26 April Friday

മാധ്യമങ്ങളിലെ വർഗീയത

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021


ബിജെപിക്ക്‌ പാർലമെന്റിൽ രണ്ട്‌ സീറ്റ്‌ മാത്രം ഉണ്ടായപ്പോഴും മാധ്യമങ്ങളിൽ മൂന്നിൽരണ്ട്‌ ഭൂരിപക്ഷമായിരുന്നെന്ന പി സായ്‌നാഥിന്റെ കണ്ടെത്തൽ. ടെലിവിഷൻ സ്‌ക്രീനിലൂടെ ഹിന്ദുത്വ രാഷ്ട്രീയം വേരുറയ്ക്കാൻ തുടങ്ങിയതിന്റെ ആദ്യ നാളുകൾ വിവരിച്ച അരവിന്ദ്‌ രാജഗോപാലിന്റെ പഠനം. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിൽ ആനന്ദംകൊള്ളുന്ന നവമാധ്യമങ്ങളിലെ ഇസ്ലാമിക വിഭാഗങ്ങൾ. അതേക്കുറിച്ച്‌ നടൻ നസ്‌റുദീൻ ഷാ പുറപ്പെടുവിച്ച പ്രസ്‌താവന. കൂട്ടായ്‌മയും സഹവർത്തിത്വവും പരസ്‌പര ബഹുമാനവും തകർക്കുന്നനിലയിലേക്ക്‌ വളർന്ന അപകടകരങ്ങളായ രീതികളെ തുറന്നുകാട്ടി പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായ അഭിപ്രായം സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്‌.

ഒരുകൂട്ടം  മാധ്യമങ്ങൾ എല്ലാത്തിലും വർഗീയതയുടെ നിറംപകരാൻ ശ്രമിക്കുകയാണെന്നും അത്‌ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്‌ ദുഷ്‌പേരുണ്ടാക്കുമെന്നുമായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. കോവിഡ്‌ –-19ന്റെ ഒന്നാം തരംഗവേളയിൽ ഡൽഹി നിസാമുദീൻ മർക്കസിൽ തബ്‌ലീഗ്‌ ജമാഅത്ത്‌ സമ്മേളനം ചേർന്നതിനെ ചില മാധ്യമങ്ങൾ വർഗീയമായി ചിത്രീകരിച്ചത് ചോദ്യചെയ്ത ഹർജി പരിഗണിക്കവെ വ്യാഴാഴ്‌ചയായിരുന്നു പ്രസക്തമായ ആ നിരീക്ഷണം. രാജ്യമാകെ കോവിഡ് മഹാമാരി പടരാൻ കാരണം 2020 മാർച്ച്‌ 13 മുതൽ 24 വരെ ചേർന്ന തബ്‍ലീഗ് സമ്മേളനമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. കൊറോണ വൈറസ്‌  വാഹകരായത് തബ്‍ലീഗ് പ്രവർത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. അത്തരം വായ്‌ത്താരികൾക്ക്‌ വമ്പൻ പ്രാധാന്യം നൽകാനും മാധ്യമങ്ങൾ ദുരുപയോഗിക്കപ്പെട്ടു.

രാജ്യത്തെ പല നിലവാരത്തിലുള്ള വാർത്താ പോർട്ടലുകൾക്ക്‌ ഒരു നിയന്ത്രണവുമില്ല. സമൂഹമാധ്യമ കമ്പനികളും ഗ്രൂപ്പുകളും ശക്തിയും  സ്വാധീനശക്തിയുമുള്ള ആളുകൾക്കു മാത്രമേ ചെവികൊടുക്കുന്നുള്ളൂ.  ജഡ്‌ജിമാരും  സാധാരണക്കാരും  പൊതുസ്ഥാപനങ്ങളും പറയുന്നത്‌ കേൾക്കാറില്ലെന്നു മാത്രമല്ല, തീരെ വകവയ്‌ക്കാറുമില്ല. ട്വിറ്ററും ഫെയ്സ്‌ ബുക്കും യു ട്യൂബും സുപ്രീംകോടതിയുടെ  ആരായലുകൾക്ക്‌ നേരെപ്പോലും പ്രതികരിക്കാറില്ലെന്നതും സൂചിപ്പിക്കണം. പല സ്ഥാപനത്തെയും വളരെ മോശമായി ചിത്രീകരിച്ചത് തങ്ങളുടെ  അവകാശമെന്നാണ്‌ വാദം –- ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ കാലദൈർഘ്യത്തിനുള്ളിൽ ഒട്ടേറെ  കാര്യമാണ്‌ യു ട്യൂബിലും മറ്റും വരികയും പോകുകയും ചെയ്യുന്നത്‌. വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്‌ ചുറ്റും. വെബ്‌ പോർട്ടലുകൾക്ക്‌ നിയന്ത്രണച്ചട്ടമോ സാമൂഹ്യബാധ്യതയോ  നിഷ്‌കർഷിക്കാനാകാത്തതിനാൽ വാർത്തകൾക്ക്‌ വർഗീയനിറം നൽകുന്നത്‌ മറ്റൊരു  പ്രശ്‌നമാണ്‌–- ചീഫ്‌ ജസ്റ്റിസ്‌ വിശദീകരിച്ചു. ഫെയ്‌സ്‌ ബുക്ക്‌ നൽകിയ ഹർജി കേൾക്കവേ  2019 സപ്‌തംബർ 24ന്‌ സുപ്രീംകോടതി സമൂഹമാധ്യമങ്ങൾ കുറ്റകൃത്യങ്ങളുടെ കളിസ്ഥലമായി മാറുന്നതു സംബന്ധിച്ച്‌ ഉൽക്കണ്‌ഠ രേഖപ്പെടുത്തുകയുണ്ടായി. അശ്ലീലതയുടെ സ്രോതസ്സായി അവ മാറ്റപ്പെടുകയാണെന്നും വിലയിരുത്തി.

ജനാധിപത്യവും മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വമെന്ന വിശാല സങ്കൽപ്പവും  പുതിയ മാധ്യമസന്നാഹങ്ങൾ ദുർബലമാക്കുകയാണ്‌. കുട്ടികളെയും സ്‌ത്രീകളെയും ദളിത്‌, പിന്നോക്ക‐ ന്യൂനപക്ഷ വിഭാഗങ്ങളെയും മോശമായി ചിത്രീകരിക്കുന്ന ചിലർ എല്ലാത്തിലും വർഗീയതയുടെയും വിഭാഗീയതയുടെയും ശത്രുതയുടെയും ചേരുവകൾ സമർഥമായി ചേർത്തുവയ്‌ക്കുന്നുമുണ്ട്‌. ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമര സേനാനികളെയുംപോലും  വെറുതെവിടുന്നില്ല. നാലര നൂറ്റാണ്ട്‌ മതസൗഹാർദത്തിന്റെ പ്രതീകമായി നിലകൊണ്ട ബാബ്‌റി മസ്‌ജിദ്‌ തകർത്ത്‌ സംഘപരിവാരം കാവിക്കൊടി ഉയർത്തിയപ്പോൾ നിരുത്തവാദപരമായി  പെരുമാറിയ ചില  മാധ്യമങ്ങളെ പ്രസ്‌ കൗൺസിലിന്‌ വിമർശിക്കേണ്ടിയുംവന്നു. ഗുജറാത്ത്‌ വംശഹത്യയുടെ നാളുകളിലും സ്ഥിതി സമാനമായിരുന്നു. വിവിധ മതത്തിന്റെ പേരിൽ അക്രമാസക്തമാകുന്ന ഭീകരസംഘടനകളും മാഫിയകളും സ്‌ത്രി‐ബാലപീഡകരും കച്ചവടക്കണ്ണുള്ള ഉൽപ്പന്നപ്രചാരകരും സമൂഹ മാധ്യമങ്ങളെ തങ്ങളുടെ ആയുധങ്ങളിലൊന്നായി മൂർച്ചകൂട്ടിക്കൊണ്ടിരിക്കുന്നതും വലിയ ആപത്താണ്‌. ബ്ലാക്ക്‌മെയിൽ സാധ്യതയും വിപുലമായുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌  സുപ്രീംകോടതിയുടെ മുന്നറിയിപ്പ്‌  ശ്രദ്ധേയമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top