28 March Thursday

കലാപവുമായി വീണ്ടും സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018


ഡൽഹിക്കടുത്ത് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ പശുസംരക്ഷക വേഷമണിഞ്ഞ സംഘപരിവാറുകാർ രണ്ടുപേരെ കൊലപ്പെടുത്തിയ വാർത്ത വരാനിരിക്കുന്ന വർഗീയ കലാപങ്ങളുടെ തുടക്കമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ഒരു പൊലീസ് ഓഫീസറും യുവാവുമാണ് സംഘപരിവാർ ആക്രമണത്തിലും തുടർന്നുണ്ടായ വെടിവയ‌്പിലും കൊല്ലപ്പെട്ടത്.  രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ ക്രമസമാധാന നിലയുടെ നഖച്ചിത്രമാണ് ഇത് നൽകുന്നത്. ഉത്തർപ്രദേശിലെതന്നെ ദാദ്രിയിൽ ആൾക്കൂട്ടകൊലയ‌്ക്ക് വിധേയമായ മുഹമ്മദ് അ‌ഖ‌്‌ലാക് കേസ് അന്വേഷിച്ച പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കേസന്വേഷണം ശരിയായ ദിശയിലേക്ക് നയിച്ച ഓഫീസറായിരുന്നു സുബോധ്കുമാർ സിങ‌്. അതുകൊണ്ടുതന്നെ സംഘപരിവാറിന് അത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ‌്തു. അതിനാൽ, അന്വേഷണം തുടങ്ങി രണ്ടു മാസത്തിനകംതന്നെ സുബോധ്കുമാറിനെ വാരാണസിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.  ഈ പൊലീസ് ഓഫീസറെ വധിക്കുകയെന്നത് സംഘപരിവാറിന്റെ ലക്ഷ്യമായിരുന്നു എന്നുവേണം കരുതാൻ. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പിന്നോക്കക്ഷേമ മന്ത്രിയായ ഒ പി രാജ്ഭർ (ബിജെപി സഖ്യകക്ഷിയായ സുഹാൽദേവ് ഭാരതീയ സമാജ് പാർടി നേതാവ്) തന്നെയാണ് ആർഎസ്എസും ബിജെപിയും വിഎച്ച്പിയും മറ്റും ആസൂത്രണം ചെയ‌്താണ‌് പൊലീസ് ഓഫീസറെ വധിച്ചതെന്ന് വ്യക്തമാക്കിയത്. 

മഹോവ് ഗ്രാമത്തിലെ വനത്തിൽവച്ച് പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ആദ്യം സംഭവസ്ഥലത്തെത്തിയ തഹസിൽദാർ രാജ്കുമാർ ഭാസ‌്കർ പറയുന്നത് ഈ അവശിഷ്ടങ്ങൾ കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്നാണ്.  ഒരു പശുവിന്റെയല്ല മറിച്ച് 15–-20 പശുക്കളുടെ ശരീരാവശിഷ്ടങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടത്.  ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഈ നടപടിയിൽ നിന്നുതന്നെ വ്യക്തമാകുന്നു. ഉടൻതന്നെ അവശിഷ്ടങ്ങൾ ഒരു വണ്ടിയിലാക്കി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും  തുടർന്ന് പൊലീസുമായി തുറന്ന ഏറ്റുമുട്ടലിന് സംഘപരിവാർ സംഘം തയ്യാറാകുകയും ചെയ‌്തു. സംഘപരിവാറുകാരുടെ കൈവശവും തോക്കുണ്ടായിരുന്നു. പരസ്പരമുള്ള വെടിവയ‌്പിലാണ് പൊലീസ് ഓഫീസറും മറ്റൊരാളും കൊല്ലപ്പെട്ടത്.  അതായത്, അഖ‌്‌ലാക് കേസിൽ തങ്ങൾക്കെതിരെ തിരിഞ്ഞ പൊലീസ് ഓഫീസറെ ഇല്ലാതാക്കുകയെന്ന ആസൂത്രണമാണ് ഇവിടെ നടന്നിട്ടുള്ളത്. അതോടൊപ്പം അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളും.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉത്തർപ്രദേശിൽ സീറ്റുകൾ തൂത്തുവാരിയത് മുസഫർനഗർ കലാപം സൃഷ്ടിച്ച ശക്തമായ വർഗീയധ്രുവീകരണത്തിലൂടെയായിരുന്നു. അന്ന് മുസ്ലിങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയ പ്രദേശമായിരുന്നു ഷ്യാന പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഗ്രാമങ്ങൾ. ആ മുറിവുകൾ ഉണങ്ങിവരവെയാണ് വീണ്ടും പശുസംരക്ഷണത്തിന്റെ പേരിലുള്ള കലാപം ബോധപൂർവം സൃഷ്ടിക്കപ്പെട്ടത്

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉത്തർപ്രദേശിൽ സീറ്റുകൾ തൂത്തുവാരിയത് മുസഫർനഗർ കലാപം സൃഷ്ടിച്ച ശക്തമായ വർഗീയധ്രുവീകരണത്തിലൂടെയായിരുന്നു. അന്ന് മുസ്ലിങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയ പ്രദേശമായിരുന്നു ഷ്യാന പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഗ്രാമങ്ങൾ. ആ മുറിവുകൾ ഉണങ്ങിവരവെയാണ് വീണ്ടും പശുസംരക്ഷണത്തിന്റെ പേരിലുള്ള കലാപം ബോധപൂർവം സൃഷ്ടിക്കപ്പെട്ടത്. തബ്ലീഗ് ജമാഅത്തിന്റെ പ്രധാന പരിപാടി ജില്ലയിൽ നടക്കുന്നവേളയിൽതന്നെയാണ് സംഘപരിവാർ കലാപം സൃഷ്ടിക്കാൻ തെരഞ്ഞെടുത്തത്. ലക്ഷക്കണക്കിനു മുസ്ലിങ്ങൾ പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. സ്ഥലത്തെ ക്ഷേത്രങ്ങൾപോലും മുസ്ലിങ്ങൾക്കു മുമ്പിൽ വാതിൽ തുറക്കുന്ന മതസൗഹാർദത്തിന്റെ അപൂർവ മാതൃകകൾക്ക് അവസരമൊരുക്കുന്ന സമയംകൂടിയാണിത‌്.  ആ സമയംതന്നെയാണ് കലാപത്തിന് തെരഞ്ഞെടുത്തത് എന്നത് ആസൂത്രണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ഭരണമികവിന്റെ പേരിൽ ഉത്തർപ്രദേശിൽ ഇക്കുറി സീറ്റ് നേടാൻ കഴിയില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിൽ രാമക്ഷേത്രനിർമാണ മുദ്രാവാക്യത്തോടൊപ്പം വർഗീയ ലഹളകളും സൃഷ്ടിക്കുകയെന്നത് സംഘപരിവാറിന്റെ തന്ത്രമാണ്. അതിന്റെ ഭാഗമായാണ് ബുലന്ദ്ഷഹറിലെ സംഭവമെന്നും ന്യായമായും സംശയിക്കാം. വരുംനാളുകളിൽ രാജ്യമെമ്പാടും പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ വർഗീയകലാപം അഴിച്ചുവിടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ.  അതിനുള്ള  വൻ ഗൂഢാലോചനകളാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത് എന്ന് ബുലന്ദ്ഷഹർ സംഭവം തെളിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top