02 October Monday

ജീർണതയിൽ മുങ്ങിയ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


കോൺഗ്രസ‌് എന്ന പാർടിയിലെ അരാജകത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നേർപ്രതിഫലനമാണ് ഏതാനും മാസങ്ങൾ മുമ്പുവരെ ആ പാർടിയെ നയിച്ച  വി എം സുധീരൻ യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് ഇറങ്ങിപ്പോകുന്നതിൽ കണ്ടത്.  കോൺഗ്രസ‌് നയിക്കുന്ന മുന്നണിയാണ് യുഡിഎഫ്. ആ  മുന്നണിയിൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുപോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു വരുമ്പോൾ ഐക്യ ജനാധിപത്യ മുന്നണി എന്ന പേരിലെ മൂന്നു വിശേഷണവും ഇല്ലാതാവുകയാണ്. ഐക്യവും ജനാധിപത്യ ഉള്ളടക്കവും മുന്നണി എന്ന അസ്തിത്വവും നഷ്ടപ്പെട്ട ഒന്നാണ് ഇന്നത്.

ഉമ്മൻചാണ്ടി സർക്കാർ ഉണ്ടായിരുന്ന അഞ്ചുവർഷം അധികാരാവും അഴിമതിപ്പണവും പങ്കുവയ‌്ക്കുന്നതിലെ തർക്കവും അധികാരം നുണയുന്നതിലെ മത്സരവുമായിരുന്നു യുഡിഎഫിന്റെ പ്രവർത്തനം. അത് മനസ്സിലാക്കിയാണ്, കേരള ജനത ആ മുന്നണിക്ക് അർഹമായ പരാജയം സമ്മാനിച്ചത്. എന്നാൽ, പരാജയത്തിനുശേഷവും ജനങ്ങളുടെ ഏതെങ്കിലും പ്രശ്നങ്ങളിൽ ശരിയായ നിലപാടെടുക്കാനോ ക്രിയാത്മക പ്രതിപക്ഷമാകാനോ അല്ല യുഡിഎഫ് ശ്രമിച്ചത്. അവസരവാദ നിലപാടുകളും രാഷ്ട്രീയ  നിലപാടില്ലായ്മയും നിഷേധാത്മക രീതികളും ആ മുന്നണി ശിഥിലീകരിക്കപ്പെടുന്നതിലേക്കും ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്നതിലേക്കുമാണ് നയിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുഫലം കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് അപ്രസക്തമാകുന്നതിന്റെ പ്രഖ്യാപനമായി മാറി. അതിനുശേഷം നിശ്ചലമായിക്കിടക്കുന്ന യുഡിഎഫിനും കോൺഗ്രസിനും ഇനി മുന്നേറ്റത്തിന‌് വഴിയില്ല എന്നാണ‌് സുധീരന്റെ രാജി നൽകുന്ന സന്ദേശം.

കെപിസിസിക്ക് അധ്യക്ഷനെ കണ്ടെത്താൻപോലും കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ യുഡിഎഫ് വിട്ട കേരള കോൺഗ്രസ‌് മാണിവിഭാഗത്തെ മുന്നണിയിലേക്ക് നിരുപാധികം തിരിച്ചെടുത്തതിൽ വലിയ അതൃപ്തി പുകയുന്നത് കോൺഗ്രസിലാണ്. രാജ്യസഭാ സീറ്റ‌് നൽകി മാണിയെ മുന്നണിയിലെടുത്ത ദിവസം നടന്ന യുഡിഎഫ‌് യോഗത്തിൽ പരസ്യമായി ആക്ഷേപം ഉയർത്തിയാണ്  സുധീരൻ ഇറങ്ങിപ്പോയത്. ജൂൺ 25ന‌് ചേർന്ന യോഗത്തിൽ സുധീരനെതിരെ കെ എം മാണി രൂക്ഷമായ പ്രതികരണമാണുയർത്തിയത്. അതിനോട് പ്രതികരിക്കാനും കോൺഗ്രസിൽ ആരുമുണ്ടായില്ല. പരസ്പരവിശ്വാസം നഷ്ടപ്പെട്ട പാർടിയായി കോൺഗ്രസും ഘടക കക്ഷികൾ തമ്മിലുള്ള വിശ്വാസരാഹിത്യം തിളയ്ക്കുന്ന യുഡിഎഫുമാണ് ഇന്നുള്ളത്. അതുകൊണ്ടാണ്, സുധീരന്റെ രാജി കേവലം വ്യക്തിപരമായ ഒന്നല്ലാതാകുന്നത്. വലതുപക്ഷ പാളയത്തിലെ അരാജകാവസ്ഥയുടെ ആകെത്തുകയാണത്.

ജനവിരുദ്ധ നയങ്ങളാണ് കോൺഗ്രസിന്റെ മുഖമുദ്ര. അഴിമതിയാണ് അതിജീവന മാർഗം. അതുകൊണ്ടാണ് കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അതി ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. അഖിലേന്ത്യാ വ്യാപകമായ ആ നയങ്ങൾക്കൊപ്പം മാർക്സിസ്റ്റ‌് വിരോധം എന്ന അച്ചുതണ്ടിൽ മുന്നണിയെ മുന്നോട്ടുകൊണ്ടുപോകാമെന്ന മിഥ്യാ ധാരണയാണ് കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നത്. സിപിഐ എമ്മിനെതിരെ സംഘപരിവാർ വ്യാജ പ്രചാരണങ്ങൾ നടത്തുമ്പോഴും കൊലപാതകപരമ്പര നടത്തുമ്പോഴും പ്രോത്സാഹനം നൽകിയത് കേരളത്തിലെ കോൺഗ്രസാണ്. ആ രാഷ്ട്രീയം മടുത്ത‌് ജനങ്ങൾ കൂട്ടത്തോടെ ആ മുന്നണി വിടുന്നതിന്റെ കാഴ്ചയായിരുന്നു ചെങ്ങന്നൂരിലേത്. തുടർന്നും ജനങ്ങൾ അതേ വഴിയിലാണ്. വി എം സുധീരന് രാജിവക്കേണ്ടിവന്ന സാഹചര്യം അതിന്റെ ഭാഗംതന്നെയാണ്. നേതൃത്വം ഇത്തരത്തിൽ പരസ്പരം പോരടിക്കുമ്പോൾ, ആ പാർടിയിലും മുന്നണിയിലും തുടരുന്നവർക്ക‌് ലഭിക്കുന്ന സന്ദേശം ശരിയായ രാഷ്ട്രീയത്തിന്റെ വഴി ഇടതുപക്ഷത്താണെന്നും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും നവകേരള മുന്നേറ്റത്തിന്റെയും കൊടിയേന്താൻ അണിനിരക്കേണ്ടത് ഇടതുപക്ഷത്താണ്‌ എന്നുമാണ്.

മത്സ്യമേഖലയിൽ ആശ്വാസം

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമാണം നടത്താനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ആ മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ്. ജീവൻ പണയംവച്ച് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് നീതികിട്ടാനും ഇടനിലക്കാരെ ഒഴിവാക്കി മികച്ച മത്സ്യം ന്യായമായ വിലയ്ക്ക് ഉപഭോക്താക്കളിൽ എത്താനും വഴിതെളിക്കുന്നതാണ് ഈ തീരുമാനം.

ഫിഷ് ലാൻഡിങ‌് സെന്ററുകൾ, ഹാർബറുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്മെന്റ‌് സംവിധാനം, മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ എന്നിങ്ങനെ ബഹുമുഖ ലക്ഷ്യങ്ങളുള്ള നിയമനിർമാണത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിൽ വലിയ  പ്രതീക്ഷ  സൃഷ്ടിക്കുന്ന നീക്കമാണിത്. ഇടനിലക്കാരുടെ ചൂഷണം  ഇല്ലാത്ത മത്സ്യലേലം അവരുടെ ദീർഘകാല ആവശ്യമാണ്. കുറഞ്ഞ വിലയ്ക്ക‌് മത്സ്യം വാങ്ങുന്ന ഇടനിലക്കാർ അത‌് വൻ വിലയ്ക്ക‌് വിറ്റ് വലിയതോതിൽ ലാഭമുണ്ടാക്കുന്ന ലേലം അവസാനിപ്പിച്ച‌് കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള വിപണനസംവിധാനമാണുണ്ടാകേണ്ടത്. അത് സംസ്ഥാനത്താകെ ഒരേ തരത്തിലാകണം. ശുചിത്വപൂർണമായ മാർക്കറ്റുകൾ, വിഷംകലരാത്ത മത്സ്യത്തിന്റെ ലഭ്യത, വിലവ്യതിയാനങ്ങളിൽനിന്നുള്ള വിടുതൽ ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. വർഷത്തിൽ എല്ലാ സമയവും മത്സ്യലഭ്യത ഒരുപോലെയല്ല. കൂടുതൽ മീൻ ലഭിക്കുന്ന അവസരങ്ങളിൽ വിപണി ലഭിക്കാതാകുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ കൂടുതൽ മത്സ്യവിപണനകേന്ദ്രങ്ങൾ ഉണ്ടാകണമെന്ന ആവശ്യവും നിലനിൽക്കുന്നു. ഇത്തരം ആവശ്യങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കണ്ടെത്തുന്ന നിലയിൽ സമഗ്രമായ നിയമമാണ് സർക്കാർ പാസാക്കുക എന്ന വിശ്വാസമാണ് മത്സ്യത്തൊഴിലാളികളെ നയിക്കുന്നത്. ആ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top