19 April Friday

സ്‌പെയിനിലെ ഭരണമാറ്റം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


യൂറോപ്യൻ രാഷ്ട്രമായ സ്‌പെയിനിൽ മരിയാനോ റജോയിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ പീപ്പിൾസ് പാർടി സർക്കാർ നിലംപൊത്തി. കോർപറേറ്റുകളുടെ പാർടിയായ സിയുഡഡനോസ് കക്ഷിമാത്രമാണ് റജോയ് സർക്കാരിനെ പിന്തുണച്ചത്. മറ്റെല്ലാ കക്ഷികളും സർക്കാരിനെതിരെ നിലകൊണ്ടു.  40 വർഷംമുമ്പ് ജനാധിപത്യഭരണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് സ്‌പെയിനിൽ ഒരു സർക്കാർ അവിശ്വാസപ്രമേയത്തിലൂടെ അധികാരത്തിൽനിന്ന‌് പുറത്താകുന്നത്. പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർടി (പിഎസ്ഒഇ) സർക്കാരാണ് അധികാരമേറിയിട്ടുള്ളത്. 1999‐2005 കാലഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പീപ്പിൾസ് പാർടി നടത്തിയ അഴിമതി പുറത്തുവന്നതാണ് റജോയ് സർക്കാരിന്റെ പതനത്തിന് കാരണമായത്. പാർടിയുടെ മുൻ ട്രഷറർ ലൂയിസ് ബാർസെനാസ് വൻ തുക കൈക്കൂലി വാങ്ങിയതായും കള്ളപ്പണം വെളുപ്പിച്ചതായും നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.  ബാർസെനാസിനെ 33 വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ബൂർഷ്വാ വലതുപക്ഷ രാഷ്ട്രീയവും ചങ്ങാത്തമുതലാളിത്തവും തമ്മിലുള്ള ബന്ധംതന്നെയാണ് സ്‌പെയിനിലും വിഷയമായതെന്നർഥം.

അതോടൊപ്പം കത്തലൂണിയ പ്രവിശ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ആയിരക്കണക്കിനു പട്ടാളക്കാരെ ഉപയോഗിച്ച് അതിനെ അടിച്ചമർത്തിയതും ഭരണഘടനയിലെ 155‐ാം വകുപ്പനുസരിച്ച് കത്തലൂണിയയിലെ കാർലസ് പഗ‌്ധമോണ്ട് സർക്കാരിനെ പിരിച്ചുവിട്ടതും പീപ്പിൾസ് പാർടി സർക്കാരായിരുന്നു. സ്വാതന്ത്ര്യത്തിനായി വാദിച്ച നിരവധി നേതാക്കൾ ഇപ്പോഴും ജയിലിലാണ്. സ്വാഭാവികമായും കത്തലൂണിയയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും റജോയ് സർക്കാരിനെതിരെ തിരിഞ്ഞു. കത്തലൂണിയയിലെ കത്താലൻ യൂറോപ്യൻ ഡെമോക്രാറ്റിക‌് പാർടി, റിപ്പബ്ലിക്കൻ ലെഫ്റ്റ് ഓഫ് കത്തലൂണിയ, യുനൈറ്റഡ് ലെഫ്റ്റ്, ബാസ്‌ക് നാഷണൽ പാർടി എന്നീ കക്ഷികൾ ചേർന്നാണ് പിഎസ്ഒഇ കക്ഷിയെ അധികാരത്തിലേക്ക‌് കയർത്തിയിട്ടുള്ളത്. 

എന്നാൽ, സ്‌പെയിനിലെ ഇടതുപക്ഷ കക്ഷിയായ പെഡമോസിന്റെയും സഖ്യത്തിന്റെയും പിന്തുണയാണ് സാഞ്ചസിന് അധികാരമേറുന്നതിന് സഹായകമായത്. 350 അംഗ പാർലമെന്റിൽ 84 സീറ്റുമാത്രമുള്ള പിഎസ്ഒഇക്ക് 67 സീറ്റിന്റെ പിന്തുണയാണ് പെഡമോസ് സഖ്യം നൽകിയത്.  പെഡമോസ് നേതാവ് പാബ്ലോ ഇഗ്ലേഷ്യസാണ് റജോയ് സർക്കാരിനെതിരെ പുരോഗമന സഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ഇടതുപക്ഷ കക്ഷിയായ പെഡമോസുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ റജോയ് വിസമ്മതിച്ചു. യൂറോപ്യൻ യൂണിയൻ അനുകൂല നിയോലിബറൽ സാമ്പത്തികനയങ്ങൾ തുടരുന്നതിന് ഇത് തടസ്സമാകുമെന്നതിനാലാണിത്. എങ്കിലും വലതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്ന‌് പുറത്തുനിർത്താൻ പെഡമോസ് പിഎസ്ഒഇയെ പിന്തുണച്ചു. 

സോഷ്യൽ ഡെമോക്രാറ്റിക് പാർടിയാണ് പിഎസ്ഒഇ. അതുകൊണ്ടുതന്നെ പുരോഗമന ഇടതുപക്ഷത്ത്  നിൽക്കാൻ സാഞ്ചസും അദ്ദേഹത്തിന്റെ കക്ഷിയും തയ്യാറാകുമെന്ന് പ്രതീക്ഷിച്ചുകൂടാ. റജോയ് സർക്കാർ അവതരിപ്പിച്ച ബജറ്റുതന്നെ നടപ്പാക്കുമെന്ന പ്രസ്താവന ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. പൊതുനിക്ഷേപം വെട്ടിക്കുറയ‌്ക്കുന്നതും സ്വകാര്യനിക്ഷേപം വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന റജോയ് സർക്കാരിന്റെ നിയോ ലിബറൽനയംതന്നെയാണ് പെഡ്രോ സാഞ്ചസ് സർക്കാരും നടപ്പാക്കുക എന്നർഥം. സ്വാഭാവികമായും പെഡമോസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് സാഞ്ചസുമായി കലഹിക്കേണ്ടിവരും. ഇറ്റലിയിലേതുപോലെ സ്‌പെയിനിലെയും സർക്കാർ സുസ്ഥിരമാണെന്ന് പറയാനാകില്ല.

കത്തലൂണിയൻ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ചർച്ച നടത്താൻ തയ്യാറാണെന്ന സാഞ്ചസിന്റെ നിലപാട് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.  കത്തലൂണിയയിലേത് രാഷ്ട്രീയപ്രശ്‌നമാണെന്നും അത് രാഷ്ട്രീയമായിത്തന്നെ പരിഹാരം കാണണമെന്നുമാണ് സാഞ്ചസിന്റെ നിലപാട്. എന്നാൽ, സ്പാനിഷ് ഭരണഘടനയ‌്ക്കകത്തുനിന്നുകൊണ്ടുള്ള പരിഹാരത്തിനായിരിക്കും സാഞ്ചസും ശ്രമിക്കുക. അത് സ്വാതന്ത്ര്യ പ്രസ്ഥാനക്കാർ അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്.  അതുകൊണ്ടുതന്നെ സ്‌പെയിനിലെ ഭരണമാറ്റം ആ രാഷ്ട്രം അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന്  കരുതാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top