30 November Thursday

അവിശുദ്ധ രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2016

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് കേരളത്തില്‍ ആദ്യമല്ല. എക്കാലത്തും രഹസ്യനീക്കുപോക്കുകളിലൂടെ 'പൊതുശത്രു'വായ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ആക്രമിക്കാന്‍ കോണ്‍ഗ്രസ്–ആര്‍എസ്എസ്–ബിജെപി ശക്തികള്‍ തയ്യാറായിട്ടുണ്ട്. 1991ല്‍ പരസ്യമായ സഖ്യപരീക്ഷണവും നടന്നു. വടകരയിലും ബേപ്പൂരിലും പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോ–ലീ–ബി എന്നറിയപ്പെട്ട കോണ്‍ഗ്രസ്–ബിജെപി–ലീഗ് സഖ്യം അന്ന് ഇടതുപക്ഷത്തെ നേരിട്ടത്. വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ഇത്തരമൊരു വിചിത്ര സഖ്യത്തിന്റെ ബലത്തില്‍ വിജയം നേടാമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. യുഡിഎഫിന്റേതിനൊപ്പം ബിജെപി–ആര്‍എസ്എസ് വോട്ടുകള്‍ ചേര്‍ത്താല്‍ എല്‍ഡിഎഫിനെക്കാള്‍ വോട്ട് ലഭിക്കുമെന്ന് കണക്കുകള്‍ നിരത്തി അവര്‍ സമര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കോ–ലീ–ബിയുടെ കണക്കുകളല്ല യാഥാര്‍ഥ്യമായത്. ഇത്തരം അവസരവാദപരവും ജീര്‍ണവുമായ രാഷ്ട്രീയസഖ്യത്തെ തകര്‍ത്ത് മതനിരപേക്ഷതയിലൂന്നിയ ജനപക്ഷ രാഷ്ട്രീയം വന്‍വിജയം നേടുന്ന അനുഭവമാണ് ഇരു മണ്ഡലങ്ങളിലും ഉണ്ടായത്. 

വോട്ടുകച്ചവടം സംഘപരിവാറിന്റെ പതിവുരീതിയാണ്. ആര്‍എസ്എസ് വോട്ടുകള്‍ കച്ചവടംചെയ്ത് പണം സമ്പാദിച്ച നേതാക്കള്‍ കേരളത്തിലുണ്ട്. 1991ലെ വടകര–ബേപ്പൂര്‍ വോട്ടുകച്ചവടത്തെക്കുറിച്ച് പള്ളിയറ രാമന്‍, കെ അയ്യപ്പന്‍പിള്ള, ഡോ. സേവ്യര്‍ പോള്‍ എന്നീ ബിജെപി നേതാക്കള്‍ അടങ്ങിയ കമ്മിറ്റി അന്വേഷിച്ചു. പി പി മുകുന്ദനും എം എസ് കുമാറും പണം വാങ്ങി വന്‍തോതില്‍ എതിര്‍പാര്‍ടിക്ക് വോട്ട് മറിച്ചുകൊടുത്തു എന്നാണ് ആ കമ്മിറ്റി കണ്ടെത്തിയത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റവാളികളായ എം എസ് കുമാറിനും മുകുന്ദനും കടുത്ത ശിക്ഷ നല്‍കണമെന്നും മുകുന്ദനെ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനത്തുനിന്ന്മാറ്റണമെന്നുമാണ് നിര്‍ദേശിച്ചത്. സംഘപരിവാറിന്റെ വോട്ടുകച്ചവടത്തിന്റെയും അവിശുദ്ധസഖ്യത്തിന്റെയും നിരവധി  തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെയൊക്കെ തുടര്‍ച്ചതന്നെയാണ് കഴിഞ്ഞദിവസം പുറത്തുവന്ന മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട്.

2006ലെ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് വന്‍തോതില്‍ വോട്ട് കുറഞ്ഞത്, നേതൃത്വം യുഡിഎഫിന് വോട്ട് മറിച്ചതുകൊണ്ടാണ് എന്നാണ് മോഹന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്റെ കണ്ടെത്തല്‍. ഇവിടെയും പി പി മുകുന്ദന്‍, എം എസ് കുമാര്‍ എന്നിവരും കെ സുരേന്ദ്രന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയ യുവനേതാക്കളും സ്വന്തം പാര്‍ടിയെ വഞ്ചിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചുകൊടുക്കുകയാണുണ്ടായത്. മുപ്പതിലധികം ബിജെപി നേതാക്കളാണ് സി കെ പത്മനാഭനെതിരെ പ്രവര്‍ത്തിച്ചത് എന്നും കമീഷന്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് ശിവകുമാറാണ് ഇവരെ സ്വാധീനിച്ചത്.

മോഹന്‍ ശങ്കര്‍ കമീഷന്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് ഒരു പതിറ്റാണ്ട് മുമ്പത്തെ വോട്ടുകച്ചവടത്തിലേക്കാണെങ്കില്‍ ഇന്നും സ്ഥിതി വ്യത്യസ്തമല്ല. അന്ന് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അതേ ശിവകുമാര്‍ ഇന്ന് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നുണ്ട്. ശിവകുമാറിനെതിരെ പ്രബലരായ ബിജെപി സ്ഥാനാര്‍ഥികള്‍ ഇല്ലാതിരിക്കാന്‍ ചില ഇടപാടുകള്‍ നടന്നതിന്റെ സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ചില പ്രത്യേക മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കുന്നു എന്നതരത്തിലുള്ള വാര്‍ത്തകളും വന്നിട്ടുണ്ട്. അത് അവിശ്വസിക്കാന്‍ തരമില്ല. കേരളത്തില്‍ ബിജെപി യുഡിഎഫിനെതിരെയോ യുഡിഎഫ് ബിജെപിക്കെതിരെയോ രാഷ്ട്രീയ പ്രചാരണം നടത്താറില്ല. ആര്‍എസ്എസ് നേതൃത്വത്തില്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ക്കെതിരെ ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും ശബ്ദിച്ചിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ ഇല്ലാതാക്കാനും പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലുംവരെ മൃദുസമീപനം സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പ്രധാന നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ വര്‍ഗീയപ്രസംഗത്തിന് എടുത്ത കേസ് നിരുപാധികം പിന്‍വലിച്ചതും ഇതേ സര്‍ക്കാരാണ്. ഇതിന്റെ മറുവശമാണ് സംസ്ഥാനത്ത് അഴിമതിയുടെ അഴിക്കുചാലില്‍ വീണുകിടക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ പണം വാങ്ങി സംഘപരിവാര്‍ വോട്ട് മറിക്കുമെന്ന സൂചന. ഇരുകൂട്ടര്‍ക്കും ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ പുത്തരിയല്ല. തനിക്കുചുറ്റും നില്‍ക്കുന്ന അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയും ഇതിന്റെ അനുബന്ധമായി കാണണം. കോണ്‍ഗ്രസ് പിളര്‍ത്തിയാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്വാഭാവിക സഖ്യകക്ഷി ബിജെപിയാണ്. കെപിസിസി അധ്യക്ഷന്റെ കടുത്ത സമ്മര്‍ദത്തെപ്പോലും തള്ളി ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്ക് ഹൈക്കമാന്‍ഡ് വഴങ്ങിയത് ബിജെപി–കോണ്‍ഗ്രസ് സഖ്യത്തിന്റെ അനുഭവം ഓര്‍മിച്ചും ഉമ്മന്‍ചാണ്ടി പരസ്യസഖ്യത്തിനുതന്നെ തയ്യാറാകും എന്ന ബോധ്യത്തിലുമാണ്. ഇതാണ് കേരളത്തില്‍ മതനിരപേക്ഷതയും സമാധാനവും പുരോഗതിയും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ തിരിച്ചറിയേണ്ട പ്രധാന സംഗതി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top