25 April Thursday

രാജ്യസ്നേഹം ആരുടെയും കുത്തകയല്ല

വെബ് ഡെസ്‌ക്‌Updated: Saturday Mar 5, 2016

രാജ്യസ്നേഹം സ്വന്തം കുത്തകയായി കൊണ്ടുനടക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാര്‍. മോഡിസര്‍ക്കാരിന്റെ അടുത്ത അജന്‍ഡ അതാണെന്നുവേണം കരുതാന്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാറിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ്. ഹിന്ദുക്കളെന്നും അഹിന്ദുക്കളെന്നും ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്തുന്നു. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളുടേതുമാത്രമാണെന്നും ആര്‍എസ്എസുകാര്‍ ചിന്തിക്കുന്നു. മറ്റുള്ളവര്‍ വിരുന്നുവന്നവരാണെന്നും ഒരു അവകാശവും ഇല്ലാത്തവരാണെന്നും അവര്‍ വിരുന്നുകാരെപ്പോലെ പെരുമാറണമെന്നും ആര്‍എസ്എസ് ശഠിക്കുന്നു. അതാണ് ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന വിചാരധാര പ്രചരിപ്പിക്കുന്നത്. മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം ആഭ്യന്തരശത്രുക്കളാണെന്ന് വിചാരധാര അടിവരയിട്ട് പറയുന്നു. ഒരു വിഭാഗത്തെ രാജ്യസ്നേഹികളായും മറ്റൊരു വിഭാഗത്തെ രാജ്യദ്രോഹികളായും അവര്‍ ചിത്രീകരിക്കുന്നു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവര്‍ മാത്രമാണ് രാജ്യസ്നേഹികളെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ ഈ നിലപാടാണ് സത്യത്തില്‍ രാജ്യസ്നേഹമില്ലാത്തതിന്റെ ലക്ഷണമൊത്ത ഉദാഹരണം. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മോഡിസര്‍ക്കാര്‍ പ്രശസ്ത സര്‍വകലാശാലകളിലെ മിടുക്കന്മാരായ വിദ്യാര്‍ഥികളുടെ രാജ്യസ്നേഹമാണ് ചോദ്യംചെയ്യുന്നത്. ജെഎന്‍യുവിലെ കനയ്യ കുമാറിനെ രാജ്യദ്രോഹിയായി മുദ്രകുത്തിയാണ് ജയിലിലടച്ച് പീഡിപ്പിച്ചത്. പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം, തെറ്റായിരുന്നുവെന്ന് ഡല്‍ഹി പൊലീസ്തന്നെ ഇപ്പോള്‍ തുറന്ന് സമ്മതിച്ചു. 

സര്‍വകലാശാലവിദ്യാര്‍ഥികളെ അധിക്ഷേപിക്കാന്‍ ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്തന്നെ രംഗത്തുവന്നു. ആര്‍എസ്എസിന്റെ മുഖപ്രസിദ്ധീകരണമായ പാഞ്ചജന്യം, നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ രാഷ്ട്രീയക്കാരാണെന്നും സര്‍വകലാശാലതന്നെ ദേശവിരുദ്ധരാഷ്ട്രീയത്തിന്റെ കൂടാരമാണെന്നും വിശേഷിപ്പിച്ചു. സര്‍വകലാശാലകളില്‍ ആഗോള ഇടതുപക്ഷചിന്താഗതിക്ക് പ്രാമുഖ്യം ലഭിക്കുന്നതിനു കാരണം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന രീതിയാണെന്നും കുറ്റപ്പെടുത്തുന്നു. ദളിത് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ യഥാര്‍ഥ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കലാശാലകളില്‍ പ്രവേശിപ്പിക്കുന്നതിനെയാണ് പാഞ്ചജന്യം എതിര്‍ക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ 'ഹിന്ദുത്വദര്‍ശന'ത്തിന് എതിരാണെന്നും അവര്‍ കണ്ടെത്തുന്നു. മാതൃഭൂമിയെ സ്തുതിക്കാന്‍ ചിലരെ പഠിപ്പിക്കണമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. ജെഎന്‍യു വര്‍ഷങ്ങളായി സംഘപരിവാറിന്റെ ആശയങ്ങള്‍ക്കെതിരെയുള്ള ചിന്ത പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമാണെന്നാണ് ഭാഗവതിന്റെ ആക്ഷേപം. ജെഎന്‍യു പ്രൊഫസര്‍മാര്‍ രാമജന്മഭൂമിപ്രശ്നത്തില്‍ സംഘപരിവാറിനെതിരായ നിലപാടെടുത്തതില്‍ ഭാഗവതിന് ക്ഷോഭമുണ്ട്. പ്രസിദ്ധ ചരിത്ര പണ്ഡിതന്മാരായ എസ് ഗോപാല്‍, ബിപിന്‍ ചന്ദ്ര, കെ എന്‍ പണിക്കര്‍, റൊമില ഥാപ്പര്‍ തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശം. ചുരുക്കത്തില്‍, സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും സ്വതന്ത്രമായി ചിന്തിക്കുകയും ശാസ്ത്ര ചിന്താഗതി വളര്‍ത്തുകയും വര്‍ഗീയതയെ ചെറുക്കുകയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതിനാലാണ് ആര്‍എസ്എസിന്റെ എതിര്‍പ്പ്്. കനയ്യ കുമാര്‍ രാജ്യത്തിനെതിരായ മുദ്രാവാക്യം വിളിച്ചതായി പ്രചരിപ്പിച്ചത് ബോധപൂര്‍വമാണ്.  ആര്‍എസ്എസിന്റെ പിന്തിരിപ്പന്‍ ചിന്താഗതിയെ ശാസ്ത്രീയമായി എതിര്‍ക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഇതാണ് യഥാര്‍ഥ വസ്തുത. ആര്‍എസ്എസിന്റെ അസഹിഷ്ണുതയാണ് യഥാര്‍ഥ പ്രശ്നം.

സംഘപരിവാറിന്റെ ബുദ്ധിജീവികളെന്ന് കരുതുന്നവര്‍ക്ക് ഉല്‍പ്പതിഷ്ണുക്കളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശയപരമായി നേരിടാന്‍ കഴിയാത്തപ്പോള്‍, ഭരണാധികാരം ദുര്‍വിനിയോഗംചെയ്ത്, കേന്ദ്ര കുറ്റാന്വേഷണസംഘത്തെ ഉള്‍പ്പെടെ ഉപയോഗിച്ച് അവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടയ്ക്കുന്ന പ്രവണത പരിഷ്കൃത കാലഘട്ടത്തിന് യോജിച്ചതല്ല. അത് ഫാസിസ്റ്റ് പ്രവണതയാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

സംഘപരിവാറിന് കോര്‍പറേറ്റ് മാധ്യമങ്ങളുടെ സകല സഹായവും ലഭിക്കുന്നു എന്നത് വസ്തുതയാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജീവിതകാലം മുഴുവന്‍ ഇരുമ്പഴിക്കുള്ളില്‍ അടച്ചാല്‍, മറ്റുള്ളവര്‍ ഭയപ്പെട്ട് പിന്മാറുമെന്നാകും ധാരണ. അത് നടക്കാന്‍പോകുന്നില്ല. അസഹിഷ്ണുതയാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കനയ്യ കുമാര്‍ സ്വീകരണയോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്്.സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രശ്നം രാജ്യസ്നേഹമില്ലായ്മയോ തീവ്രവാദമോ അല്ല. വിമര്‍ശത്തെ തുറന്ന മനസ്സോടെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മോഡിസര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് യഥാര്‍ഥ പ്രശ്നം. ഇത് തിരിച്ചറിഞ്ഞെങ്കിലേ പ്രശ്നത്തെ ഗൌരവമായി കാണാനും ഫലപ്രദമായി നേരിടാനും കഴിയൂ. രാജ്യസ്നേഹം ആരുടെയും കുത്തകയല്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top