24 April Wednesday

നിർമല സീതാരാമന്റെ കരുതൽ ഇങ്ങനെയോ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020

 

എല്ലാവരുടെയും സാമ്പത്തിക വികസനം, കരുതലുള്ള സമൂഹം, ജീവിതം എളുപ്പമാക്കൽ... ധനമന്ത്രി നിർമല സീതാരാമൻ പോയവാരം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആവർത്തിച്ചു പറഞ്ഞ ചില പ്രയോഗങ്ങളും ഊന്നലുകളുമാണിത്. ബജറ്റിൽ പറഞ്ഞ ഇക്കാര്യങ്ങളോട് നിർമല സീതാരാമന് തെല്ലെങ്കിലും ആത്മാർഥതയുണ്ടോ? വാസ്‌തവത്തിൽ അങ്ങനെ എന്തെങ്കിലും ഗവൺമെന്റ് ലക്ഷ്യംവയ്ക്കുന്നുണ്ടോ? ബജറ്റിൽ സാമൂഹ്യമേഖലകളോടു സ്വീകരിച്ച സമീപനം ഒന്നുമാത്രം മതി സമൂഹത്തിന്റെ കരുതലിൽ, ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിൽ സർക്കാരിന് ഒരു താൽപ്പര്യവുമില്ലെന്ന് തിരിച്ചറിയാൻ.

സാമൂഹ്യക്ഷേമ മേഖലകളിൽനിന്ന് സർക്കാർ പിന്മാറുന്നതിന്റെ വേണ്ടുവോളം സൂചനകൾ ബജറ്റിലുണ്ട്. ഗവൺമെന്റ് പിന്മാറുന്നുവെന്ന് മാത്രമല്ല, ഈ മേഖലകളിലെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപകമാക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലാ ആശുപത്രികളിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുമെന്ന പ്രഖ്യാപനവും പൊതുവിതരണസമ്പ്രദായം ദുർബലമാക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായി കാണണം.

മാന്ദ്യം വിഴുങ്ങിയ സമ്പദ്‌വ്യവസ്ഥയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ, സാമൂഹ്യക്ഷേമ മേഖലകളെ മുമ്പെങ്ങുമില്ലാത്തവിധം പരിഗണിക്കുകയായിരുന്നു വേണ്ടത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര പദ്ധതികൾ, തൊഴിലുറപ്പ്, മറ്റു സാമൂഹ്യസുരക്ഷാ പരിപാടികൾ എന്നിവയ്‌ക്കെല്ലാം പണം അധികമായി വകയിരുത്തണമായിരുന്നു. പക്ഷേ, ഗ്രാമീണവികസന പദ്ധതികൾക്കുള്ള പണംപോലും വെട്ടിക്കുറച്ചു. 2019-–-20ലെ ബജറ്റിൽ ഈ മേഖലയ്‌ക്ക് 1.22 ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നെങ്കിൽ ഇത്തവണ 1.20 ലക്ഷം കോടി മാത്രം.

സാമൂഹ്യക്ഷേമ മേഖലകളിൽ ബജറ്റ് ഊന്നൽ നൽകിയാൽ ഗ്രാമീണ സാമ്പത്തികമേഖലയ്‌ക്ക് ഉത്തേജനം നൽകാം. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാം. പക്ഷേ, ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ബജറ്റ് തരിമ്പും പരിഗണിച്ചില്ല

ഗ്രാമീണമേഖലകളിൽ രൂക്ഷമായ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും അതുമൂലം കമ്പോളത്തിലെത്തുന്ന സാധനങ്ങൾ വാങ്ങാൻ ആളില്ലാത്ത (ഡിമാൻഡില്ല) സാഹചര്യവും രാജ്യം നേരിടുന്ന വലിയ പ്രശ്നമാണ്. അപ്പോൾ, ജനങ്ങളുടെ ക്രയശേഷി (വാങ്ങൽ കഴിവ്) വർധിക്കണം. അങ്ങനെ ഡിമാൻഡ് കൂടണം. സാമൂഹ്യക്ഷേമ മേഖലകളിൽ ബജറ്റ് ഊന്നൽ നൽകിയാൽ ഗ്രാമീണ സാമ്പത്തികമേഖലയ്‌ക്ക് ഉത്തേജനം നൽകാം. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാം. പക്ഷേ, ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ബജറ്റ് തരിമ്പും പരിഗണിച്ചില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും പൊതുവിതരണ സംവിധാനവും ഗ്രാമീണമേഖലയെ ചലിപ്പിക്കാൻ കഴിയുന്ന രണ്ടു പ്രധാന മേഖലകളാണ്. പാവപ്പെട്ടവർക്ക് തൊഴിലും ഭക്ഷണവും ഉറപ്പുനൽകാൻ കഴിയുന്ന രണ്ട് മേഖല. എന്നാൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 2020-–-21 ലെ ബജറ്റിൽ അനുവദിച്ചത് 61,000 കോടി രൂപ മാത്രം. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ നിരക്കിനെ അപേക്ഷിച്ച് 10,000 കോടി കുറഞ്ഞു. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ കണക്ക് 71,000 കോടി രൂപയായിരുന്നു. തൊഴിലുറപ്പു തൊഴിലാളികൾക്ക് വർഷം 100 ദിവസമെങ്കിലും തൊഴിൽ നൽകാനും ചെയ്ത ജോലിയുടെ കൂലി കൊടുക്കാനും തയ്യാറാകാത്ത കേന്ദ്ര സർക്കാർ ബജറ്റ് വിഹിതവും വെട്ടിക്കുറച്ചിരിക്കുന്നു.

ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചത് 1.11 ലക്ഷം കോടി. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ തുകയേക്കാൾ നേരിയ വർധന മാത്രം

രാജ്യത്ത് തൊഴിലില്ലായ്മയ്‌ക്കൊപ്പം പട്ടിണിയും രൂക്ഷമാണ്. ഇതിനു പുറമെയാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തലാണ് ഇതിനൊരു പരിഹാരം. റേഷൻ കടകൾ വ്യാപകമാക്കണം. പാവപ്പെട്ടവർക്ക് നൽകുന്ന അരിയുടെയും മറ്റു ഭക്ഷ്യസാധനങ്ങളുടെയും അളവ് കൂട്ടണം. ഇതിനൊന്നും ബജറ്റിൽ കൂടുതൽ പണം അനുവദിച്ചില്ല. ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചത് 1.11 ലക്ഷം കോടി. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ തുകയേക്കാൾ നേരിയ വർധന മാത്രം. പുതുക്കിയ തുക 1.08 ലക്ഷം കോടിയായിരുന്നു. ഇപ്പോൾ അനുവദിച്ചത് മതിയായൊരു തുകയല്ല.

ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. കൊട്ടിഘോഷിച്ച് പറയുന്ന ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ജൻ ആരോഗ്യയോജന എന്നിവയ്ക്ക് അനുവദിച്ചത് കഴിഞ്ഞ ബജറ്റിലെ അതേ തുക തന്നെ–-- 6400 കോടി. പുതുക്കിയ നിരക്കിൽ അത് കുറയ്ക്കുകയും ചെയ്തിരുന്നു. പോഷൻ അഭിയാൻ പദ്ധതിക്ക് 300 കോടി മാത്രം.

മൊത്തത്തിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്‌ക്ക് തുക വർധിച്ചതായി ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും വിലക്കയറ്റനിരക്ക് പരിഗണിച്ചാൽ യഥാർഥത്തിൽ ഈ വർധനയില്ലെന്ന് വ്യക്തമാകും. സാമൂഹ്യസുരക്ഷാ പെൻഷനുകൾ, അങ്കണവാടി പദ്ധതികൾ, സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി എന്നിവയ്‌ക്കും കാര്യമായ ബജറ്റ് സഹായമില്ല. ഇവയ്‌ക്കെല്ലാം 2019--–-20ലെ ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞ തുക പുതുക്കിയ കണക്കിൽ കുറച്ചു. ഇപ്പോഴും അതുതന്നെയാകും സ്ഥിതി.

സാമൂഹ്യക്ഷേമ മേഖലകളെ ഇത്തരത്തിൽ പാടേ അവഗണിച്ച ബജറ്റിൽ എല്ലാവരുടെയും സാമ്പത്തിക വികസനവും സമൂഹത്തിന്റെ കരുതലും ഉറപ്പാക്കുമെന്നൊക്കെ നിർമല സീതാരാമൻ പറഞ്ഞത് വെറും ആലങ്കാരിക പ്രയോഗങ്ങൾ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top