25 April Thursday

സിബിഐ അന്വേഷണം: ഉചിതമായ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


വിജിലൻസ് അന്വേഷണം ആരംഭിച്ച് 13 വർഷത്തിനുശേഷം ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തയ്യാറായത് ഉചിതമായ തീരുമാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേരത്തെ അധികാരത്തിൽ ഇരുന്ന വേളയിലും രണ്ടു തവണ ഈ കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും അവർ അന്വേഷണച്ചുമതല ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ആ സമയത്ത് കേന്ദ്രത്തിൽ അധികാരത്തിലിരുന്നത് മൻമോഹൻസിങ് ഗവൺമെന്റായിരുന്നു. അഴിമതിക്കാധാരമായ കരാർ ഒപ്പുവയ്‌ക്കുന്ന കാലത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവർ ആരോപണവിധേയരായ കേസായതിനാലാണ് അന്ന് സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാതിരുന്നത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മൻമോഹൻസിങ് സർക്കാരിൽ ചെലുത്തിയ സമ്മർദമായിരുന്നു ഇതിനു പിന്നിൽ.

ഇപ്പോൾ പിണറായി വിജയൻ സർക്കാരും കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചിരിക്കുകയാണ്. കേസന്വേഷിച്ചുവരുന്ന വിജിലൻസിന്റെ ശുപാർശയനുസരിച്ചാണ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കേസ് കൈമാറുന്നത്. മാലിന്യ പ്ലാന്റിന് ആവശ്യമായ യന്ത്രങ്ങൾ വാങ്ങിയത് ബ്രിട്ടനിലെയും ഫിൻലൻഡിലെയും മറ്റും കമ്പനി വഴിയായതിനാൽ സംസ്ഥാന വിജിലൻസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ, നയതന്ത്രമാർഗങ്ങൾ അവലംബിക്കാനാണ് അവർ വിജിലൻസിനോട് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് കേസന്വേഷണം കേന്ദ്ര ഏജൻസിയെ എൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായത്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പ്രതികാരമല്ല സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അഴിമതി ആരാണ് നടത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസന്വേഷണം സിബിഐക്കു വിടുന്നതെന്നുവേണം കരുതാൻ. 

120 കോടി മാത്രം വിറ്റുവരവുള്ള കമ്പനിയാണ് അതിന്റെ ഇരട്ടിയിലധികം തുകയ്‌ക്കുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിന് കരാറിലെത്തിയത്. സ്വാഭാവികമായും കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെ ഈ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന സംശയം ഉയർന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ട്രാവൻകൂർ ടൈറ്റാനിയത്തിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉണ്ടാക്കിയ 256 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നതായാണ് കേസ്. കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്.  ഇത്തരമൊരു ആരോപണം ഉയരുന്നതിനുള്ള പ്രധാന കാരണം കമ്പനിയുടെ സാമ്പത്തികസ്ഥിതിയും മാലിന്യസംസ്‌കരണ പ്ലാന്റിന്റെ കരാറും തമ്മിലുള്ള വലിയ വ്യത്യാസമാണ്. 120 കോടി മാത്രം വിറ്റുവരവുള്ള കമ്പനിയാണ് അതിന്റെ ഇരട്ടിയിലധികം തുകയ്‌ക്കുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിന് കരാറിലെത്തിയത്. സ്വാഭാവികമായും കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെ ഈ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന സംശയം ഉയർന്നു. തീർത്തും ആപ്രായോഗികമായ പദ്ധതി നടപ്പിലാക്കുന്നത് ട്രാവൻകൂർ ടൈറ്റാനിയമെന്ന പൊതുമേഖലാ സ്ഥാപനത്തെത്തന്നെ തകർക്കുമെന്നും വിലയിരുത്തപ്പെട്ടു.

ഇ കെ നായനാരുടെ കാലത്ത് സമർപ്പിക്കപ്പെട്ട 108 കോടി രൂപയുടെ പദ്ധതി തള്ളിയാണ് 256 കോടി രൂപയുടെ പദ്ധതിക്ക് കരാറിലെത്തിയത്. മലിനീകരണം കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വേളയിലാണ് ഇത്തരമൊരു പദ്ധതിക്ക് നായനാർ സർക്കാർ തയ്യാറായത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയ്‌ക്കാണ്‌ അന്ന് മാലിന്യസംസ്‌കരണ പ്ലാന്റിന് കരാർ നൽകിയത്. അതാണ് ഉമ്മൻചാണ്ടിയും കൂട്ടരും അട്ടിമറിച്ചത്. പുതിയ കരാർ നടപ്പിലാക്കുന്നപക്ഷം വർഷംതോറും കമ്പനിക്ക് 70 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ തന്നെ കണക്കാക്കുകയും ചെയ്‌തത്‌ ഈ സംശയത്തെ ബലപ്പെടുത്തി. മാത്രമല്ല, കമ്പനി 15 കോടിയിൽപ്പരം വാർഷിക നഷ്ടത്തിലുള്ള വേളയിലാണ്  ഇത്രയും ഭാരിച്ച തുകയ്‌ക്കുള്ള കരാർ ഒപ്പിട്ടത്.

അഴിമതി നടന്നുവെന്ന്‌ സംശയിക്കാനുള്ള മറ്റൊരു സംഭവം പദ്ധതിയുടെ അവസാനഘട്ടത്തിലേക്കുള്ള യന്ത്രസാമഗ്രികൾ ധൃതിപിടിച്ച് ഇറക്കുമതി ചെയ്‌തതാണ്‌

പദ്ധതിക്ക് അനുകൂലമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം ലഭിക്കുന്നതിനായി അതുവരെ ബോർഡിന്റെ ചുമതലയിലുണ്ടായിരുന്ന കെ കെ രാമചന്ദ്രനെ മാറ്റി എ സുജനപാലിനെ വച്ചതും സംശയം ബലപ്പെടുന്നതിനു കാരണമായി. അഴിമതി നടന്നുവെന്ന്‌ സംശയിക്കാനുള്ള മറ്റൊരു സംഭവം പദ്ധതിയുടെ അവസാനഘട്ടത്തിലേക്കുള്ള യന്ത്രസാമഗ്രികൾ ധൃതിപിടിച്ച് ഇറക്കുമതി ചെയ്‌തതാണ്‌. ഫിൻലൻഡിലെ കെമൻറോ എന്ന കമ്പനിയിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്‌തത്‌. നാലു വർഷം മുമ്പ് ഇറക്കുമതി ചെയ്‌ത 62 കോടി രൂപയുടെ ഈ യന്ത്രോപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണെന്നാണ് റിപ്പോർട്ട്.

കരാറിൽ ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാർ മാത്രമല്ല ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രനും അഴിമതിയുണ്ടെന്ന് ആരോപിക്കുകയുണ്ടായി. ഇതിന്റെ വെളിച്ചത്തിലാണ് 2006ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാർ പദ്ധതിയെക്കുറിച്ചു പഠിക്കാൻ മദ്രാസ്‌ ഐഐടിയിലെ ഡോ. പുഷ്‌പവനത്തെ നിയമിക്കുന്നത്. ഈ കമീഷനും കിറ്റ്കോയും പദ്ധതി നടപ്പാക്കുന്നത് വൻ സാമ്പത്തികബാധ്യത വരുത്തിവയ്‌ക്കുമെന്ന് റിപ്പോർട്ട് ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്ന്‌ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആ അന്വേഷണമാണ് ഇപ്പോൾ സിബിഐക്കു വിടുന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും അഴിമതി നടത്തിയവരെ നീതിക്കുമുമ്പിൽ കൊണ്ടുവരാൻ ഈ അന്വേഷണം സഹായിക്കുമെന്നും പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top