08 May Wednesday

സംസ്ഥാനങ്ങളെ ഞെരുക്കാൻ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ധനപരമായ ആവശ്യങ്ങളിൽ കൂടുതൽ ഉദാരമായ നിലപാടാണ് കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾ പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ പുരോഗതിക്ക് ഇത് അനിവാര്യം. എന്നാൽ, ഉദാരസമീപനത്തിനുപകരം സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാലോ? അതാണ് ഇപ്പോൾ സംഭവിക്കുന്നത്.

രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) സമ്പ്രദായം നടപ്പാക്കിയതിനെത്തുടർന്ന് സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിലുണ്ടാകുന്ന കുറവിന് നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി എല്ലാ സംസ്ഥാനവും അംഗീകരിച്ചത്. എന്നാൽ, നഷ്ടപരിഹാരമായി നൽകേണ്ട കോടിക്കണക്കിന് രൂപ കേന്ദ്രം നൽകുന്നില്ല. ഇത്  സംസ്ഥാനങ്ങളെ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ, ജിഎസ്ടി കൗൺസിൽ അടിയന്തരമായി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ബുധനാഴ്ച കേന്ദ്ര ധനമന്ത്രിയെ കാണുന്നതിന് വലിയ പ്രാധാന്യമുണ്ട്. കേരള ധനമന്ത്രി തോമസ് ഐസക് ധനമന്ത്രിമാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഈ നീക്കം. ഛത്തിസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ്‌  ഗൗരവമായ പ്രശ്നത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുന്നത്. ജിഎസ്ടി നിലവിൽ വന്നതോടെ നികുതികൾ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടു. ഇപ്പോൾ, ജിഎസ്ടി തന്നെയാണ് പ്രധാന വരുമാനം. അതുകൊണ്ടുതന്നെ, ജിഎസ്ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിച്ചേ മതിയാകൂ. ആഗസ്‌തിലേയും സെപ്തംബറിലേയും നഷ്ടപരിഹാരം ഒക്ടോബറിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നു. കേരളത്തിന് 1600 കോടിയോളം രൂപ.

നഷ്ടപരിഹാരം നൽകാത്തത് കേന്ദ്രത്തിന്റെ മനഃപൂർവമായ ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന് തോമസ് ഐസക് അടക്കമുള്ള ഏതാനും ധനമന്ത്രിമാർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ഒക്ടോബറിലേയും നവംബറിലേയും കൂട്ടിയാൽ 3000 കോടി കവിയും. പഞ്ചാബിന് 4100 കോടി, ഡൽഹിക്ക് 2,355 കോടി, പശ്ചിമ ബംഗാളിന് 1500 കോടി...  എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള തുക. നഷ്ടപരിഹാരം നൽകാത്തത് കേന്ദ്രത്തിന്റെ മനഃപൂർവമായ ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന് തോമസ് ഐസക് അടക്കമുള്ള ഏതാനും ധനമന്ത്രിമാർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി കേന്ദ്രം ഏർപ്പെടുത്തിയ സെസിൽനിന്ന്  കാര്യമായി പണം ലഭിക്കുന്നില്ല.  സാമ്പത്തികമാന്ദ്യം രൂക്ഷമായി തുടരുന്നതിനാൽ ഈ സ്ഥിതിയിൽ ഇനി ഉടൻ മാറ്റമുണ്ടാകാനിടയുമില്ല. അതുകൊണ്ട് നഷ്ടപരിഹാര പാക്കേജ് പൊളിച്ചെഴുതുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽത്തന്നെ ധന കമീഷണർ ഇങ്ങനെയൊരു സൂചന നൽകിയിരുന്നു. എല്ലാ ധനമന്ത്രിമാരും ഒറ്റക്കെട്ടായി എതിർത്തതിനെത്തുടർന്ന് അന്നത് നടന്നില്ല. ഇപ്പോൾ, നഷ്ടപരിഹാരം വൈകിക്കുന്നത് പാക്കേജ് പൊളിക്കാനുള്ള സമ്മർദതന്ത്രമാകാം. എന്തായാലും തുക ലഭിക്കാൻ വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കാനും ധനമന്ത്രിമാർ ആലോചിക്കുന്നുണ്ട്. ബുധനാഴ്ച കേന്ദ്ര ധനമന്ത്രി സീതാരാമൻ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാകും അത്.

കേരളത്തിൽ ഒരു മാസം ശമ്പളവും പെൻഷനും നൽകാൻ 4,300 കോടിയോളം രൂപ വേണം. ഇതിനുപുറമെ 46.9 ലക്ഷം ആളുകൾക്ക് സംസ്ഥാന സർക്കാർ നേരിട്ട് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. ഇതുകൂടാതെ, ക്ഷേമനിധിയിൽ അംഗങ്ങളായ ആറരലക്ഷം ഗുണഭോക്താക്കൾക്കും പെൻഷൻ നൽകുന്നു. 1200 രൂപവീതം 53.4 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകാൻ 7706 കോടിയോളം രൂപ വേണം. ജിഎസ്ടി നഷ്ടപരിഹാരമൊന്നും കൃത്യമായി നൽകാതെ കേന്ദ്രം ശ്വാസം മുട്ടിച്ചിട്ടും ഇതൊക്കെ ഇവിടെ കൃത്യമായി നടക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റ്‌ കൊണ്ടാണ്. ഫലപ്രദമായ വിഭവസമാഹരണം, കൃത്യമായ ആസൂത്രണം, ചടുലമായ നിർവഹണം, മേൽനോട്ടത്തിലെ ജാഗ്രത, സൂക്ഷ്മമായ ഏകോപനം എന്നിവയാണ്  ഈ  സർക്കാരിന്റെ മികവ്. ഈ മികവില്ലായിരുന്നുവെങ്കിൽ കേന്ദ്രത്തിന്റെ നിലപാടുകൾക്കുമുന്നിൽ അടിപതറുമായിരുന്നു.

ബദൽ വഴികളിലൂടെ ഇതിനെയെല്ലാം മാതൃകാപരമായി ചെറുത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വികസനവും ജനക്ഷേമവും ഫലപ്രദമായി നടപ്പാക്കുന്നത്

പ്രളയമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന ആവശ്യംപോലും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നത് ഇതോടൊപ്പം കാണണം. മാത്രമല്ല, ട്രഷറി സേവിങ്സ് ബാങ്കിലുണ്ടാകുന്ന നിക്ഷേപവർധനയടക്കം വായ്പയായി കണക്കാക്കി അംഗീകൃതവായ്പ വെട്ടിച്ചുരുക്കുന്ന നിലപാടും കേന്ദ്രം സ്വീകരിക്കുന്നു. സുഹൃദ് രാജ്യങ്ങൾ വാഗ്ദാനംചെയ്‌ത സഹായംപോലും തടയുകയായിരുന്നു കേന്ദ്രം. ബദൽ വഴികളിലൂടെ ഇതിനെയെല്ലാം മാതൃകാപരമായി ചെറുത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വികസനവും ജനക്ഷേമവും ഫലപ്രദമായി നടപ്പാക്കുന്നത്. സംസ്ഥാനത്തിന് അർഹമായ ജിഎസ്ടി നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് മറ്റ്‌ ധനമന്ത്രിമാരെക്കൂടി അണിനിരത്തി സംസ്ഥാനം മുൻകൈയെടുക്കുന്നതും ഒരു ബദൽ മാർഗംതന്നെ. അത്‌ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഈ കൂട്ടായ്‌മ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top