27 April Saturday

ഈ വികലമനസ്സുകളെ തളയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020



വിദ്യാഭ്യാസമേഖലയിൽ കോവിഡ്  സൃഷ്ടിച്ച അസാധാരണമായ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ കണ്ടെത്തിയ താൽക്കാലിക മാർഗമാണ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള അധ്യയനം. സ്‌കൂൾ പഠനത്തിന് പകരമാകില്ലെങ്കിലും ഇന്നത്തെ സ്ഥിതിയിൽ അത് ഏറ്റവും സ്വീകാര്യമായ പരിഹാരം തന്നെയാണ്. ഓൺലൈൻ ക്ലാസുകൾ വിജയകരമായി മുന്നേറുകയും ചെയ്യുന്നു.

എന്നാൽ, ആദ്യദിവസത്തെ ക്ലാസുകളുടെ വിജയത്തിനൊപ്പം അത്യന്തം വികലമായ ഒരു കുറ്റകൃത്യ പ്രവണതയ്ക്കുകൂടി കേരളം സാക്ഷിയായി. കുട്ടികൾക്ക് രസിക്കുന്ന വിധത്തിൽ  ക്ലാസെടുത്ത അധ്യാപികമാർക്കുനേരെ നടന്ന  സൈബർ ആക്രമണമാണത്. അവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തും അവരുടെ വീഡിയോയ്‌ക്ക്‌ താഴെ വികൃതവും അശ്ലീലം നിറഞ്ഞതുമായ കമന്റുകൾ എഴുതിയും കുറേപ്പേർ “ആനന്ദം’ കൊണ്ടു. ഏതു വേഷത്തിലും ഏതു പദവിയിലും ഏതു പ്രായത്തിലുമുള്ള സ്ത്രീയെയും അധിക്ഷേപത്തിനും സ്വന്തം മനസ്സിലെ ലൈംഗിക വൈകൃതങ്ങൾ ചൊരിയാനുമുള്ള മാധ്യമമായി  കാണുന്ന അക്രമാസക്തമായ ആൺമനസ്സുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഭാവാഭിനയത്തോടെതന്നെ ക്ലാസെടുത്ത പുരുഷ അധ്യാപകർക്കുനേരെ ഇത്തരത്തിൽ ആക്രമണം ഉണ്ടായില്ല എന്നത് കാണണം. അതുകൊണ്ട് ഇതിനെ വിമർശനം എന്ന വിഭാഗത്തിൽപ്പെടുത്താൻ കഴിയില്ല. അധ്യാപകരുടെ ഭാഷയെയോ അറിവിനെയോ അല്ല സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. അവരുടെ ശരീരത്തെയാണ്. പെണ്ണിനെ ഉടലായിമാത്രം കാണുന്നവരാണ് ഈ വികലമനസ്സുകൾ. അതുകൊണ്ട്  ഇതൊരു ലിംഗപരമായ കുറ്റകൃത്യം തന്നെയാണ്.

ഈ അക്രമികളിൽ എല്ലാപ്രായത്തിലും പദവിയിലുമുള്ള പുരുഷന്മാർ ഉണ്ടെന്നതാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടം സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ബഹുഭൂരിപക്ഷവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയാണെന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ഐക്യരാഷ്ട്ര സഭാസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈബർ ലോകത്ത് ഇടപെടുന്ന എല്ലാസ്ത്രീകളും ഒരിക്കലെങ്കിലും ഇത്തരം അതിക്രമങ്ങൾക്ക് ഇരയായതായും പഠനങ്ങൾ ഉദ്ധരിച്ചു സമിതി പറയുന്നു.


 

കേരളത്തിലും  ഇതൊരു ഒറ്റപ്പെട്ട പ്രവണതയല്ല. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ എണ്ണമറ്റതാണ്. പക്ഷേ, സൈബർ ലോകത്തേക്കെത്തുമ്പോൾ അത് പതിന്മടങ്ങാകുന്നു. പരസ്യമായ അധിക്ഷേപത്തിന് ധൈര്യമില്ലാത്തവർപോലും സൈബർവ്യക്തിത്വം നൽകുന്ന മറവ് ഉപയോഗിച്ച് മനസ്സിലെ മാലിന്യം പുറത്തെടുക്കുന്നു. എന്നാൽ, ഇതൊരു ചികിത്സിച്ചു മാറ്റാവുന്ന മാനസിക വൈകല്യമായിമാത്രം കണ്ടാൽ പോരാ. അതിന്റെ സാമൂഹ്യവശങ്ങൾ കാണണം. സമൂഹത്തിൽ അടിയുറച്ച സ്ത്രീവിരുദ്ധതയുടെ പുറത്തുചാടൽ തന്നെയാണിത്.

എവിടെയും  സ്ത്രീ ചുവടുറപ്പിക്കുന്നത് ഒട്ടേറെ  പോരാട്ടങ്ങളിലൂടെയാണ്. കുടുംബത്തിൽ, തൊഴിലിടത്തിൽ, പൊതുസ്ഥലങ്ങളിൽ എല്ലാം സ്ത്രീ ആയതുകൊണ്ടുമാത്രം അവൾ നേരിടേണ്ടിവരുന്ന പോർമുഖങ്ങൾ പലതാണ്. ഈ പോരാട്ടത്തിൽ വലിയൊരളവ്‌ ജയിച്ചുനിൽക്കുന്നവരാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ശ്രദ്ധനേടുന്നത്. അങ്ങനെ മുന്നോട്ടുവരുന്ന ഏത് സ്ത്രീയും അവിടെയും നേരിടേണ്ടിവരുന്നത് ഇതേ അതിക്രമത്തിന്റെ മറ്റ് മുഖങ്ങളാണ്. കൂവിയും ചെളിവാരിയെറിഞ്ഞും പിന്തിരിപ്പിക്കാൻ കഴിയുമോ എന്നതാണ് നോട്ടം. സന്തോഷത്തോടെ കുട്ടികളെ ആടിയും പാടിയും പഠിപ്പിച്ച വീഡിയോ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച  മറ്റൊരു അധ്യാപികയും മുമ്പ് ഇതേതരത്തിൽ ആക്രമണം നേരിട്ടു. അധ്യാപികമാർ മാത്രമല്ല, രാഷ്ട്രീയ–-സാമൂഹ്യ രംഗങ്ങളിൽ ഇടപെടുന്ന സ്ത്രീകളെല്ലാം ഇത് നേരിടുന്നുണ്ട്.

എല്ലാ രംഗത്തും മികവ്‌ നേടുമ്പോഴും  കേരളത്തിന്റെ ലിംഗസമത്വബോധ നിർമിതിയിൽ സാരമായ കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ വ്യക്തമാണ്. സാക്ഷരതയോ സാമൂഹ്യബോധമോ രാഷ്ട്രീയധാരണയോ വളരുന്നതിന് ആനുപാതികമായി സ്ത്രീ സമത്വബോധം ഇവിടെ ഉണ്ടാകുന്നില്ല. പുരുഷമേധാവിത്വത്തിന്റെ ബോധമണ്ഡലം മുറിച്ചുകടക്കാൻ ഭൂരിപക്ഷം പുരുഷന്മാർക്കും കഴിയുന്നില്ല. ഈ ബോധം സ്വാംശീകരിച്ച സ്ത്രീകളും ഇക്കാര്യത്തിൽ ആ പുരുഷന്മാരെപ്പോലെ ആകുന്നു.

ഇപ്പോൾ അധ്യാപികമാർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ സർക്കാർ ശക്തമായി ഇടപെട്ടു. പൊലീസ് കേസന്വേഷണം ഗൗരവമായി മുന്നോട്ടുകൊണ്ടുപോകുന്നു. വനിതാ കമീഷനും യുവജന കമീഷനും നടപടി സ്വീകരിച്ചു. അതെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണ്. എന്നാൽ, ഇത് ഇനിയും ആവർത്തിക്കും. രാഷ്ട്രീയ, സ്ത്രീ, യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ ശക്തമായിത്തന്നെ ഇടപെടേണ്ട വിഷയമാണിത്. നിരന്തരമായ പ്രചാരണ ബോധവൽക്കരണം വേണ്ടതാണ്. സ്വന്തം അണികളുടെ ബോധനിലവാരമെങ്കിലും ഉയർത്തിയെടുക്കാൻ സംഘടനകൾ ശ്രമിക്കണം. നിലവിലെ സൈബർ നിയമത്തിലെ വകുപ്പുകൾ ഇത്തരം കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ ഫലപ്രദമാണോ എന്ന പരിശോധനയും ആവശ്യമാണ്. ഒട്ടേറെ രംഗങ്ങളിൽ ലോകത്തെക്കൊണ്ട് ഒന്നാമതെന്നു പറയിപ്പിക്കാൻ കഴിയുന്ന കേരളത്തിന്‌ ലിംഗസമത്വബോധത്തിലും മാതൃകയാകാൻ കഴിയണം. അപ്പോൾ മാത്രമേ കേരളമാതൃകയ്ക്ക് പൂർണത കൈവരികയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top