19 April Friday

തകർച്ചയുടെ ആഴംതൊട്ട‌് സാമ്പത്തികമേഖല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാർ അധികാരമേറ്റ ദിവസംതന്നെ പുറത്തുവന്ന സാമ്പത്തിക സൂചകങ്ങൾ ഞെട്ടൽ ഉളവാക്കുന്നതാണ‌്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന (ജിഡിപി)ത്തിലെ വളർച്ച അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ‌് രേഖപ്പെടുത്തിയത‌്. സാമ്പത്തികവർഷത്തിന്റെ  അവസാനമായ ജനുവരി–- മാർച്ച‌്  കാലയളവിൽ ജിഡിപി വളർച്ച 5.83 ശതമാനംമാത്രമാണ‌്. വാർഷിക ശരാശരിയായ  6.8 ശതമാനവും അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ‌്.  കഴിഞ്ഞവർഷത്തെ തൊഴിലില്ലായ‌്മനിരക്ക‌് 6.1 ശതമാനമാണ‌്. ഇതാകട്ടെ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കും. കറൻസി പിൻവലിക്കൽ നടപടിക്ക‌ു പിന്നാലെയാണ‌് തൊഴിലില്ലായ‌്മനിരക്ക‌് കുതിച്ചുയർന്നത‌്.

ലോക സാമ്പത്തിക മേധാവിത്വത്തിന‌് ചൈനയും അമേരിക്കയുമായി ഇന്ത്യ മത്സരത്തിലാണ‌് എന്ന‌് ഭരണനേതൃത്വം വീമ്പുപറയുന്നതിനിടയിലാണ‌് വസ‌്തുതകളുടെ യഥാർഥ ചിത്രം പുറത്തുവരുന്നത‌്. ഇതോടെ ഏറ്റവും വേഗത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യമെന്ന നില ഇന്ത്യക്ക‌് നഷ്ടമായി. 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി ചൈനയാണ‌് ഏറ്റവും മുന്നിൽ. ഇന്ത്യയുടെ തകർച്ച താൽക്കാലികമാണെന്നും പണലഭ്യതയിലെ കുറവ‌ുമൂലമാണ‌് ഇതെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും കാർഷിക –- ഉൽപ്പാദനമേഖലകളിലെ ഇടിവ‌് കണക്കുകളിൽനിന്ന‌് വ്യക്തമാണ‌്. കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയമേഖലകളിൽ വളർച്ചനിരക്ക‌് 2.9 ശതമാനം എന്ന പരിതാപകരമായ അവസ്ഥയിലാണ‌്. സർവീസ‌് മേഖലയിൽമാത്രമാണ‌് ഏഴ‌് ശതമാനത്തിൽ കൂടുതൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത‌്. ഓഹരിവിപണിയും നിക്ഷേപകർക്ക‌് പ്രതികൂലമായിരുന്നു.

മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ കണക്കുകൾ കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം ബോധപൂർവം രണ്ടുമാസം പൂഴ‌്ത്തിവയ‌്ക്കുകയായിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ടാൽ ഭരണകക്ഷിക്ക‌് തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ‌് ഈ വൈകിപ്പിക്കലിന‌ു പിന്നിൽ.

ജിഡിപിയോടൊപ്പം മൊത്തം വർധിതമൂല്യവും (നികുതിയും സബ‌്സിഡിയും ഒഴിവാക്കിയുള്ളത‌്) താഴോട്ട് വന്നുവെന്നത‌് പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു

ജിഡിപിയോടൊപ്പം മൊത്തം വർധിതമൂല്യവും (നികുതിയും സബ‌്സിഡിയും ഒഴിവാക്കിയുള്ളത‌്) താഴോട്ട് വന്നുവെന്നത‌് പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. മൊത്തം വർധിതമൂല്യം (ജിവിഎ)  6.6 ശതമാനം വളർച്ചയാണ‌് രേഖപ്പെടുത്തിയത‌്. രാഷ്ട്രീയ നയസമീപനങ്ങൾക്കപ്പുറം സാമ്പത്തികസൂചകങ്ങളിൽ പ്രകടമാകുന്ന ഈ പിന്നോട്ടടി പുതിയ സർക്കാർ നേരിടുന്ന കടുത്ത വെല്ലുവിളിതന്നെയാണ‌്‌. പൊതുമേഖലാ വിൽപ്പനയും തൊഴിൽനിയമങ്ങളിലെ അഴിച്ചുപണിയുമെല്ലാം പ്രഖ്യാപിച്ച‌് കഴിഞ്ഞ കേന്ദ്ര സർക്കാർ മഹാഭൂരിപക്ഷംവരുന്ന ദരിദ്രരുടെ ജീവിതത്തോട‌് എങ്ങനെ നീതി പുലർത്തുമെന്ന ചോദ്യമാണ‌് ഉത്തരമില്ലാതെ അവശേഷിക്കുന്നത‌്.

തൊഴിലും വരുമാനവും ഉൽപ്പാദനവും  പ്രതീക്ഷയ‌്ക്കൊത്ത വളർച്ച കൈവരിക്കുന്നില്ലെന്ന‌ു മാത്രമല്ല,  സമ്പത്തിന്റെ വൻതോതിലുള്ള കേന്ദ്രീകരണവും പെരുകുന്ന തൊഴിലില്ലാപ്പടയും ആസന്നമായ സ‌്തംഭനത്തിന്റെ സൂചനയാണ‌്. ഉപയോഗിക്കപ്പെടാത്ത തൊഴിൽശക്തിയും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന വാങ്ങൽശേഷിയും തുറന്ന കമ്പോളവുമെല്ലാം ചേർന്ന‌് കുരുക്കുകളുടെ ശൃംഖലതന്നെ സൃഷ‌്ടിക്കുന്നു. തൊഴിൽമേഖല മൂലധനതാൽപ്പര്യത്തിന‌് അടിയറവയ‌്ക്കുമ്പോൾ  മറുവശത്ത‌് അവസാനമില്ലാത്ത അസംതൃപ‌്തിയാണ‌് ബാക്കിയാകുന്നത‌്.

സമ്പദ‌്ഘടന തകർന്നടിയുമ്പോഴും അത‌് മെച്ചപ്പെടുത്താനുള്ള ആത്മാർഥ സമീപനവും നടപടികളും ഉണ്ടാകുന്നില്ലെന്നതാണ‌് ഒന്നാം മോഡി സർക്കാരിന്റെ കാലത്തെ അനുഭവം. കോർപറേറ്റ‌് സേവയാകട്ടെ മറയില്ലാതെ തുടരുന്നു. ബാങ്കുകളെ വഞ്ചിച്ച‌് സഹസ്രകോടികൾ തട്ടിയവർക്കും വിദേശബാങ്കിൽ സമ്പാദ്യം നിക്ഷേപിച്ചവർക്കും മോഡിഭരണം സുവർണകാലമായിരുന്നു. വിപ്ലവകരമെന്ന‌് ഉദ‌്ഘോഷിച്ച നോട്ടുനിരോധനവും ജിഎസ‌്ടിയും പാവങ്ങളുടെ തലയിൽവീണത‌് ഇടത്തീയായും. ഇതൊക്കെയായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാഗ‌്ദാനപ്പെരുമഴ പെയ്യിക്കാൻ മോഡിക്കും ബിജെപിക്കും മടിയുണ്ടായില്ല. പാവങ്ങളുടെ ബാങ്ക‌് അക്കൗണ്ടുകളിലേക്ക‌് പണം എത്തുമെന്നതുൾപ്പെടെയുള്ള വ്യാമോഹങ്ങ‌ളിൽ കുടുങ്ങിയവർക്ക‌് സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പാക്കാൻ എന്തു പദ്ധതിയാണ‌് മോഡി സർക്കാരിനുള്ളത‌്.

ഈ ചോദ്യങ്ങൾക്കെല്ലാം ജൂലൈയിൽ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റിൽ ഉത്തരമുണ്ടാകുമെന്ന‌ പ്രതീക്ഷ അതിരുകടന്ന വ്യാമോഹമാണ‌്. കാരണം, അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഇതുവരെ ബിജെപിയെ ആകുലപ്പെടുത്തിയിട്ടില്ല എന്ന മുൻകാല അനുഭവംതന്നെ. ഇടതുപക്ഷത്തിന്റെ സമ്മർദത്തിൽ ഒന്നാം യുപിഎ സർക്കാർ പ്രാവർത്തികമാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ‌് പദ്ധതിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സംസ്ഥാന സർക്കാരുകളുടെ കഴുത്ത‌് ഞെരിക്കാതെ ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്ത പരിപാലിക്കുക, കാർഷിക ഉൽപ്പാദനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിൽനിയമങ്ങൾ നിലനിർത്തുക തുടങ്ങിയ വിഷയങ്ങളിലേക്ക‌് മോഡി സർക്കാരിന്റെ ശ്രദ്ധ പതിയുമെങ്കിൽ പ്രതീക്ഷയ‌്ക്ക‌് വകയുണ്ട്. അതിനുള്ള വരുമാന സ്രോതസ്സുകൾ കണ്ടെത്താനും നയസമീപനങ്ങൾ സ്വീകരിക്കാനുമുള്ള ഇച്ഛാശക്തിയാണ‌് ആദ്യം വേണ്ടത‌്. അതില്ലാത്തപക്ഷം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top