26 April Friday

മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും മാറുന്ന വിദേശനയവും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 5, 2017

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലെത്തിക്കഴിഞ്ഞു. വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോഡിയെ സ്വീകരിച്ചതില്‍ നിന്ന് ഈ സന്ദര്‍ശനത്തിന് ഇസ്രയേല്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാകും. അധിനിവേശരാഷ്ട്രമായതുകൊണ്ടുതന്നെ ഇസ്രയേലുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കളൊക്കെ അതോടൊപ്പം പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ലയും സന്ദര്‍ശിക്കുക പതിവാണ്. എന്നാല്‍, ഈ പതിവ് തെറ്റിച്ച് പ്രധാനമന്ത്രി മോഡി ഇസ്രയേല്‍മാത്രം സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയുടെ കൂറ് ആരുടെ പക്ഷത്താണെന്ന് വ്യക്തം. പ്രത്യേക പലസ്തീന്‍രാഷ്ട്രം എന്ന പലസ്തീന്‍കാരുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് പറയുമ്പോഴാണ് ഈ നടപടി. മെയ്മാസം പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് ദ്വിരാഷ്ട്രപരിഹാരത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന്  മോഡി അറിയിച്ചത്.

സയണിസ്റ്റ് രാഷ്ട്രത്തിനും അവരുടെ ഒടുങ്ങാത്ത ക്രൂരതയ്ക്കും അന്താരാഷ്ട്രമാന്യത കല്‍പ്പിച്ച് നല്‍കാന്‍ മാത്രമേ മോഡിയുടെ സന്ദര്‍ശനം ഉപകരിക്കൂ. കൊളോണിയല്‍വിരുദ്ധവും അധിനിവേശവിരുദ്ധവുമായ ഇന്ത്യന്‍ വിദേശനയത്തിന്റെ സത്തയ്ക്ക് യോജിക്കുന്നതല്ല ഈ സന്ദര്‍ശനം. പലസ്തീന്‍ പ്രദേശങ്ങളായ പശ്ചിമതീരവും ഗാസാചീന്തും കിഴക്കന്‍ ജറുസലേമും സിറിയയിലെ ഗോലാന്‍ കുന്നുകളും 1967ലെ ആറുദിന യുദ്ധത്തിലൂടെ ഇസ്രയേല്‍ കീഴ്പ്പെടുത്തിയതിന്റെ 50-ാം വര്‍ഷത്തിലാണ് ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി ടെല്‍ അവീവിലെത്തുന്നത്. പശ്ചിമതീരത്തും മറ്റും അനധികൃത ജൂതകുടിയേറ്റകേന്ദ്രങ്ങള്‍ പണികഴിപ്പിച്ച് അധിനിവേശത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് ഇസ്രയേല്‍.

ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവും ഈ അധിനിവേശമാണ്. എല്ലാ യുഎന്‍  പ്രമേയങ്ങളെയും അന്താരാഷ്ട്രധാരണകളെയും ലംഘിച്ചാണ് ഇസ്രയേലിന്റെ ഈ നടപടി. ഈ നയത്തെയാണ് ചേരിരാഷ്ട്രങ്ങളുടെ തലവനായ ഇന്ത്യ എന്നും എതിര്‍ത്തിരുന്നത്. 1936ല്‍ സയണിസ്റ്റ് ദൂതന്‍ ഇമ്മാനുവല്‍ ഒള്‍സ്വാങ്കര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണതേടി ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. 'ഇന്ത്യയിലായാലും പലസ്തീനിലായാലും സാമ്രാജ്യത്വത്തെ അംഗീകരിക്കാനാകില്ല' ഈ നയമാണ് ഇപ്പോള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത്. പലസ്തീന്‍ വിമോചനത്തെ ഇന്ത്യ അചഞ്ചലമായി പിന്തുണച്ചതും ഇതേ കാരണം കൊണ്ടുതന്നെയായിരുന്നു. 

സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം സ്വീകരിച്ചതിനൊപ്പമാണ് അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇസ്രയേലുമായി നരസിംഹറാവു സര്‍ക്കാര്‍ 1992ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇതിന്റെ 25-ാം വര്‍ഷത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായ എല്‍കെ അദ്വാനിയും ജസ്വന്ത് സിങ്ങും ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. 2003ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണും ഇന്ത്യയിലെത്തി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും വിദേശമന്ത്രി സുഷ്മ സ്വരാജും ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പ്രധാനമന്ത്രിയും ഇസ്രയേലില്‍ എത്തിയിട്ടുള്ളത്. മാത്രമല്ല, ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയവേളയില്‍ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണ നല്‍കാനും മോഡി സര്‍ക്കാര്‍ തയ്യാറായി.  

മോഡിയുടെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനമൊന്നുമല്ലിത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2006ല്‍ മോഡി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാംയാത്രയില്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൈനികബന്ധം കൂടുതല്‍ ശക്തമാക്കുന്ന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇസ്രയേല്‍ മാറിയിരിക്കുന്നു. 100 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഇസ്രയേലില്‍നിന്ന് വര്‍ഷംപ്രതി വാങ്ങുന്നത്. ഏപ്രില്‍ മാസത്തിലാണ് 200 കോടി ഡോളറിന്റെ മിസൈല്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മധ്യദൂര ഉപരിതല ആകാശമിസൈല്‍ കരാറിലാണ് ഇസ്രയേല്‍ എയ്റോ സ്പേസുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. മോഡി സന്ദര്‍ശനവേളയില്‍ കൂടുതല്‍ കരാറുകളിലെത്തുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള ആയുധവ്യാപാരത്തില്‍നിന്നുള്ള വന്‍ ലാഭമാണ് പലസ്തീന്‍ അധിനിവേശത്തിനായി ഇസ്രയേല്‍ ഉപയോഗിക്കുന്നത്. കൃഷി, ജല ഉപയോഗം തുടങ്ങി പല മേഖലകളിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണിന്ന്. വ്യാപാരവും വന്‍ വളര്‍ച്ച നേടിയിട്ടുണ്ട്. 1992ല്‍ ഉഭയകക്ഷിവ്യാപാരം 20 കോടി  ഡോളറായിരുന്നെങ്കില്‍ ഇപ്പോഴത് 500 കോടി ഡോളറായി വളര്‍ന്നിട്ടുണ്ട്. 

 മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പ്രത്യയശാസ്ത്രത്തിന്റെ ഒരുതലം കൂടിയുണ്ട്. പലസ്തീന്‍ പ്രതിഷേധത്തെയും മാതൃരാജ്യത്തിനായി അവര്‍ നടത്തുന്ന ന്യായമായ പ്രക്ഷോഭത്തെയും ആയുധംകൊണ്ട് നേരിടുന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെ രീതിയെ ആരാധിക്കുന്നവരാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. ഇന്ത്യന്‍ മുസ്ളിങ്ങളെയും അയല്‍രാജ്യമായ പാകിസ്ഥാനെയും നേരിടുന്നതിന് ഈ ഇസ്രയേല്‍ രീതിയാണ് ച്രചോദനമാകുന്നത്.

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലും ഇസ്രയേലില്‍നിന്ന് കടംകൊണ്ടതാണെന്ന് ഹിമാചല്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിതന്നെ സമ്മതിക്കുകയുമുണ്ടായി. സംഭാഷണത്തിന്റെ വഴി അടച്ച് സൈനികബലംകൊണ്ട്് മാത്രം കശ്മീരിലെ പ്രക്ഷോഭത്തെ നേരിടുന്ന മോഡി സര്‍ക്കാരിന്റെ രീതിയും ഇസ്രയേലില്‍നിന്ന് കടംകൊണ്ടതാണെന്ന ആക്ഷേപമുയരുന്നതും ഈ സാഹചര്യത്തിലാണ്. അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടിലേക്ക് ഈ ബന്ധം വളരുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറെ സംശയത്തോടെയായിരിക്കും ഇസ്രയേലുമായുള്ള ഇന്ത്യന്‍ ബന്ധത്തെ വീക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top