18 April Thursday

ആശാസ്യമോ ഈ മാധ്യമശൈലി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017


സുനാമിക്കുശേഷം കേരളതീരം നേരിട്ട കൊടിയ ദുരന്തത്തെ സംസ്ഥാന സര്‍ക്കാരിനോട് പകപോക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ഒരു വിഭാഗം ദൃശ്യ-പത്ര മാധ്യമങ്ങള്‍. തങ്ങളുടെ അജന്‍ഡകള്‍ ഒന്നൊന്നായി ചീറ്റിപ്പോകുമ്പോഴും കൂടുതല്‍ പ്രതികാര ബുദ്ധിയോടെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയാണിവര്‍. ഏത് വിഷയത്തിലും സര്‍ക്കാരിനെ പഴിചാരാനും ഇല്ലാക്കഥകള്‍ പെരുപ്പിച്ച് വിവാദം കൊഴുപ്പിക്കാനും ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്, മൂന്നാര്‍ ഭൂപ്രശ്നം തുടങ്ങി ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടു. കായല്‍ കൈയേറ്റ ആരോപണം വന്നപ്പോള്‍, തോമസ് ചാണ്ടി മന്ത്രിയെന്ന നിലയില്‍ ഒരു കൃത്യവിലോപവും നടത്തിയിട്ടില്ലെന്ന ന്യായീകരണത്തിന് മുതിരാതെ യുക്തമായ അന്വേഷണത്തിനും നിയമനടപടിക്കുമാണ് സന്നദ്ധമായത്. ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശം വന്ന് 24 മണിക്കൂറിനകം മന്ത്രി രാജിവച്ചു. എന്നാല്‍, തോമസ് ചാണ്ടിയെ അന്യായമായി സംരക്ഷിച്ചു എന്ന ദുരാരോപണമാണ് ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്കുനേരെ ചൊരിഞ്ഞത്.

മൂന്നാര്‍ വിഷയത്തില്‍ സിപിഐ എമ്മിനെയും സിപിഐയെയും അകറ്റാന്‍ തന്ത്രം മെനഞ്ഞവര്‍ മൂന്നു മന്ത്രിമാരെ പ്രശ്നപരിഹാരത്തിന് ചുമതലപ്പെടുത്തിയതോടെ നിരാശരായി. ഇതുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞവരുടെ പ്രകടനം, മുഖ്യമന്ത്രിയുടെ മുഖത്ത് മൈക്കുകൊണ്ട് കുത്തുന്നിടംവരെ എത്തി. 'ഒന്നും പറയാനില്ല; നിങ്ങള്‍ മാറിനില്‍ക്കൂ' എന്നു പറഞ്ഞതിനെ മുഖ്യമന്ത്രി മാധ്യമങ്ങളെ ആക്ഷേപിച്ചു എന്ന് കൊട്ടിഘോഷിച്ചു. മുമ്പൊരിക്കല്‍ ബിജെപി നേതാക്കളുമായുള്ള സമാധാനചര്‍ച്ച നടക്കുന്ന ഹാളില്‍ അനുവാദമില്ലാതെ കടന്നുകയറിയവരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത് വന്‍വിവാദമാക്കി. ഇത്തരംവൈരനിര്യാതനത്തെക്കുറിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദമായി സംസാരിച്ചു. നിര്‍ബന്ധപൂര്‍വം പ്രതികരണം ആവശ്യപ്പെടുന്ന രീതി മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലങ്ങളിലേക്ക് കടന്നുകയറുന്നതും അനാവശ്യ പ്രതികരണങ്ങള്‍ ആവശ്യപ്പെടുന്നതും വാര്‍ത്താനിര്‍മിതിക്കുള്ള വഴിവിട്ട നീക്കമല്ലാതെ മറ്റെന്താണ്.

ഇതില്‍നിന്നെല്ലാം ഭിന്നമായതും എന്നാല്‍ ഏറെ അപകടകരവും നിരുത്തരവാദപരവുമായ സമീപനമാണ് ഏതാനും ദിവസങ്ങളായി ചിലര്‍ സ്വീകരിക്കുന്നത്. തെക്കന്‍ കേരളത്തിലെ തീരദേശങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റും കനത്തമഴയും വരുത്തിയ ജീവഹാനിയും നാശനഷ്ടവും ജനങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല. കടലില്‍ പെട്ടുപോയ ഉറ്റവരെക്കുറിച്ചുള്ള ആധിയില്‍ മനസ്സുനീറിക്കഴിയുന്നവര്‍ക്ക് ആശ്വാസവിവരങ്ങള്‍ എത്തിക്കുന്നതിലായിരുന്നില്ല ചില മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം. ദുരന്തത്തിന്റെ മുന്നറിയിപ്പ്, കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികളെ അറിയിക്കുകയോ മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്തില്ല എന്ന കുറ്റമാണ് ആദ്യംതന്നെ ഇവര്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ ചുമത്തിയത്. ഇതില്‍ വസ്തുതയുടെ കണികപോലും ഇല്ലെന്നതിന് സാക്ഷ്യപത്രം ചില പ്രമുഖപത്രങ്ങളുടെ താളുകള്‍തന്നെ. 29ന് ലഭിച്ച അറിയിപ്പ് ന്യൂനമര്‍ദത്തിന്റെയും മഴസാധ്യതയുടെയും മാത്രമായിരുന്നു. 30ന് രാവിലെ ലഭിച്ച ചുഴലിക്കാറ്റ്മുന്നറിയിപ്പ് ലക്ഷദ്വീപിനുമാത്രമായിരുന്നുവെന്ന് മനോരമതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചയോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംസ്ഥാനത്ത് ലഭിക്കുമ്പോള്‍ മഴയും കാറ്റും ശക്തമായിക്കഴിഞ്ഞിരുന്നു.

അസാമാന്യമായ വേഗത്തിലും ജാഗ്രതയിലുമാണ് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും പ്രവര്‍ത്തിച്ചത്. കാറ്റില്‍ മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കി. വെള്ളം കയറിയ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കേരളതീരത്ത് ചുഴലിവീശുമെന്നും ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നും വിവരം ലഭിച്ച നിമിഷംമുതല്‍ ലഭ്യമായ എല്ലാ രക്ഷാസംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിലുള്ള മത്സ്യത്തൊഴിലാളികളെ എത്രയുംവേഗം കരയ്ക്കെത്തിക്കാനുള്ള ശ്രമമാണ് നടന്നത്. നാവികസേന ഉള്‍പ്പെടെ സാധ്യമായ എല്ലാ സംവിധാനവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. അങ്ങേയറ്റം സഹായകമായ നിലപാടാണ് കേന്ദ്രത്തില്‍നിന്നുണ്ടായത്. സമാനതകള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തവിധം വിജയകരമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. എണ്ണൂറോളംപേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ജീവഹാനി പരമാവധി കുറയ്ക്കാന്‍ സാധിച്ചു. സുനാമിയുടെ ഘട്ടത്തില്‍പ്പോലും ഇത്ര കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലെന്ന പ്രചാരണത്തിന് മറുപടി, ജീവന്‍ രക്ഷപ്പെട്ടവരുടെ എണ്ണംതന്നെയാണ്. 

ഇത്രയും ഫലപ്രദമായ ജീവന്‍രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ചില മാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയായില്ല. അവരുടെ ഉന്നം സര്‍ക്കാരിനെ താറടിക്കല്‍മാത്രമായിരുന്നു. മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന മാധ്യമങ്ങളുടെ ആരോപണം പൊളിച്ചത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. ഇതോടെ മുഖ്യമന്ത്രി തീരം സന്ദര്‍ശിക്കുന്നില്ലെന്ന പല്ലവിയിലേക്ക് അവര്‍ മാറി. സന്ദര്‍ശിച്ചപ്പോഴാകട്ടെ ജനങ്ങള്‍ തടഞ്ഞുവെന്ന പച്ചക്കള്ളം വിളമ്പി. ഉറ്റവരെ ഓര്‍ത്ത് നെഞ്ചുരുകിക്കഴിയുന്നവരുടെ വികാരങ്ങള്‍ക്ക് തീപിടിപ്പിക്കാനുള്ള അധമപ്രചാരണങ്ങളില്‍ അഭിരമിക്കുകയായിരുന്നു ചില മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തകരും. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിക്കുമ്പോഴും ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ കാണാമായിരുന്നു. എന്നാല്‍, സംസ്ഥാനമന്ത്രിമാര്‍ തീരത്ത് വരരുതെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നതെന്ന് വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. മൂന്നുനാലു ദിവസമായി രാപ്പകല്‍ ജനങ്ങളോടൊപ്പം ഉള്ളവരാണ് ഈ മന്ത്രിമാരെന്നുപോലും വിസ്മരിച്ചാണ് ഇവര്‍ നുണപരത്തുന്നത്. കടലിനോട് പടവെട്ടി ജീവിതവൃത്തി കഴിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതികരണത്തിലെ വൈകാരികാംശം ഉള്‍ക്കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അവരെ സമാശ്വസിപ്പിക്കാനും സഹായമെത്തിക്കാനും അക്ഷീണം യത്നിക്കുന്ന സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള നീക്കം ആശാസ്യമോ എന്നു ബന്ധപ്പെട്ടവര്‍ ചിന്തിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top