26 April Friday

ജീവരക്ഷയ്‌‌‌ക്കായി സുരക്ഷിത റോഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

റോഡപകടങ്ങളിൽ പൊലിയുന്ന ജീവിതങ്ങളും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും സംസ്ഥാനഭരണത്തിന്റെ ഗൗരവമാർന്ന ചിന്തയ‌്ക്കും നടപടിക്കും വിഷയമായിരിക്കുന്നു.  സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2020 ആകുമ്പോഴേക്കും 50 ശതമാനം റോഡപകടങ്ങൾ കുറയ്ക്കാനാകും. 85 കേന്ദ്രത്തിൽ ആരംഭിച്ച പദ്ധതിയിൽ അപകടനിരക്കുകൾ ഗണ്യമായി കുറയ്ക്കാനായി. നിയമം ലംഘിക്കുന്നവർക്കെതിരെ  കർശന നടപടിയും  ഉറപ്പാക്കി. ട്രാഫിക് എൻഫോഴ‌്സ‌്മെന്റ്‌ ഫലപ്രദമാക്കി അപകടങ്ങളും മരണങ്ങളും അംഗഭംഗങ്ങളും കഴിയുന്നത്ര  കുറയ‌്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ‌്പാണ‌് സർക്കാർ തീരുമാനം. പൊലീസിലെ  ഗതാഗതനിർവഹണവിഭാഗത്തെ ശക്തിപ്പെടുത്താനുള്ള  മന്ത്രിസഭാതീരുമാനം നല്ല ഗുണഫലമുണ്ടാക്കും. കഴിഞ്ഞ മൂന്നുവർഷത്തെ റോഡപകടങ്ങളുടെ കണക്കുകൾ അവലോകനംചെയ‌്ത്‌ ഡിജിപി  തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് നടപടി.

വാഹനാപകടകേസുകളുടെ ചുമതല ലോക്കൽ പൊലീസിന് കൈമാറി ട്രാഫിക് സ്റ്റേഷനുകളെ ട്രാഫിക് എൻഫോഴ‌്സ‌്മെന്റിനും നിയന്ത്രണത്തിനും മാത്രമായി നിയോഗിക്കുകയാണ‌്. അപകടങ്ങളുടെ അന്വേഷണം ലോക്കൽ പൊലീസിലേക്ക‌്  മാറുന്നതോടെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ‌്ക്കാനും ഗതാഗതക്കുരുക്ക‌്  ലഘൂകരിക്കാനും എളുപ്പം കഴിയും. ട്രാഫിക് പൊലീസ‌് സ‌്റ്റേഷനുകളുടെ പേര‌് ‘ട്രാഫിക‌് എൻഫോഴ്സ‌്മെന്റ‌് യൂണിറ്റ‌്’ എന്നാക്കി മാറ്റിയത‌് ഈ വിഭാഗത്തിന്റെ പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ സഹായകമാകും. കേസിൽ പ്രതികളും വാദികളുമായി മാറുന്നവർക്കും ഈ മാറ്റം സൗകര്യപ്രദമാകും. കേസിലെ കക്ഷികൾക്ക‌് ഇനിമുതൽ  പ്രാദേശിക സ‌്റ്റേഷനുകളിൽ ബന്ധപ്പെട്ടാൽ മതിയാകും. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ദൂരെയുള്ള ട്രാഫിക‌് സ‌്റ്റേഷനിൽ  എത്തിക്കുകയെന്നതും ശ്രമകരമായ  കാര്യമാണ‌്. 

നിലവിൽ ജില്ലാകേന്ദ്രങ്ങളിൽമാത്രമുള്ള ട്രാഫിക‌് പൊലീസ‌് സ‌്റ്റേഷനുകളുടെ ജോലിഭാരം കനത്തതായിരുന്നു. സംസ്ഥാനത്ത‌് 15 ട്രാഫിക‌് സ‌്റ്റേഷനാണുള്ളത‌്. പുതിയ തീരുമാനപ്രകാരം ട്രാഫിക‌് സ‌്റ്റേഷനുകളിലെ മുഴുവൻ പൊലീസുകാരെയും എൻഫോഴ‌്സ‌്മെന്റ‌ിന‌് ഉപയോഗിക്കാവുന്നതാണെങ്കിലും ഇപ്പോഴത്തെ അംഗസംഖ്യ തീർത്തും അപര്യാപ‌്തമാണ‌്. എൻഫോഴ‌്സ‌്മെന്റ‌് വിങ്ങിലേക്ക‌് കൂടുതൽപേരെ വിന്യസിക്കുകയും സ‌്റ്റേഷൻ സംവിധാനങ്ങൾ വികേന്ദ്രീകരിക്കുകയും വേണം.

കേരള റോഡ‌് സേഫ‌്റ്റി അതോറിറ്റിയും വിവിധ നിയമനിർവഹണ വിഭാഗങ്ങളും ചേർന്ന‌് നടത്തിയ ശ്രമങ്ങളുടെ ഫലമായി കേരളത്തിലെ റോഡപകടനിരക്ക‌് ഗണ്യമായി കുറയ‌്ക്കാൻ സാധിച്ചിട്ടുണ്ട‌്‌. കഴിഞ്ഞ വർഷം മേയിൽ 412 റോഡപകടമരണമുണ്ടായ സ്ഥാനത്ത‌്  ഈ വർഷം 375 ആയി കുറഞ്ഞു. സാരമല്ലാത്ത പരിക്കുകളുടെ എണ്ണത്തിൽ  12 ശതമാനം വർധനയുണ്ടായെന്നത്‌ കാണാതിരിക്കുന്നില്ല. റോഡപകടങ്ങൾ ഏറ്റവും കൂടതൽ നടക്കുന്ന  മേയിൽ എൻഫോഴ‌്സ‌്മെന്റ‌് ഏജൻസികളായ മോട്ടോർ വെഹിക്കിൾസ‌് വകപ്പും പൊലീസും ചേർന്ന‌് നടത്തിയ പരിശ്രമങ്ങളിൽ നല്ല ഫലമാണ‌് കണ്ടത‌്. നമ്മുടെ റോഡുകളുടെ ന്യൂനതയും പരിസരങ്ങളുടെ പ്രത്യേകതകളുമാണ‌് അപകടങ്ങൾക്ക‌് പ്രധാനമായും വഴിവയ‌്ക്കുന്നത‌്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്നതാണ്‌  അപകടങ്ങളിൽ നല്ലൊരു പങ്കും. ഇനം തിരിച്ചുള്ള കണക്കെടുപ്പിൽ ഹെവി വാഹനങ്ങൾ, പ്രത്യേകിച്ച‌് ബസുകളാണ‌് ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തുന്നത‌്. സർവീസ‌് സമയത്തിലെ അപര്യാപ‌്തതമുതൽ അനാരോഗ്യകരമായ മത്സരം ഉൾപ്പെടെ ഒട്ടേറെ പ്രശ‌്നങ്ങൾ ഇതുമായി ബന്ധപ്പെട്ട‌് നിലനിൽക്കുന്നു. ഇതിൽ കെഎസ‌്ആർടിസിയിലെ അപകടനിരക്ക‌് ഗണ്യമായി കുറയ‌്ക്കാനായി. ഇതൊക്കെയാണെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ  ഒരുവർഷത്തിനിടയിൽ നാല‌് ശതമാനം വർധന കാണിക്കുന്നു.

കൂടുതൽ അപകടങ്ങളും നടക്കുന്നത‌് പകലാണ‌്. കഴിഞ്ഞ മെയിൽ 2498. ഈ വർക്ഷം 2517; വർധന ഒരു ശതമാനം. രാത്രി അപകടങ്ങളുടെ കാര്യത്തിൽ കാര്യമായ വർധന ഉണ്ടായി. 988ൽനിന്ന‌് 1086ലേക്ക‌്; പത്തു ശതമാനം വർധന. സംസ്ഥാനപാതകളിലെ അപകടനിരക്ക‌് 12 ശതമാനം വർധിച്ചപ്പോൾ മറ്റ‌് പാതകളിൽ മൂന്നുശതമാനമായി പിടിച്ചുനിർത്തി. നാഷണൽ ഹൈവേ കോറിഡോറുകളിൽ അപകടനിരക്ക‌് മൂന്നു ശതമാനം കുറഞ്ഞു.

ട്രാഫിക്‌ നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരെയും ജാഗരൂകരാക്കുകയെന്നതാണ്‌  അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടം. ചെറുവാഹനങ്ങളുടെയും വഴിയാത്രക്കാരുടെയും അവകാശങ്ങൾ അംഗീകരിക്കുന്ന  ഒരു ട്രാഫിക്‌ സംസ്‌കാരം വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്‌.  ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾകൂടി മെച്ചപ്പെട്ടാലേ അപകടമേഖല എന്ന ചീത്തപ്പേരിൽനിന്ന്‌ കേരളത്തെ കരകയറ്റാനാകൂ. ദേശീയ ജനസംഖ്യയുടെ മൂന്നുശതമാനമുള്ള കൊച്ചുകേരളത്തിലാണ്‌ അപകടങ്ങളുടെ പത്തു ശതമാനവുമെന്ന പഴയ കണക്ക്‌ തിരുത്താൻ നാം അമാന്തിച്ചുകൂടാ. റോഡ‌്സുരക്ഷയുമായി ബന്ധപ്പെട്ട്‌ അഞ്ചിന കർമപദ്ധതിയാണ്‌ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്‌. വിദ്യാർഥികൾക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടെ എല്ലാ തലത്തിലും ബോധവൽക്കരണം, പശ്ചത്തലസൗകര്യ വിപുലീകരണമടക്കമുള്ള എൻജിനിയറിങ്‌, അപകടം തടയാനും ദുരന്തം ലഘൂകരിക്കാനുമുള്ള എൻഫോഴ്‌സ്‌മെന്റ്‌  സംവിധാനം, അപകടത്തിൽപെടുന്നവർക്ക്‌ വേഗത്തിലുള്ള പരിചരണം, എല്ലാ സംവിധാനങ്ങളുടെയും ഫലപ്രദമായ ഏകോപനം ഇതെല്ലാം ചേരുമ്പോൾ ഏറ്റവും ഫലപ്രദമായ രീതിയൽ റോഡ്‌ സുരക്ഷ ഉറപ്പാക്കാനാകും. ആ വഴിക്കുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ എല്ലാ ജനങ്ങളുടെയും പിന്തുണയും സഹകരണവും അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top