20 April Saturday

മരണവ്യാപാരിയുടെ ജല്‍പ്പനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017


വിടുവായത്തത്തിന് ആരാണ് മുന്നിലെന്ന് മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യമായല്ല കേരളത്തിനുനേരെ നാവോങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പരാമര്‍ശിച്ചാണ് ഒടുവിലത്തെ ആക്രമണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ അമിത് ഷായ്ക്ക്, അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ പിന്നെയൊരു വാചകമോ വസ്തുതയോ ഇല്ല. കണ്ണൂരിലെ  എന്ത് അക്രമത്തെക്കുറിച്ചാണ് രാജ്യം ഭരിക്കുന്ന പാര്‍ടി പറയുന്നത്.

പൊതുവില്‍ സമാധാനജീവിതം നിലനില്‍ക്കുന്ന പ്രദേശമാണ് കണ്ണൂര്‍. രാഷ്ട്രീയകാരണങ്ങളാലുണ്ടാകുന്ന അക്രമങ്ങള്‍ കണ്ണൂരില്‍ കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ യഥാര്‍ഥ്യബോധത്തോടെ പരിശോധിക്കാന്‍ ബിജെപി തയ്യാറാകുമോ? കേരളത്തില്‍ ആകെയും കണ്ണൂരില്‍ പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളത് സിപിഐ എം ആണ്. കണ്ണൂര്‍ ജില്ലയില്‍മാത്രം ഇരുനൂറോളം പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ട പാര്‍ടിയാണ് സിപിഐ എം. ഇതില്‍ ബഹുഭൂരിഭാഗംപേരും ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായവര്‍. കൊലയാളികളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ്, മുസ്ളിംലീഗ്, മുസ്ളിം തീവ്രവാദികള്‍ തുടങ്ങിയവരുമുണ്ട്.

കണക്കുപറഞ്ഞുകൊണ്ട് ഒരു കൊലപാതകത്തെയൂം ആര്‍ക്കും ന്യായീകരിക്കാനാകില്ല. എന്നാല്‍, ഓരോ അക്രമത്തിനും കൊലപാതകത്തിനും വഴിവയ്ക്കുന്ന കാരണങ്ങള്‍ പരിശോധിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന് നിഷ്പ്രയാസം കണ്ടെത്താനാകും. സിപിഐ എമ്മിന്റെ 'മേധാവിത്വം' തകര്‍ക്കാനാണ് കേരള രക്ഷായാത്രയെന്ന് ഇപ്പോള്‍ ബിജെപി തുറന്ന് പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിലൂടെയാണ് മേധാവിത്വം എന്ന് ബിജെപി വിളിക്കുന്ന ജനപിന്തുണ കമ്യൂണിസ്റ്റുകാര്‍ ആര്‍ജിച്ചത്. ഇത് തകര്‍ക്കാന്‍ പ്രവര്‍ത്തകരെ കായികമായി ആക്രമിച്ചും ഭയപ്പെടുത്തിയും സാധിക്കുമെന്ന ധാരണയാണ് ബിജെപിയെ നയിക്കുന്നത്. ഹിന്ദുമതവിശ്വാസികളെ ഒപ്പംകൂട്ടി സ്വാധീനം വര്‍ധിപ്പിക്കാമെന്നും അവര്‍ വിശ്വസിക്കുന്നു. അന്യമതവിരോധം വളര്‍ത്തലാണ് അതിനുള്ള വഴി. അക്രമത്തെ പോലെതന്നെ പ്രധാനമാണ് അവര്‍ക്ക് അസത്യപ്രചാരണവും.

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയംവരിച്ച ഈ വിദ്വേഷരാഷ്ട്രീയം കേരളത്തിലും പ്രയോഗിക്കാമെന്ന വ്യാമോഹവുമായാണ് ബിജെപി യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അവിടങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെയും ദളിതരെയും കൊന്നും കൊലവിളിച്ചും അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ഇനി കേരളംകൂടിയേ ബാക്കിയുള്ളൂ എന്നും കണക്കുകൂട്ടുന്നു. കേരളത്തിന്റെ മതനിരപേക്ഷപാരമ്പര്യവും കുറഞ്ഞ സാമ്പത്തിക അസമത്വവും ഉയര്‍ന്ന ജീവിതഗുണമേന്മയുമൊക്കെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടമ്പകളാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. വ്യത്യസ്തവും പുരോഗമനപരവുമായ ഈ ജീവിതസാഹചര്യം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് സിപിഐ എമ്മും അതിന്റെ നേതൃത്വത്തില്‍ ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകളുമാണ്. അതാണ് കേരളത്തിന്റെ കരുത്ത്. അത് കോലാഹലജാഥ നടത്തിയോ നുണപ്രചാരണംകൊണ്ടോ മറികടക്കാനാകില്ല.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് ബിജെപി ജാഥയ്ക്ക് എത്തുന്ന  ജനപ്രതിനിധികള്‍ക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നതായിരിക്കും കേരളയാത്ര. മതധ്രുവീകരണമില്ലാത്ത, ജാതിവിവേചനമില്ലാത്ത അവസരസമത്വമുള്ള സാമൂഹ്യസുരക്ഷിതത്വമുള്ള കേരളത്തെ അവര്‍ അനുഭവിച്ചറിയണം. അത്തരത്തില്‍ ഈ ജാഥ പ്രയോജനപ്പെടുമെങ്കില്‍ അവര്‍ മടങ്ങിച്ചെല്ലുമ്പോള്‍ സ്വന്തം നാടുകളില്‍ പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും ഉയര്‍ത്തുന്ന അവകാശസമരങ്ങളുടെ ആന്തരാര്‍ഥം അവര്‍ക്ക് വായിച്ചെടുക്കാനാകും. രാജസ്ഥാനില്‍ 13 നാള്‍ നീണ്ട കര്‍ഷകസമരം എന്തുകൊണ്ട് വിജയംവരിച്ചെന്ന് അവര്‍ക്ക് മനസ്സിലാക്കാനാകും. ഹരിയാനയിലെ ഹിസാറില്‍ കിസാന്‍സഭ അഖിലേന്ത്യാസമ്മേളനത്തില്‍ അണിനിരക്കുന്ന പതിനായിരങ്ങള്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളാനാകും.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും മധ്യപ്രദേശും ഹരിയാനയും രാജസ്ഥാനും യുപിയുമെല്ലാം കര്‍ഷകസമരങ്ങളില്‍ തിളച്ചുമറിയുന്നതും അവിടങ്ങളില്‍ ചെങ്കൊടി ഉയരുന്നതും അമിത് ഷായെ പരിഭ്രാന്തനാക്കുന്നുണ്ട്്. അതുകൊണ്ടുതന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും  സിപിഐ എമ്മിനെതിരെ പ്രക്ഷോഭത്തിന് ബിജെപി കോപ്പുകൂട്ടുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടി ഒരു പ്രധാന പ്രതിപക്ഷ പാര്‍ടിയുടെ കേന്ദ്ര ആസ്ഥാനത്തേക്ക് തുടര്‍ച്ചയായി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിലും  ഈ അങ്കലാപ്പ്തന്നെ. കേരളത്തെ അക്രമഭൂമിയെന്ന് ആക്ഷേപിച്ച മോഡിയുടെ ഗുജറാത്തിലാണ് കഴിഞ്ഞദിവസം നവരാത്രി ആഘോഷം കണ്ടെന്ന കുറ്റത്തിന് ഒരു ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നത്. കുറച്ചുനാള്‍മുമ്പ് മീശവച്ച രണ്ട് ദളിത് യുവാക്കളെ മര്‍ദിച്ചതും ഗുജറാത്തില്‍ത്തന്നെ. പശുവിന്റെപേരില്‍ മുസ്ളിങ്ങളെയും ദളിതരെയും ആക്രമിക്കുന്നതിനും കൊല്ലുന്നതിനും ബിജെപി സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിയന്ത്രണം വന്നിട്ടില്ല. ഇതൊക്കെയാണ് ബിജെപി നിര്‍മിച്ചെടുക്കുന്ന ഇന്ത്യ. ഇതിനെയെല്ലാം നട്ടെല്ലുയര്‍ത്തി പ്രതിരോധിക്കുന്ന കേരളത്തെ ബിജെപി ആക്രമണലക്ഷ്യമാക്കുന്നത് സ്വാഭാവികം. 

ആര്‍എസ്എസ് ഇളക്കിവിടുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിയില്‍ കെട്ടിവയ്ക്കുന്ന അമിത് ഷായെയും അതിന് പ്രചാരണംനല്‍കുന്ന മാധ്യമങ്ങളെയും ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചതിന് നിരവധി കേസുകളില്‍ കോടതി കയറി ഇറങ്ങുന്ന ഈ മരണവ്യാപാരിയുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ സാമാന്യബോധമുള്ളവരെല്ലാം തള്ളിക്കളയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top