ള തെളിവുകള്‍ സരിത വിജിലന്‍സിന് നല്‍കി എന്നാണ് പറയുന്നത്. നേരാംവണ്ണം നിഷ്പക്ഷമായി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാരും ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കപ്പെടാനിടയുള്ള അഴിമതിയാണ് നടത്തിയതെന്ന് ഇതിനകം വ്യക്തമായി. മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഒരു അര്‍ഹതയുമില്ലാത്തവരാണ് മന്ത്രിസഭയിലുള്ളത്.

നാറുന്ന മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭയെ എന്റെ മന്ത്രിസഭയെന്ന് വിശേഷിപ്പിച്ച്  നിയമസഭയില്‍ പ്രസംഗിച്ചാല്‍ നാറുന്നവരെ പേറിയാല്‍ പേറിയവനും നാറും എന്ന ചൊല്ലാണ് ഗവര്‍ണര്‍ ഓര്‍ക്കേണ്ടത്. 113 ഖണ്ഡികകളിലായി കൂട്ടഓട്ടംവരെയുള്ള നേട്ടങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചുകാണുന്നു. പലതും സ്വപ്നമാണ്. ഗവര്‍ണറുടെ പ്രസംഗത്തിന്റെ അവസാനഭാഗത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് പരാമര്‍ശിച്ചത്. 'ഭാരതത്തെക്കുറിച്ച് എനിക്കുണ്ടൊരു സ്വപ്നം. സുശക്ത, സ്വതന്ത്ര, സ്വാശ്രയഭാരതം– ഈ സ്വപ്നവുമായി എന്റെ സര്‍ക്കാര്‍ ഉണര്‍ന്നിരിക്കുകയാണ്. എന്നാല്‍, നമ്മുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനായി നമുക്ക് കാതങ്ങളേറെ താണ്ടേണ്ടതുണ്ട്. നമ്മുടെ സ്വപ്നം സഫലീകരിക്കുന്നതുവരെ എന്റെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കട്ടെ'.  കുറെ സ്വപ്നങ്ങളാണ് നയപ്രഖ്യാപനപ്രസംഗത്തില്‍ വിശദീകരിച്ചത്. സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന ഉറപ്പാണ് ഗവര്‍ണര്‍  ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഒരു ഉദ്യോഗസ്ഥന്റെ കഥ സാധാരണ പറയാറുള്ളതാണ്. ഉദ്യോഗസ്ഥന്‍ ജനല്‍ തുറന്നിട്ട് കൈ പുറത്തിട്ട് ഉറങ്ങും. ആരെങ്കിലും കൈക്കൂലിയുമായി വന്നാല്‍ വിഷമിക്കാതെ കൈയില്‍ വച്ച് പോകട്ടെ എന്നാണ് ഉദ്യോഗസ്ഥന്റെ മനോഭാവം. അദ്ദേഹം ഉറങ്ങാതിരിക്കുന്നത് കൈക്കൂലി വാങ്ങാനാണ്. ഈ സര്‍ക്കാര്‍ ഉറങ്ങാതിരിക്കുന്നതും അവിഹിതമായി പണം വാങ്ങാനാണ്; കൈക്കൂലി വേണ്ടുവോളം കൈക്കലാക്കാനാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പറ്റി നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞതും ഇതുതന്നെ.

ഇവിടെ പൂര്‍ണമായും മരവിച്ച ഒരു സര്‍ക്കാരാണ് ഭരണത്തില്‍ തുടരുന്നത്. വിഴിഞ്ഞം പദ്ധതിയാണ് നേട്ടങ്ങളുടെ പട്ടികയില്‍ പെരുപ്പിച്ച് കാണിച്ചത്. ഇത് മാത്രം പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ചെയ്ത പദ്ധതിയാണിത്. അന്ന് തടസ്സംനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ്. ചൈനീസ് കമ്പനിക്ക് ടെന്‍ഡര്‍ കൊടുത്താല്‍ രാജ്യരക്ഷയ്ക്ക് ഭംഗം വരുമെന്നാണ് പറഞ്ഞത്. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചിട്ടും പദ്ധതി എവിടെയുമെത്തിയില്ല. അവസാനം അദാനി ഗ്രൂപ്പിന് നല്‍കി. പദ്ധതി എങ്ങനെയെങ്കിലും പൂര്‍ത്തിയാകട്ടെ എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഗ്ളോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് (ജിം) എന്ന മാമാങ്കം ഇപ്പോള്‍ പരാമര്‍ശിക്കുന്നേയില്ല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍, പൊതുമേഖലാ വ്യവസായങ്ങള്‍, കാര്‍ഷികമേഖല എന്നിവയെല്ലാം തകര്‍ന്നു. പെന്‍ഷന്‍ കുടിശ്ശിക വര്‍ധിച്ചു. വിലക്കയറ്റം തടയാന്‍ ഒന്നും ചെയ്തില്ല. പൊതുവിതരണ സംവിധാനമാകെ തകര്‍ന്നു. ജനജീവിതം ദുരിതപൂര്‍ണമാക്കി. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഇത് സുവര്‍ണകാലഘട്ടമല്ല. അവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. ഉമ്മന്‍ചാണ്ടിക്ക് സുവര്‍ണകാലവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top