09 February Thursday

കരുതിയിരിക്കുക നാം വർഗീയ വൈറസിനെയും

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

ഭൂരിപക്ഷ വർഗീയത ദേശീയതയുടെ മുഖംമൂടിയണിഞ്ഞാണ്‌ എല്ലായ്‌പ്പോഴും പ്രത്യക്ഷപ്പെടുകയെന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ദീർഘദർശനം മോഡിഭരണകാലത്ത്‌ പലവട്ടം സംശയരഹിതമായി തെളിയിക്കപ്പെടുകയാണ്‌. അന്യമതവിദ്വേഷവും അപരസങ്കൽപ്പവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംപോലും അവർക്ക്‌ ദേശീയതയിലേക്കുള്ള സുഗമപാതകളാണ്‌. ഇന്ത്യയുടെ സർവാവകാശങ്ങളും അധികാരങ്ങളും തങ്ങൾക്കാണെന്ന മട്ടിലാണ്‌ അതിന്റെ തുടർച്ചയായ പെരുമാറ്റങ്ങൾ. അതിർത്തികളിലെ പലമേഖലകളിലും ആർഎസ്‌എസുകാർ യൂണിഫോമണിഞ്ഞ്‌ നിലയുറപ്പിച്ചത്‌ ആ രക്ഷാകർതൃ മനോഭാവത്തോടെയുമാണ്‌. രോഗത്തെപ്പോലും ദേശീയതാവാദത്തിന്റെ ഗൂഢപദ്ധതികൾക്കായി സംഘപരിവാരം ദുരുപയോഗം ചെയ്യുന്നത്‌ കോവിഡ്‌–-19ന്റെ ഭീതിക്കിടയിലും നാം കണ്ടു.  ലോകമാകെ പകച്ചുനിന്ന്‌ നേരിടാൻ ശ്രമിക്കുന്ന അത്യന്തം ഭീഷണമായ പകർച്ചവ്യാധിയെ ചെറുത്തുനിൽക്കാൻ രാജ്യം ഏറ്റെടുത്ത ഒറ്റക്കെട്ടായ യുദ്ധസമാന നീക്കങ്ങൾക്ക്‌  വർഗീയനിറം നൽകുകയാണ്‌ സംഘപരിവാരവും അനുബന്ധ സംഘടനകളും. കേരളത്തിൽ അവരുടെ പ്രാസംഗിക കെ പി ശശികല ഗവേഷണം നടത്തി കണ്ടുപിടിച്ചത്‌, കൊറോണ പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ‘ഹിന്ദുവിരുദ്ധ’മാണെന്നാണ്‌. അതുപോലെ കൊറോണ വൈറസിനെ മതംമാറ്റി അവതരിപ്പിച്ചതിലെ കൗശലവും  നിസ്സാരമല്ല. അതിന്‌ താടിയും തലപ്പാവും പ്രത്യേക കുർത്തയും അണിയിച്ചുകൊടുത്തിരിക്കുന്നു. ‘തബ്‌ലീഗ്‌ കൊറോണ’ കേരളത്തിലും എന്ന തലക്കെട്ടിലൂടെ ചുരുക്കം മാധ്യമങ്ങളും അതേവഴി തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി നിസാമുദ്ദീനിൽ തബ്‌ലീഗ്‌ ജമാഅത്ത്‌ സമ്മേളനത്തിന്‌ ഒത്തുചേർന്ന  നിരവധിയാളുകൾക്ക്‌  രോഗബാധയുണ്ടായത് തീർത്തും ഉൽക്കണ്‌ഠാജനകമാണ്‌.

സാമൂഹ്യ കൂടിച്ചേരലിന്‌ വ്യക്തമായ നിയന്ത്രണങ്ങൾ  പ്രഖ്യാപിച്ച  മാർച്ച്‌ മാസത്തിന്റെ മധ്യത്തോടെ സമ്മേളനം വിളിച്ചുചേർത്ത  സംഘാടകരുടെ നടപടി തികഞ്ഞ നിരുത്തരവാദമായിരുന്നുവെന്ന കാര്യത്തിലും  സംശയമില്ല. അതുപോലെ ആ ദിവസങ്ങളിൽ സമ്മേളനത്തിന് വീണ്ടും അധികൃതർ അനുവാദം നൽകിയതും ശരിയായ നടപടിയായില്ല. എന്നാൽ, ഇത്തരം ഔദ്യോഗികവും അനൗദ്യോഗികവുമായ  വീഴ്‌ചകൾ മറയാക്കി ഒരു  സമുദായത്തെയാകെ കടിച്ചുകീറുകയാണ്‌ കാവിപ്പട. എന്തെങ്കിലും വീണുകിട്ടാൻ കാത്തിരുന്ന മട്ടിലാണ്‌ സാമൂഹ്യമാധ്യമങ്ങളിലെ കർസേവകർ ചാടിവീണിരിക്കുന്നത്‌.

സമഗ്രമായ പരിശോധന നടത്താതെ ഒരു വിഭാഗത്തെമാത്രം ലക്ഷ്യമിടുന്നതും കൊറോണയ്‌ക്കെതിരായ ഉറച്ച കാൽവയ്‌പിൽ മതവർഗീയതയുടെ ചേരുവ കൂട്ടിക്കലർത്തുന്നതും  രാജ്യദ്രോഹപരമാണ്‌;

കൊറോണയുടെ പ്രഭവകേന്ദ്രവും വളർച്ചയും പടരലും  ഏതെങ്കിലും മതവുമായിമാത്രം ബന്ധപ്പെട്ട  പ്രശ്‌നമല്ല. ഇരുനൂറിലധികം ആളുകൾ  ഒത്തുകൂടുന്നതിന്‌ വിലക്കുവീണ  മാർച്ച്‌ 13നുശേഷം രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെങ്കിലും പലനിലയിലുള്ള മത, രാഷ്ട്രീയ കൂട്ടായ്‌മകൾ നടക്കുകയുണ്ടായി. മുൻകൂട്ടി തീരുമാനിച്ചവയ്‌ക്കുപുറമെ പെട്ടെന്ന്‌ നിശ്‌ചയിച്ചവയും അവയിൽപ്പെടും. അത്തരം സമഗ്രമായ പരിശോധന നടത്താതെ ഒരു വിഭാഗത്തെമാത്രം ലക്ഷ്യമിടുന്നതും കൊറോണയ്‌ക്കെതിരായ ഉറച്ച കാൽവയ്‌പിൽ മതവർഗീയതയുടെ ചേരുവ കൂട്ടിക്കലർത്തുന്നതും  രാജ്യദ്രോഹപരമാണ്‌; മാത്രമല്ല പൊറുക്കാനാകാത്ത സാമൂഹ്യഅപരാധവുമാണ്‌. അത്‌ നമ്മുടെ അതിജീവനശേഷി തകർത്ത്‌ സ്വയം പരാജയം ഉറപ്പാക്കും.

ബിജെപി ഭരണത്തിന്റെ  ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതാണ്‌ നവമാധ്യമങ്ങളിലെ പ്രതികരണങ്ങളുടെ പേരിൽ ‘ദി വയർ’ എഡിറ്ററും ലോക പ്രശസ്‌ത പംക്തികാരനുമായ സിദ്ധാർഥ്‌ വരദരാജനെതിരെ ഉത്തർപ്രദേശ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസുകൾ. കൊറോണവ്യാപനത്തിനുശേഷം ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ വകവയ്‌ക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പൊതുമതചടങ്ങിൽ ഭാഗഭാക്കായതിനെ  വിമർശിച്ചതിനാണ്‌ നടപടി. മതവിദ്വേഷം പ്രചരിപ്പിക്കലടക്കം അതിഗൗരവ വകുപ്പുകൾ ചേർത്താണ്‌ കേസെന്നതും ഞെട്ടിപ്പിക്കുന്നതാണ്‌. പകർച്ചവ്യാധി വിദഗ്‌ധൻ ആന്തണി ഫൗസിക്ക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അനുകൂലികളിൽനിന്നുള്ള  വധഭീഷണിയെത്തുടർന്ന്‌  സുരക്ഷ വർധിപ്പിച്ചത്‌ ഇതോടുചേർത്ത്‌ കാണണം. കൊറോണ വ്യാപനത്തിൽ അദ്ദേഹം പുലർത്തുന്ന  അതികർക്കശ നിലപാടുകൾ അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപിന്‌ വിനയാകുമെന്നാണ്‌ വിമർശകരുടെ അങ്കലാപ്പ്‌. ഇത്തരം പശ്‌ചാത്തലത്തിൽ  രോഗം മറയാക്കിയുള്ള അത്യന്തം ഭീഷണമായ വർഗീയചേരിതിരിവ്‌ തടയാൻ കേന്ദ്ര ഗവൺമെന്റ്‌  ശക്തമായി ഇടപെടേണ്ടതുണ്ട്‌.

എന്നാൽ, സാഹചര്യം അനിവാര്യമായി ആവശ്യപ്പെടുന്ന ആ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അന്ധവിശ്വാസങ്ങളുടെയും അയുക്തികതകളുടെയും പിന്നാലെയാണ്‌ മോഡിയും പരിവാരങ്ങളും. കൊറോണയെ തുരത്താൻ ബാൽക്കണിയിൽ പാത്രം മുട്ടാൻ ആഹ്വാനംചെയ്‌ത പ്രധാനമന്ത്രി മൊബൈൽ ഫോണിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിനും അത്‌  സാധിക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ഞായറാഴ്‌ച രാത്രി ഒമ്പതിന്‌ ഒമ്പത്‌ നിമിഷം  ജനങ്ങൾ വീടുകൾക്കുള്ളിലെ വെളിച്ചം അണച്ച് മട്ടുപ്പാവിൽ കയറി മൊബൈൽ തെളിച്ച് കാണിക്കണമത്രേ. അതൊക്കെ പിന്നീടുമാകാം. ഫലപ്രദമായ സാമ്പത്തിക പാക്കേജും പ്രതിരോധവും പരിചരണവുമാണ്‌ ഇപ്പോൾ ആവശ്യം. അതിന്‌ മികച്ച മാതൃകയാണ്‌ നമ്മുടെ കൊച്ചുകേരളം. ഇവിടെ വൈറസ്‌ബാധ  റിപ്പോർട്ട് ചെയ്‌ത്‌  25 ദിവസത്തിനുശേഷമാണ്‌  ന്യൂയോർക്കിൽ രോഗസാന്നിധ്യം തെളിഞ്ഞത്‌. കേരളത്തിന്റെ  മുൻകരുതലുകൾ എത്ര ഫലപ്രദമായിരുന്നെന്ന്‌ അനുഭവം സാക്ഷ്യംനിൽക്കുന്നു. അതുപോലെ പ്രകോപനങ്ങളിൽ കുടുങ്ങാതെ  വർഗീയപ്രചാരണങ്ങളടക്കം എല്ലാ വിഭാഗീയതകളും അവഗണിച്ച്‌  കൊറോണയ്‌ക്കെതിരായ നടപടികളിൽ  ഒരുമയോടെ നിലകൊള്ളുന്നതിനും കേരളം മാതൃകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top