24 April Wednesday

സമ്പദ്‌വ്യവസ്ഥയുടെ രോഗം മൂർച്ഛിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2019



മാന്ദ്യം വിഴുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം വീണ്ടും വീണ്ടും വഷളാകുന്നുവെന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുന്ന നടപടികളാകട്ടെ സമ്പദ്‌വ്യവസ്ഥയെ കൂട്ടക്കുഴപ്പത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. രാജ്യത്തിന്റെ നട്ടെല്ലായ അടിസ്ഥാന വ്യവസായങ്ങളിൽ തുടരുന്ന തകർച്ച, ചരക്കുസേവന നികുതി വരുമാനത്തിലെ ഇടിവ്, കാർ വിൽപ്പനയിൽ പിന്നോട്ടടി, ഫാക്ടറി മേഖലകളിലാകെ ഉൽപ്പാദനത്തിൽ കുറവ്, ഒട്ടേറെ കമ്പനികളുടെ ഓഹരിവിലയിൽ വൻ ഇടിവ് എന്നിവയാണ് പ്രതിസന്ധി ആഴത്തിൽ തുടരുന്നതിന്റെ സൂചനയായി ഒടുവിൽവന്ന റിപ്പോർട്ടുകൾ.

കൽക്കരി, ഉരുക്ക്, വളം, വൈദ്യുതി, എണ്ണ ശുദ്ധീകരണം തുടങ്ങി എട്ട്‌ വ്യവസായമടങ്ങുന്ന അടിസ്ഥാനമേഖലയിൽ വലിയ തകർച്ചയായിരുന്നു ഈ ആഗസ്തിൽ രേഖപ്പെടുത്തിയത്. (0.5 ശതമാനം ന്യൂനവളർച്ച). അതിൽനിന്ന് ഈ വ്യവസായങ്ങൾക്ക് ഇനിയും കരകയറാനായിട്ടില്ല. ചരക്കുസേവന നികുതി വരുമാനം സെപ്തംബറിൽ 91,916 കോടിയായി കുറഞ്ഞു. ആഗസ്‌തിൽ 98,202 കോടിയായിരുന്നു.  ഒരു ലക്ഷംകോടി കവിഞ്ഞില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ ഒരു മാറ്റവുമില്ലെന്ന് ഉറപ്പിക്കാം. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി- സുസുകിയുടെ സെപ്തംബറിലെ വിൽപ്പന 24.4 ശതമാനം ഇടിഞ്ഞു. 2018 സെപ്തംബറിൽ 1.62 ലക്ഷം യൂണിറ്റ് കാറുകൾ വിറ്റെങ്കിൽ ഈ സെപ്തംബറിൽ വിറ്റത് 1.22 ലക്ഷം യൂണിറ്റ്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈയിൽ വ്യവസായ കേന്ദ്രത്തിൽനിന്നുള്ള റിപ്പോർട്ടുകളും സമാനം. ഉത്സവകാലമായിട്ടും ഓർഡർ ബുക്കിങ് 40 ശതമാനം കുറഞ്ഞു. മുംബൈ ഓഹരി വിപണിയിലെ മുഖ്യസൂചികയായ സെൻസെക്‌സിൽ ഉൾപ്പെട്ട 500 കമ്പനിയിൽ പകുതിയോളം എണ്ണത്തിന്റെ ഓഹരിവില ഇടിഞ്ഞിരിക്കുകയാണെന്ന് ‘ബിസിനസ് സ്റ്റാൻഡേർഡ് ' പത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോർപറേറ്റ് മേഖലയ്‌ക്ക് നികുതിയിളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിൽ മുന്നേറ്റം ഉണ്ടായിരുന്നു. അതവസാനിച്ചു. ഇതെല്ലാം വെളിപ്പെടുത്തുന്നത് സാമ്പത്തിക രംഗമാകെ മരവിച്ചുകിടക്കുന്നു എന്നുതന്നെ. ജനങ്ങളുടെ തൊഴിലും വരുമാനവും വർധിക്കുന്നില്ല. ക്രയശേഷി കൂടുന്നില്ല. കാർഷികമേഖലയിലേയും അനൗപചാരിക മേഖലകളിലേയും ഉൽപ്പാദന, വിലത്തകർച്ചയുടെ പ്രശ്നങ്ങൾ അങ്ങനെതന്നെ തുടരുന്നു.

ഈ അടിസ്ഥാന യാഥാർഥ്യങ്ങളൊന്നും കാണാതെ, കോർപറേറ്റ് മേഖലയെമാത്രം ലക്ഷ്യമിട്ട് ഗവൺമെന്റ് പ്രഖ്യാപിക്കുന്ന നടപടികൾ വാസ്‌തവത്തിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചത് സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കും. ജിഎസ്ടി വരുമാനം കുറഞ്ഞതും പ്രശ്നമാകും. കോർപറേറ്റ് നികുതി കുറച്ചതുവഴി സർക്കാരിന് നഷ്ടപ്പെടുന്നത് 1.45 ലക്ഷം കോടിരൂപ. അത്രയും ധനകമ്മി വർധിക്കും. നടപ്പുവർഷത്തെ ബജറ്റിൽ ലക്ഷ്യമായി പ്രഖ്യാപിച്ച 7.03 ലക്ഷം കോടിരൂപയുടെ ധനകമ്മി  ഈയൊറ്റ നടപടിയിലൂടെമാത്രം 8.48 ലക്ഷം കോടിയായി വർധിക്കും.

അതായത്, ധനകമ്മി കൂടുന്നത്, വരുമാനം കുറയുന്നത് സർക്കാരിന്റെ നടപടി കൊണ്ടുതന്നെ. വരുമാനം വർധിപ്പിച്ച് പൊതുമുതൽമുടക്ക് വർധിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെ ഇല്ലാതാകുന്നത്. പൊതുമുതൽമുടക്ക് ഇല്ലാതാക്കലും സർക്കാരിന്റെ വരുമാനം കുറയ്‌ക്കലും നവലിബറൽ  അജൻഡതന്നെ.  ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയും റിസർവ് ബാങ്കിന്റെ പണം  അപഹരിക്കലുമാണ് വരുമാന നഷ്ടം പരിഹരിക്കാൻ മോഡി ഭരണം കണ്ടുവച്ചിട്ടുള്ള എളുപ്പവഴികൾ. ഇന്ത്യയുടെ മഹാരത്ന കമ്പനിയായ ഭാരത് പെട്രോളിയം കമ്പനിപോലും വിറ്റഴിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നു.  റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽനിന്ന് 1.76 ലക്ഷം കോടിരൂപ വാങ്ങാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. കൂടാതെ, ലാഭവിഹിതത്തിൽനിന്ന് 30,000 കോടി വേണമെന്ന് സെപ്തംബറിൽ അവസാനം ആവശ്യപ്പെട്ടു. ചുരുക്കത്തിൽ സർക്കാർ പ്രഖ്യാപിക്കുന്ന നടപടികൾ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനല്ല, പൊതുമേഖലയെയും റിസർവ് ബാങ്കിനെയുമൊക്കെ തകർക്കാനാണ്.

റിസർവ് ബാങ്ക്  ഫെബ്രുവരിമുതൽ റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചിട്ടും ബാങ്കു വായ്‌പകളിൽ കാര്യമായ വർധനയുണ്ടാകുന്നില്ലെന്നതും മാന്ദ്യം പരക്കെ വ്യാപിച്ചതിന്റെ തെളിവാണ്. ഇതൊന്നും പരിഗണിക്കാതെ പ്രഖ്യാപിക്കുന്ന പരിഹാര പാക്കേജുകൾ  രോഗം കണ്ടറിഞ്ഞല്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ രോഗം മൂർച്ഛിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top