24 April Wednesday

ജിഷയ്ക്ക് നീതി ലഭിച്ചേ തീരൂ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2016

ജിഷയ്ക്ക് നീതി ലഭിക്കണമെന്ന വികാരവുമായി കേരളം ഒന്നടങ്കം മുന്നോട്ടുവരികയാണ്. അതിക്രൂരപീഡനത്തിന് ഇരയായി ദളിത് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാനായിട്ടില്ല. തിളച്ചുമറിയുന്ന ജനവികാരത്തിനുമുന്നില്‍ ആഭ്യന്തരമന്ത്രിക്ക് ജിഷയുടെ അമ്മയെ കാണാതെ തിരിച്ചുപോകേണ്ടിവന്നു. ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍ കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ രണ്ടാമത്തെ മകള്‍ ജിഷമോള്‍ (30) അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ആറു ദിനരാത്രങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. തന്റെ ഔദ്യോഗികജീവിതത്തില്‍ ഇത്രയും ഭീകരമായി പീഡിപ്പിച്ച ഒരു മനുഷ്യശരീരം ആദ്യമായാണ് കാണുന്നതെന്നാണ് ജിഷയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്‍ പൊലീസിനോട് പറഞ്ഞത്. തലയ്ക്കും കഴുത്തിലും കമ്പിവടികൊണ്ടുള്ള അടിയും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിപോലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുപ്പതിലധികം മുറിവുകളുമുണ്ടായിരുന്നു. ഇതൊന്നും പൊലീസിനെ അലട്ടുന്ന പ്രശ്നങ്ങളായില്ല. പീഡനത്തിന്റെ കാഠിന്യത്തില്‍ കുടല്‍മാല പുറത്തുചാടിയ ഭീകരരംഗം കണ്ടിട്ടും നിസ്സാര കേസായാണ് പൊലീസ് അത് കൈകാര്യം ചെയ്തത്.  

മകളുടെ മരണത്തെതുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അമ്മ രാജേശ്വരിയുടെ സ്ഥിതി ദയനീയമാണ്. കനാല്‍ പുറമ്പോക്കിലെ അരക്ഷിതാവസ്ഥയില്‍നിന്ന് സുരക്ഷിതമായ ഒരിടത്തേക്ക് മാറിത്താമസിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അവര്‍. മുടക്കുഴ പഞ്ചായത്തില്‍ ജിഷമോളുടെ പേരില്‍ ലഭിച്ച മൂന്നുസെന്റ് സ്ഥലത്ത് വീടിന്റെ പണി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലായിരുന്നു ആ അമ്മ. വീടുപണിക്ക് സഹായിക്കാമെന്ന് പറഞ്ഞിരുന്നവരെ കാണാന്‍ പോയി തിരികെ എത്തിയപ്പോഴാണ് മകളുടെ പിച്ചിച്ചീന്തിയ മൃതദേഹം കണ്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകം നടന്നിട്ട് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനോ പ്രതിയെ തിരിച്ചറിയാനോ കഴിയാത്ത പൊലീസാണ് സംസ്ഥാനത്തുള്ളത്. കുറ്റവാളികളെ പിടിക്കാനല്ല, പൊതുജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും മറച്ചുവയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാന്‍പോലും യഥാസമയം തയ്യാറായില്ല.

ജിഷയുടെ അമ്മയ്ക്കും ജിഷയ്ക്കും എതിരെ ചില ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പൊലീസിന് പരാതി നല്‍കിയിരുന്നുവെന്നും വാര്‍ത്ത വന്നിട്ടുണ്ട്. പാവപ്പെട്ട ദളിത് കുടുംബത്തിന്റെ പരാതിയായതുകൊണ്ടാകണം, പൊലീസ് തിരിഞ്ഞുനോക്കിയില്ല. അന്യസംസ്ഥാനക്കാരാകാം, മനോരോഗിയോ മയക്കുമരുന്നിന് അടിമയോ ആകാം കുറ്റംചെയ്തതെന്ന വന്യമായ നിഗമനമാണ് ഇപ്പോള്‍ പൊലീസില്‍നിന്ന് പുറത്തുവരുന്നത്. അത്തരം നിഗമനത്തില്‍ എത്താനല്ല, കുറ്റവാളികളെ ശാസ്ത്രീയമായി അന്വേഷിച്ച് കണ്ടെത്തി നിയമത്തിനുമുന്നില്‍ എത്തിക്കാനാണ് പൊലീസ്. പൊലീസ് പൊലീസിന്റെ പണി മറന്നിരിക്കുന്നു.  

ഡല്‍ഹിയിലെ നിര്‍ഭയ ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായപ്പോള്‍ മലയാളി വിശ്വസിച്ചത് അങ്ങനെയൊന്ന് ഇവിടെ നടക്കില്ല എന്നായിരുന്നു. സൌമ്യയെ ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞപ്പോള്‍ അത് കേരളത്തിലെ അവസാന സംഭവമാകുമെന്നും കരുതി. ഇന്ന്, ആ രണ്ട് സംഭവങ്ങളുടെയും തുടര്‍ച്ചയാണ് ജിഷമോള്‍ക്കുണ്ടായിരിക്കുന്നത്. സ്വന്തം വീട്ടില്‍പ്പോലും സ്ത്രീകള്‍ക്ക് നിര്‍ഭയം കഴിയാനാകാത്ത അവസ്ഥയാണിന്ന് കേരളത്തില്‍. ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും ജനകീയപ്രക്ഷോഭമുയരുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെയും വിദ്യാര്‍ഥി– യുവജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി ആരംഭിച്ച പ്രക്ഷോഭം, വിവിധ സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. സോഷ്യല്‍ മീഡിയ ജിഷയ്ക്ക് നീതി ലഭിക്കാനുള്ള സമരത്തില്‍ വന്‍തോതില്‍ പങ്കെടുക്കുന്നു. കൈരളി– പീപ്പിള്‍ ടിവി ആരംഭിച്ച ക്യാമ്പയിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നു. ജിഷയുടെ ഘാതകരെ പിടികൂടാനായില്ലെങ്കില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പൊലീസ്് സ്റ്റേഷനില്‍ കുത്തിയിരിക്കേണ്ടിവരുമെന്ന് മഹിളാ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതിന്റെ അനുരണനമാണ്, യുവജനങ്ങളുടെ കടുത്ത പ്രതിഷേധവും രോഷവും കാരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പെരുമ്പാവൂര്‍ ആശുപത്രിയില്‍ കഴിയുന്ന ജിഷമോളുടെ അമ്മയെ കാണാതെ തിരിച്ചുപോകേണ്ടിവന്നത്. ജിഷയ്ക്ക് സംഭവിച്ചതുപോലെ ഇനി ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുത്. അതിനായി എല്ലാ ഭിന്നതകളും മാറ്റിവച്ച് പൊതുസമൂഹം രംഗത്തിറങ്ങണം. കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭരണാധികാരികള്‍ മടിച്ചുനില്‍ക്കുന്നതിന്റെ രോഷമാണ് കേരളത്തില്‍ ഇന്ന് തിളച്ചുമറിയുന്നത്. ആ രോഷം ഞങ്ങളും പങ്കുവയ്ക്കുന്നു. ജിഷയ്ക്ക് നീതി കിട്ടാനുള്ള ബഹുജനസമരത്തില്‍ ഞങ്ങളും പങ്കുചേരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top