24 April Wednesday

മികവോടെ പൊതുമേഖലാസ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019


കേരളത്തിൽ അധികാരത്തിലുള്ള ‌എൽഡിഎഫ‌് സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളുടെയും വികസനപ്രവർത്തനങ്ങളുടെയും ഫലമായി കേരളത്തിലെ വ്യവസായരംഗമാകെ ഉണർവിലാണ‌് ഇന്ന‌്. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതമായതോടെ വ്യവസായം തുടങ്ങാൻ അങ്ങേയറ്റം അനുകൂല സാഹചര്യമാണുള്ളത‌്. ഇതിന്റെ ഫലമായി കൂടുതൽ സംരംഭകരെ സംസ്ഥാനത്തേക്ക‌്  ആകർഷിക്കാനായി. പൊതുമേഖലാ വ്യവസായരംഗം അവിശ്വസനീയമായ കുതിപ്പിനാണിന്ന‌് സാക്ഷ്യംവഹിക്കുന്നത‌്.  പൊതുമേഖലാസ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണവും നവീകരണവും ഗൗരവമുള്ള ദൗത്യമായി പിണറായി വിജയൻ സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണിത‌്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ‌്  ചേർത്തലയിലെ ഓട്ടോകാസ്റ്റിന‌് റെയിൽവേ ബോഗി നിർമിക്കാൻ ഉത്തര റെയിൽവേയിൽ നിന്ന‌് ഓർഡർ ലഭിച്ചത‌്. രാജ്യത്ത‌് ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തര റെയിൽവേയിൽ പഞ്ചാബ‌് സോണിന‌് ആവശ്യമുള്ള ബോഗിയാണ‌് ചേർത്തലയിൽനിന്ന‌് നിർമിക്കുക. മുൻ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്ഥാപനമാണ‌്  ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത‌്. വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞതുപോലെ ഓട്ടോകാസ‌്റ്റിന്റെ തിരിച്ചുവരവ‌് മറ്റ‌് സ്ഥാപനങ്ങൾക്കും മാതൃക തന്നെയാണ‌്. വ്യവസായ വകുപ്പിന്റെ കീഴിൽ അത്തരം നിരവധി മാതൃകകൾ ഉയർത്തിക്കാണിക്കാൻ ഇന്നുണ്ടെന്നത‌് വ്യവസായവകുപ്പിനും മന്ത്രി ഇ പി ജയരാജനും അഭിമാനിക്കാൻ വകനൽകുന്നു. 

അതിലൊന്നാണ‌് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപി). വിദേശത്തേക്ക‌് മരുന്ന‌് കയറ്റി അയക്കാനുള്ള ചരിത്രദൗത്യത്തിലാണ‌് ഈ സംസ്ഥാന പൊതുമേഖലാ സ്ഥാപനം.  മരുന്ന‌് വിദേശത്തേക്ക‌് കയറ്റി അയക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി കെഎസ‌്ഡിപിക്ക‌് കഴിഞ്ഞ ദിവസം ലഭിച്ചു. 2018–-19 സാമ്പത്തികവർഷം 58.37 കോടി രൂപയുടെ ഉൽപ്പാദനം നടത്തിയ കമ്പനി 2.75 കോടി രൂപ ലാഭം നേടി. അതുപോലെ കേരള ഓട്ടോ മൊബൈൽസിന് ഇ–- ഓട്ടോ നിർമിക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുകയാണ‌്. ഇ–ഓട്ടോ നിർമാണം അടുത്ത ബുധനാഴ്‌ച ആരംഭിക്കും. ഇ–ബസ് നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

തകർച്ചയുടെ വക്കിലായിരുന്ന സ്ഥാപനങ്ങളെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംരക്ഷിച്ച്, കാര്യമായ പിന്തുണ നൽകി വളർച്ചയുടെ പാതയിലെത്തിച്ചു

തകർച്ചയുടെ വക്കിലായിരുന്ന സ്ഥാപനങ്ങളെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംരക്ഷിച്ച്, കാര്യമായ പിന്തുണ നൽകി വളർച്ചയുടെ പാതയിലെത്തിച്ചു.  കഴിഞ്ഞ സർക്കാരിന്റെ അവസാന സാമ്പത്തികവർഷമായ 2015–-16ൽ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഈ സർക്കാർ വന്ന ആദ്യ സാമ്പത്തികവർഷം (2016–-17)തന്നെ നഷ്ടം 80.67 കോടിയായി കുറച്ചു. 2017–-18ൽ പൊതുമേഖലയെ 5.11 കോടി ലാഭത്തിൽ എത്തിച്ചു. 2018–-19ൽ ലാഭം 8.26 കോടിയായി ഉയർന്നു. പ്രളയക്കെടുതി അതിജീവിച്ചാണ് ഈ മുന്നേറ്റമെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2015–-16ൽ എട്ട‌് പൊതുമേഖലാ സ്ഥാപനം മാത്രമാണ് ലാഭത്തിൽ ഉണ്ടായിരുന്നത്. ഈ സർക്കാർ 2016–-17 കാലയളവിൽ 13 പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിൽ എത്തിച്ചു. 2017-–18 കാലയളവിലും 13 സ്ഥാപനം ലാഭത്തിലായിരുന്നു. 2018–-19 സാമ്പത്തികവർഷം 12 സ്ഥാപനം ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുവരവിലും ഉൽപ്പാദനത്തിലും വലിയ പുരോഗതി കൈവരിച്ചു. വ്യവസായ വകുപ്പിനു കീഴിലെ 42 പൊതുമേഖലാ സ്ഥാപനം 2018–-19 സാമ്പത്തികവർഷം 3442.74 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത‌് കേരള മിനറൽസ് ആൻഡ‌് മെറ്റൽസ് ലിമിറ്റഡാണ‌്. 2018–-19ൽ കെഎംഎംഎൽ 163.29 കോടി ലാഭം കൈവരിച്ചു. 829.89 കോടിയാണ് വിറ്റുവരവ്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി) ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് 2018–-19 സാമ്പത്തികവർഷം കൈവരിച്ചത്. 256.25 കോടി രൂപയുടെ വിറ്റുവരവും 35.79 കോടി രൂപയുടെ ലാഭവും നേടി. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് 2018-–19 സാമ്പത്തിക വർഷം 207.62 കോടി വിറ്റുവരവും 18.37 കോടി ലാഭവും നേടി.  2011 മുതൽ 16 വരെ നഷ്ടത്തിലായിരുന്നു.

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ (കെൽട്രോൺ) 2018-–19 സാമ്പത്തികവർഷം വിറ്റുവരവിൽ സർവകാല റെക്കോർഡ് നേടി. ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ‌് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്), ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്), യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ്, ട്രാക്കോ കേബിൾ കമ്പനി, കേരള സിറാമിക്‌സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ‌് അലൈഡ് എൻജിനിയറിങ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച വളർച്ചയാണ് കാഴ‌്ചവച്ചത്.  സംസ്ഥാനത്തുള്ള ഈ വ്യവസായക്കുതിപ്പിന‌് മറയിടാനാണ‌് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചില ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാണിക്കുന്നത‌്. അത‌് മനസ്സിലാക്കാനുള്ള സാക്ഷരത കേരളത്തിനുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top