16 April Tuesday

ഉണർ‌വാകുന്ന ചരിത്രനേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ജക്കാർത്ത ഏഷ്യൻ ഗെയിംസ് നൽകുന്ന സൂചനകൾ ഇന്ത്യൻ കായികരംഗത്തിന് ഊർജം പകരുന്നതാണ്. കായികരംഗത്ത് പ്രകടമാകുന്ന ഉണർവിന്റെ പ്രതിഫലനം പതിനെട്ടാം ഏഷ്യൻ ഗെയിംസിലെ പ്രകടനങ്ങളിൽ കണ്ടു. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യ മടങ്ങുന്നത്. അത്‌ലറ്റിക്‌സിലെ സ്വർണക്കൊയ്ത്ത് കൂടുതൽ മെഡൽ ലഭിക്കുന്നതിൽ നിർണായകമായി. ട്രാക്കിലെ കുതിപ്പിന് ഊർജം പകരാൻ മലയാളിതാരങ്ങൾ മുന്നിലുണ്ടായിരുന്നത് കേരളത്തിനും അഭിമാനം.
1951ൽ ആദ്യ ഏഷ്യൻ ഗെയിംസിൽ ആതിഥേയരായപ്പോഴാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 15 സ്വർണമായിരുന്നു ന്യൂഡൽഹിയിലെ ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണയും 15 സ്വർണം നേടി. 69 മെഡലുമായി ആകെ മെഡലുകളുടെ കാര്യത്തിൽ ചരിത്രവുമെഴുതി. മെഡൽപട്ടികയിൽ കഴിഞ്ഞ തവണ ഇഞ്ചിയോണിലെന്നപോലെ എട്ടാം സ്ഥാനത്ത് തുടർന്നു. 1951ലെ രണ്ടാംസ്ഥാനമെന്ന നേട്ടം ഇന്നും ഏറെ അകലെയാണ്. 1986ൽ സോളിൽ കൈവരിച്ച അഞ്ചാം സ്ഥാനമാണ് മെഡൽപട്ടികയിൽ ഏറ്റവും അവസാനം നേടിയ മികച്ച നില.

ഏഴ് സ്വർണം ഉൾപ്പെടെ 19 മെഡൽ നേടിയ അത്‌ലറ്റിക്‌സുതന്നെയായിരുന്നു ജക്കാർത്തയിൽ ഇന്ത്യയുടെ പ്രധാന മെഡൽഖനി. കഴിഞ്ഞ തവണ രണ്ട് സ്വർണംമാത്രമായിരുന്നു. ഇത്തവണ അത്‌ലറ്റിക്‌സിലെ അപ്രതീക്ഷിതമായ ചില കുതിപ്പുകൾ ഈ രംഗത്തെ തിരിച്ചുവരവിന്റെ സൂചനയാണ്.
ഷോട്ട്പുട്ടിൽ തേജിന്ദർപാൽ സിങ‌് തൂർ ഗെയിംസ് റെക്കോഡോടെ സ്വർണമണിഞ്ഞത് ഇത്തവണ അത്‌ലറ്റിക്‌സിലെ ഏറ്റവും തിളക്കമുള്ള നേട്ടമാണ്. നീരജ് ചോപ്ര, സ്വപ്‌ന ബർമൻ, മഞ്ജിത് സിങ്, ജിൻസൺ ജോൺസൺ, അർപിന്ദർ സിങ്, സ്വപ്‌ന ബർമൻ എന്നിവർ സ്വർണ സമ്പാദ്യത്തിൽ പങ്കാളിയായി. തുടർച്ചയായ അഞ്ചാം വർഷവും  4400 മീറ്റർ റിലേയിൽ അജയ്യരെന്ന് വനിതകൾ തെളിയിച്ചു. 

സ്പ്രിന്റിൽ ഇരട്ട വെള്ളി നേടിയ ദ്യുതി ചന്ദ് തിരിച്ചുവരവ് ഗംഭീരമാക്കി. 400ൽ വെള്ളി നേടിയ പതിനെട്ടുകാരി ഹിമ ദാസ് മികച്ച ഭാവി വാഗ്ദാനമാണ‌്.

മലയാളി താരങ്ങൾ വർഷങ്ങൾക്കുശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഗെയിംസാണിത്. ഒരു സ്വർണവും വെള്ളിയും നേടിയ  ജിൻസൺ ജോൺസണാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയൻ. മധ്യദൂര ഓട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണ് താനെന്ന് ജിൻസൺ തെളിയിച്ചു. 4400 റിലേ ടീമിൽ അവസാന ലാപ് അതിഗംഭീരമായി ഓടിയ വി കെ വിസ്മയ മലയാളത്തിന്റെ മറ്റൊരു സുവർണ സാന്നിധ്യമായി. മൂന്ന് വെള്ളി നേടിയ മുഹമ്മദ് അനസ് പ്രതീക്ഷയ‌്ക്കൊത്തുയർന്നു. നീന പിന്റോ, പി യു ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ അത്‌ലറ്റിക്‌സിൽ മെഡൽനേടി.
കൗമാരതാരങ്ങളാൽ സമ്പന്നമായ ഷൂട്ടിങ‌് ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും രണ്ട് സ്വർണം നേടി. ഗുസ്തിയിൽ വിനേഷ് ഫൊഗാട്ടും ബജ്‌രംഗ് പുനിയയും സ്വർണം കൈപ്പിടിയിലാക്കി. ഒളിമ്പിക്‌സിൽ ഇന്ത്യക്ക‌് ഏറ്റവും പ്രതീക്ഷ നൽകുന്ന ഷൂട്ടിങ്ങിലും ഗുസ്തിയിലും ഭാവി ശോഭനമെന്ന് ഏഷ്യൻ ഗെയിംസ് ഉറപ്പാക്കി.

അമ്പെയ്ത്ത്, ബാഡ്മിന്റൺ, ടെന്നീസ്, സ്‌ക്വാഷ്, ബോക്‌സിങ‌്, ടേബിൾ ടെന്നീസ്, ബ്രിഡ്ജ് എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. പായ്‌വഞ്ചിയിൽ പതിനാറുകാരി ഹർഷിത തൊമാർ പുരുഷന്മാരെ പിന്നിലാക്കിയാണ് വെങ്കലം നേടിയത്. വനിതാ ഹോക്കിയിൽ ഇന്ത്യ മികവിന്റെ പാതയിലാണ്. ലോകകപ്പിലെ ക്വാർട്ടർ പ്രവേശത്തിനു പിന്നാലെ ഗെയിംസിൽ വെള്ളി നേടിയ ടീം പ്രതീക്ഷ നൽകുന്നു.

ഏഷ്യൻ ഗെയിംസിലെ നേട്ടങ്ങൾ പുകഴ്ത്തുന്നതിനൊപ്പം ചില വസ്തുതകൾ കാണാതിരിക്കരുത്. പുരുഷ ഹോക്കി, കബഡി എന്നീ ഇനങ്ങളിലെ തിരിച്ചടി ചിന്തിപ്പിക്കുന്നതാണ്. ഹോക്കിയിൽ വളർന്നുവരുന്ന ടീമുകൾക്കു മുന്നിൽ പ്രതാപികളായ ഇന്ത്യക്ക‌് അടിതെറ്റിയ കാഴ്ച ദയനീയം.  കബഡിയിൽ ഒമ്പതു തവണ സ്വർണം നേടിയ ടീം ഇത്തവണ പിന്നിലായി.

ഗുസ്തിയിലും ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ്. മറ്റു കായിക ഇനങ്ങളിലുള്ളവർക്ക് മാതൃയാക്കാവുന്ന പരിശീലനരീതികളും കളിഭരണ മാതൃകയുമാണ് ഈയിനങ്ങളിൽ പിന്തുടരുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായികമന്ത്രാലയവും ഗൗരവമേറിയ ഇടപെടൽ നടത്തേണ്ട സമയം അതിക്രമിച്ചു.

നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് ക്ഷാമമില്ലെന്ന് ഈ ഏഷ്യൻ ഗെയിംസ് കാണിച്ചുതരുന്നു. ഏഷ്യൻ ഗെയിംസ് ടീം തെരഞ്ഞെടുപ്പും പരിശീലകരുടെയും സൗകര്യങ്ങളുടെയും അഭാവവും ഏറെ വിവാദം ഉയർത്തിയിരുന്നു. കടുത്ത പ്രതിസന്ധികൾ അതിജീവിച്ചാണ് നമ്മുടെ പല താരങ്ങളും മികവ് കാണിച്ചത്. ആ ആത്മർഥതയെ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. മെഡൽ നേടിയ താരങ്ങൾ തിരിച്ചെത്തുമ്പോൾ അർഹമായ പരിഗണന നൽകണം.

ടോക്യോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള കായികപദ്ധതികൾ സജീവമാക്കാൻ സമയമായി. ടർഗറ്റ് ഒളിമ്പിക് പോഡിയം(ടോപ്‌സ്), ഖേലോ ഇന്ത്യ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ കായികപദ്ധതികൾ ലക്ഷ്യത്തിൽ എത്താൻ ഇനിയും ഏറെ മുന്നോട്ടുപോകണം. ഒളിമ്പിക്‌സിന് രണ്ടു വർഷംമാത്രം ബാക്കിയിരിക്കെ നമുക്ക് സാധ്യതയുള്ള ഇനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 

അത്‌ലറ്റിക്‌സ്, നീന്തൽ, വോളിബോൾ, ബാസ‌്കറ്റ‌്ബോൾ, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിലെ പ്രതിഭകളുടെ അക്ഷയഖനിയാണ് കേരളം. നിലവാരമുള്ള പരിശീലനവും മറ്റു സാഹചര്യങ്ങളും നൽകുകയാണെങ്കിൽ ലോകനിലവാരത്തിലേക്ക് ഉയരാൻ ഇവർക്കാകും. ജിൻസണും അനസും ചിത്രയും വളരുന്ന കായികതലമുറയ്ക്ക് പ്രചോദനമാകട്ടെ. ടോക്യോ ഒളിമ്പിക്‌സിൽ ഒരു മലയാളി സ്വർണം കഴുത്തിലണിയുന്ന കാഴ്ചയ്ക്ക് കാത്തിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top