27 April Saturday

ആരാണ് രാജ്യദ്രോഹികൾ?

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ  ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക്  തുറന്ന കത്തയച്ച ചലച്ചിത്ര‐സാമൂഹ്യമേഖലയിലെ പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് അത്യന്തം ഭയാനകമാണ്. പ്രഥമദൃഷ്ട്യാതന്നെ തള്ളിക്കളയേണ്ട പരാതി മുഖവിലയ്ക്കെടുത്ത് നടപടികൾ തുടരാൻ കോടതി കാണിച്ച അനാവശ്യവും ദുരുദ്ദേശ്യപരവുമായ ധൃതി ജുഡീഷ്യറിയിലും പ്രകടമാകുന്ന പുതിയ  പ്രവണതകളുടെ സൂചനയാണെന്ന് പറയേണ്ടതുണ്ട്.  ഏറിവരുന്ന അസഹിഷ്ണുതയിലും ആൾക്കൂട്ടക്കൊലകളിലും ഉൽക്കണ്ഠ രേഖപ്പെടുത്തി  മോഡിക്ക് കത്തെഴുതിയ എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രകാരന്മാരുമുൾപ്പെടെ നാൽപ്പത്തിയൊമ്പത് വിഖ്യാതപ്രതിഭകൾക്കെതിരെയാണ്  ബിഹാറിലെ മുസഫർപുരിലെ സദർ പൊലീസ് കേസെടുത്തത്.  രണ്ടുമാസംമുമ്പ് സുധീർകുമാർ ഓജ എന്ന അഭിഭാഷകൻ നൽകിയ പരാതിയിൽ  ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സൂര്യകാന്ത് തിവാരി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിഘടനവാദ പ്രവണതകളെ തുണയ്ക്കുന്നതാണ് കത്ത് എന്ന  ആരോപണമാണ് പ്രധാനമായും പരാതിയിലുണ്ടായത്.   അത് രാജ്യപ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും   ആരോപിച്ചു.

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ  അതിക്രമങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഉടൻ  ഇടപെടണമെന്ന്് കഴിഞ്ഞ ജൂലൈയിലാണ് രാമചന്ദ്രഗുഹ, മണിരത്നം, അപർണ സെൻ, അടൂർ ഗോപാലകൃഷ്ണൻ  ആശിഷ് നന്തി, ശ്യാം ബെനഗൽ, സുമിത് സർക്കാർ, രേവതി  തുടങ്ങിയവർ  ആവശ്യപ്പെട്ടത്. ജയ്ശ്രീറാം വിളി പ്രകോപനപരമായ പോർവിളിയായി മാറിയെന്ന് കത്തിൽ  അഭിപ്രായപ്പെടുകയുംചെയ്തു.  ഗവൺമെന്റിനെ വിമർശിക്കുന്നവരെ  ദേശവിരുദ്ധരായി ചിത്രീകരിച്ച് ജയിലിൽ അടയ്ക്കുന്നതിനെതിരെയും അവർ പ്രതികരിക്കുകയുണ്ടായി. വിയോജിപ്പില്ലാതെ ജനാധിപത്യമില്ലെന്ന് ഓർമിപ്പിച്ച്  പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് കല‐ സാംസ്കാരിക പ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കേസെടുക്കുന്നത് രാജ്യത്ത് ആദ്യമാണ്. രാജ്യദ്രോഹം, പൊതുജനശല്യം, സമാധാനഭംഗമുണ്ടാക്കുകയെന്ന   ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയതും.

കത്തിന്റെപേരിൽ അടൂരിനെതിരെ കാവിപ്പട  ആക്രമണം അഴിച്ചുവിടുകയും അപമാനിക്കുകയും ചെയ്യുകയുണ്ടായി.  അദ്ദേഹത്തിന്റെ വീടിനുമുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും അങ്ങനെ വിളിക്കുന്നത് കേൾക്കേണ്ടെങ്കിൽ  ചന്ദ്രനിലേക്ക്  പോകാമെന്നുമായിരുന്നു ഒരു ബിജെപി നേതാവിന്റെ പ്രഖ്യാപനം.  രാജ്യം സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുന്നുവെന്ന് വിശ്വസിച്ചാണ് മോഡിക്ക് കത്തെഴുതിയതെന്നാണ് കേസിന്റെ വാർത്ത പുറത്തുവന്നയുടൻ  അടൂർ പ്രതികരിച്ചത്.  സർക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികൾക്കോ എതിരായിട്ടായിരുന്നില്ല അത്.  കത്തിൽ ഒപ്പിട്ടതിൽ ഒരാൾപോലും രാഷ്ട്രീയക്കാരനല്ല.  

ജനാധിപത്യവ്യവസ്ഥയിൽ ഏതെങ്കിലും പ്രത്യേക കാര്യത്തിൽ നമ്മുടെ ശ്രദ്ധ ചെന്നാൽ,  അനീതി നടമാടുന്നുവെന്നു കണ്ടാൽ  സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നതുകൊണ്ടുമാത്രമാണ് കത്തെഴുതിയത്. അത്  ശരിയായ അർഥത്തിൽ മനസ്സിലാക്കി പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചത്് അത്ഭുതകരമാണ്.  അതാകട്ടെ, ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെത്തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയും. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതായും അടൂർ കൂട്ടിച്ചേർത്തു.

രാഷ്ട്രപിതാവിന്റെ ജീവൻ കവർന്ന   ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞ പ്രഗ്യാ സിങ് ഠാക്കൂർ പാർലമെന്റംഗമാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ കോലത്തിന്നേരെ വെടിയുതിർത്ത്  തുള്ളിച്ചാടിയ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയെ ആദരപൂർവം കൊണ്ടുനടക്കുകയാണ് മോഡിയുടെയും അമിത് ഷായുടെയും  അനുയായികൾ. പണംവാങ്ങി പാക്ക് ചാര സംഘടനയ്ക്ക് രാജ്യരഹസ്യങ്ങൾ കൈമാറിയ ധ്രുവ് സക്സേനയെപ്പോലുള്ള കാവിഭീകരർക്കെതിരെ  ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭരണനേതൃത്വത്തിന്റെ കണ്ണിൽ  ഇവരാരും രാജ്യദ്രോഹികളല്ല; എന്നാൽ, ദേശഭക്തരെന്ന ഓമനപ്പേരിലാണ് അവരെല്ലാം അറിയപ്പെടുന്നതും അവരെയെല്ലാം കൊണ്ടുനടക്കുന്നതും. അഭിപ്രായബഹുത്വമാണ്  ജനാധിപത്യത്തിന്റെ അടിത്തറയെന്ന് സാംസ്കാരികപ്രവർത്തകർ ചൂണ്ടിക്കാട്ടിയതാണ് മോഡിയെയും കൂട്ടാളികളെയും  പ്രകോപിപ്പിച്ചത്. മനുഷ്യരെ പുഴുക്കളെപ്പോലെ കൊല്ലുന്നതല്ല, അത് വിളിച്ചുപറയുന്നതാണ് ഇന്ത്യയിൽ ഇന്ന് കുറ്റകൃത്യം. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത  അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഏകാധിപതികളുടെ കാൽക്കീഴിൽ അടിയറവയ്ക്കില്ലെന്ന് രാജ്യം ഏകസ്വരത്തിൽ പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top