25 April Thursday

ഇന്ത്യൻ സമ്പദ് വ്യവസ്ഥ വൻ തകർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


അവകാശവാദങ്ങളുടെ പെരുമ്പറകൊട്ടൽ നിലച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം അളക്കുന്ന എല്ലാ സൂചകങ്ങളും പതിറ്റാണ്ടുകൾക്കിടയിലെ വൻ തകർച്ച രേഖപ്പെടുത്തുകയാണ്. ഗ്രാമ, നഗരങ്ങളെ സാമ്പത്തികമാന്ദ്യം പൂർണമായും വിഴുങ്ങി. അഞ്ചുരൂപമാത്രം വിലയുള്ള പാർലെ ബിസ്‌കറ്റുപോലും വിറ്റഴിയാത്ത, വാങ്ങാനാളില്ലാത്ത സാഹചര്യം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞു. ഒടുവിൽ, സെപ്തംബർ രണ്ടിന് കേന്ദ്ര സ്ഥിതിവിവര കണക്ക് മന്ത്രാലയം പറയുന്ന കണക്കനുസരിച്ചുതന്നെ  അടിസ്ഥാനവ്യവസായങ്ങളുടെ വളർച്ച വെറും 2.1 ശതമാനമായി കുത്തനെ താഴോട്ടുപോന്നു. അതെ, ഇന്ത്യ നിശ്ചലമാകുകയാണ്, പാപ്പരാകുകയാണ്. റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അടിച്ചുമാറ്റിയത് പാപ്പരായതിന്റെ വലിയ തെളിവാണ്.

കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, വൈദ്യുതി, റിഫൈനറി ഉൽപ്പന്നങ്ങൾ, രാസവളം, ഉരുക്ക്, സിമന്റ് എന്നിവയാണ് അടിസ്ഥാനവ്യവസായങ്ങൾ. മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ അടിസ്ഥാനവ്യവസായങ്ങളുടെ പങ്കാളിത്തം 40.27 ശതമാനംവരും. അപ്പോൾ, ഈ മേഖല തകരുന്നുവെന്നാൽ രാജ്യത്തിന്റെ നട്ടെല്ലുതന്നെ ഒടിയുന്നുവെന്ന് കണക്കാക്കാം. 2018 ജൂലൈയിൽ 7.3 ശതമാനം വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 2.1 ശതമാനമായി ഇടിഞ്ഞത്. ഇതോടൊപ്പം, വാഹനവിൽപ്പനയും തുടർച്ചയായ നാലാം മാസവും പിന്നോട്ടടിച്ചു. ഇന്ത്യയിലെ കാർവിപണിയുടെ പകുതിയും കൈയടക്കിയിട്ടുള്ള മാരുതി സുസുകിയുടെ വിൽപ്പന 39 ശതമാനം കുറഞ്ഞു. ഹോണ്ടയ്‌ക്ക്‌ 51 ശതമാനവും ടാറ്റയ്‌ക്ക് 58 ശതമാനവും വിൽപ്പന ഇടിഞ്ഞു. ഇതിനെല്ലാം പുറമെ, സമ്പദ് വ്യവസ്ഥയുടെ അനൗപചാരികമേഖലകളും കാർഷികമേഖലയും ചെറുകിട-–- ഇടത്തരം വ്യവസായമേഖലയുമെല്ലാം തകർന്നുകിടക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ അടുത്തിടെ പറഞ്ഞത്.

ഇപ്പോൾ, എവിടെയും കേൾക്കുന്നത് ‘സ്ലോഡൗൺ' (മാന്ദ്യം അഥവാ പിന്നോട്ടടി) എന്നുമാത്രം.  മാധ്യമങ്ങളിലാകെ മാന്ദ്യത്തിന്റെ വാർത്തകൾ

ഈയൊരു സാഹചര്യത്തിൽ മോഡിയും ബിജെപിയും രാജ്യത്ത് നടത്തിയ അവകാശവാദങ്ങളുടെ ഘോഷയാത്രകളും മുദ്രാവാക്യങ്ങളും ഓർക്കേണ്ടതുണ്ട്. ഈ ജൂലൈയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അവകാശപ്പെട്ടിരുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്കകത്തും പുറത്തും ആർത്തുവിളിച്ച് നടന്നതും അഞ്ചു വർഷത്തിനകം രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്നാണ്. ഇതിനിടയിലാണ് ആഭ്യന്തരോൽപ്പാദനം അഞ്ചു ശതമാനംമാത്രമായി മൂക്കുകുത്തി വീണത്. ഇപ്പോൾ, അഞ്ചുലക്ഷം കോടി ഡോളർ വാദം കേൾക്കാനില്ല. ‘ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ' എന്നായിരുന്നു ഇതിനു മുന്നേ കൊട്ടിഘോഷിച്ചിരുന്നത്.  മേക്ക് ഇൻ ഇന്ത്യ, ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്‌ ഇന്ത്യ, സ്‌കിൽ ഇന്ത്യ എന്നെല്ലാം 2014 മുതൽ മോഡി പറഞ്ഞുനടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ, എവിടെയും കേൾക്കുന്നത് ‘സ്ലോഡൗൺ' (മാന്ദ്യം അഥവാ പിന്നോട്ടടി) എന്നുമാത്രം.  മാധ്യമങ്ങളിലാകെ മാന്ദ്യത്തിന്റെ വാർത്തകൾ.

മാന്ദ്യം രൂക്ഷമായതോടെ ജനലക്ഷങ്ങളുടെ തൊഴിലും വരുമാനവുമാണ് നഷ്ടപ്പെടുന്നത്. വാഹനവ്യവസായമേഖലതന്നെ ഏറ്റവും പ്രധാന ഉദാഹരണം. കാർവിൽപ്പന 19 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. വിൽപ്പന കുറഞ്ഞപ്പോൾ വാഹനവ്യവസായത്തിൽ  30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പാർലെ ബിസ്‌കറ്റ്‌ 10,000 തൊഴിലാളികളെ പിരിച്ചുവിട്ടു. ടെക്‌സ്‌റ്റൈൽമേഖലയിൽ തമിഴ്നാട്ടിൽ 25 മിൽ പൂട്ടി. കോയമ്പത്തൂരിലും തിരുപ്പുരിലുമെല്ലാം തുണിവ്യവസായം തകർന്നു. തമിഴ്‌നാട്,  കർണാടകം, പഞ്ചാബ്, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽ  എത്രയോ ചെറുകിട വ്യവസായ യൂണിറ്റുകൾ ഇതിനകം അടച്ചു.

നോട്ടു നിരോധനവും ചരക്ക് സേവന നികുതിയും. രണ്ടും ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളും നേരിട്ടിടപെടുന്ന അനൗപചാരിക സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞു

എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം? സാമ്പത്തിക പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിന്മാറി, എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്ത് 1991 മുതൽ ആരംഭിച്ച നവലിബറൽ സാമ്പത്തികനയമാണ് അടിസ്ഥാന പ്രശ്നം. കമ്പോളത്തിൽ എന്തുണ്ടായിട്ടും കാര്യമില്ല. അത് വാങ്ങാൻ ജനങ്ങളുടെ കൈയിൽ പൈസവേണം. അതിന് തൊഴിൽവേണം, വരുമാനംവേണം. നവലിബറൽ നയത്തിൽ ഇത് പരിഗണിക്കുന്നേയില്ല. കോൺഗ്രസ് തുടങ്ങിയ ഈ നയം ബിജെപി  ശക്തിയായി നടപ്പാക്കുകയാണ്. ഇത് പ്രതിസന്ധിയുടെ ഒരു കാരണമെങ്കിൽ മോഡി സർക്കാർ സമ്പദ് വ്യവസ്ഥയ്‌ക്ക് ഏൽപ്പിച്ച രണ്ട് കനത്ത പ്രഹരമാണ് മറ്റൊരു പ്രധാന കാരണം.  നോട്ടു നിരോധനവും ചരക്ക് സേവന നികുതിയും. രണ്ടും ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളും നേരിട്ടിടപെടുന്ന അനൗപചാരിക സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞു.

അതിന്റെ വലിയ പ്രത്യാഘാതത്തിൽനിന്ന് ഇനിയും കരകയറാനായിട്ടില്ല. നോട്ട് നിരോധനമുണ്ടായപ്പോൾ കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കടക്കം രാജ്യത്തെയും പുറത്തെയും ഒട്ടേറെ സാമ്പത്തിക വിദഗ്ധർ നൽകിയ മുന്നറിയിപ്പ് സമ്പദ് വ്യവസ്ഥയിലുണ്ടാകാൻ പോകുന്ന ഈ മാന്ദ്യത്തെക്കുറിച്ചായിരുന്നു.
ഇപ്പോൾ, സർക്കാരും കോർപറേറ്റ് മുതലാളിമാരും മാന്ദ്യഭീതിയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഓരോ ദിവസവും നടത്തുന്ന പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, പ്രഖ്യാപിക്കുന്നതെല്ലാം കോർപറേറ്റ് മേഖലയ്‌ക്കും വിദേശ മൂലധനത്തിനും ധനികർക്കുമുള്ള ഇളവുകൾ. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ഒന്നുമില്ല. അതിന് നയം തിരുത്തണം. പൊതുമുതൽമുടക്ക് വർധിക്കണം. ബാങ്ക് വായ്‌പകൾ ഉൽപ്പാദനമേഖലകളിലേക്ക് എത്തണം. തൊഴിലും വരുമാനവും കൂടണം. ഈ വഴിക്ക് സർക്കാർ നീങ്ങുമോ എന്നതാണ് പ്രശ്നം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top