20 April Saturday

വ്യാജ വാർത്ത: ബിജെപിയുടെ ഇരട്ടമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

 വ്യാജ വാർത്തകളുടെ നിർമിതി സാമൂഹ്യദുരന്തമായി മാറിയിരിക്കുന്നു. മാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തോത് എന്നത്തേക്കാളും ഉയർന്നതാണ്. മാധ്യമങ്ങളെ വിലയ്ക്കെടുത്തും  മാധ്യമ പ്രവർത്തകരെ വരുതിയിലാക്കിയും ഭരണകൂടവും അതിന്റെ സഹചരന്മാരായ കോർപറേറ്റുകളും വാർത്താ നിർമിതിയുടെയും പർവതീകരണ, തമസ്കരണ, വക്രീകരണ കൗശലങ്ങളുടെയും പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്. വിദ്വേഷവും മതഭ്രാന്തും അസഹിഷ്ണുതയും ആളിക്കത്തിക്കുന്ന വാർത്തകളും വിശകലനങ്ങളും സൃഷ്ടിച്ച് സമൂഹത്തിൽ അശാന്തിയുടെ കാട്ടുതീ പടർത്താൻ മാധ്യമങ്ങളുടെ വേഷത്തിൽ ചെന്നായ്ക്കൾ തക്കം പാർത്തിരിക്കുന്നു. നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി 'റിപ്പോർട്ടേഴ്സ് വിത്ത്ഔട്ട് ബോർഡർ' ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിന്റെ 2017 എഡിഷനിൽ മുൻ വർഷത്തിൽനിന്ന് മൂന്നു റാങ്ക് നഷ്ടപ്പെടുത്തിയ ഇന്ത്യ, നിഷ്പക്ഷ മാധ്യമ പ്രവർത്തനം ദുഷ്കരമായ രാജ്യങ്ങളുടെ പട്ടികയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ലോകത്തെ 138 രാജ്യങ്ങളിലേതിനേക്കാൾ പരിതാപകരമാണ്. ഇന്ത്യൻ മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ തോതും അതു തന്നെ. അത്തരം ഒരു അവസ്ഥയിൽ മാധ്യമ ലോകത്തെ എങ്ങനെ ശുദ്ധീകരിക്കാം, ശാക്തീകരിക്കാം എന്ന ചർച്ചയാണ് ജനാധിപത്യത്തോട്  കൂറുള്ളവർ നടത്തേണ്ടത്. ദൗർഭാഗ്യവശാൽ അതിനു നേരെ വിപരീതമായ നീക്കമാണ് രാജ്യം ഭരിക്കുന്നവരിൽനിന്ന് ഉണ്ടാകുന്നത്.

വ്യാജവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രെഡിറ്റേഷൻ റദ്ദാക്കാനുള്ള  നീക്കം ആ ദിശയിലേക്കുള്ള ഒന്നാണ്. വ്യാജ വാർത്ത നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ ഓൺലൈൻ പോർട്ടൽ പത്രാധിപരെ രക്ഷപ്പെടുത്താൻ കേന്ദ്ര ഭരണകക്ഷിയുടെ ഉന്നതർ തന്നെ പരസ്യമായി രംഗത്തിറങ്ങുന്നത് രണ്ടാമത്തെ നീക്കം. ഒരു ഭാഗത്ത് വ്യാജ വാർത്താനിർമിതിക്കെതിരെ ശബ്ദമുയർത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച് തങ്ങൾക്കു ഹിതകരമല്ലാത്ത വാർത്തകളെയും മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വരിഞ്ഞു കെട്ടാനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. മറുഭാഗത്ത്, വ്യാജ വാർത്താ ഫാക്ടറികൾതന്നെ സൃഷ്ടിച്ച് രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള പ്രചാരണദൗത്യം ചിലരെ ഏൽപ്പിക്കുന്നു. നിലനിൽക്കുന്ന നിയമങ്ങൾകൊണ്ടുതന്നെ അവരെ തടയുമ്പോൾ ആ നിയമത്തെയും നടപടികളെയും ദുർബലപ്പെടുത്തുകയാണ്. ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇരട്ടത്താപ്പും വഞ്ചനയുമാണ് ഈ രണ്ടു ചിത്രങ്ങളിൽ വ്യക്തമാകുന്നത്.

മാധ്യമ പ്രവർത്തകർക്കുള്ള സർക്കാർ മാർഗനിർദേശ രേഖകളിൽ മാറ്റം വരുത്തിയാണ് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അെക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം സർക്കുലർ  ഇറക്കിയിരുന്നത്. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. വ്യാജ വാർത്തകളെ നിയന്ത്രിക്കാനല്ല, മാധ്യമ രംഗത്തെ അവശേഷിക്കുന്ന സ്വാതന്ത്ര്യവും കവർന്നെടുക്കാനാണ് ഈ സർക്കുലർ എന്ന് മാധ്യമ ലോകം വിമർശമുയർത്തി. മാധ്യമങ്ങളിൽ വന്നത് വ്യാജവാർത്തയാണെന്ന പരാതി ഉയർന്നാലാണ് സർക്കുലറിലെ വ്യവസ്ഥ അനുസരിച്ച് സർക്കാർ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി കൈമാറി സർക്കാർ ഉപദേശം തേടും.  15 ദിവസത്തിനുള്ളിൽ  റിപ്പോർട്ട് വാങ്ങും. റിപ്പോർട്ട് നൽകുന്നതുവരെ ആരോപിതരായ മാധ്യമപ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കും. ഇതായിരുന്നു നിർദേശിച്ച നടപടിക്രമം. സമിതിയുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരെ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണകൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും. ഒറ്റ നോട്ടത്തിൽ വ്യാജ വാർത്തകൾക്കും നീതിരഹിതമായ മാധ്യമ പ്രവർത്തനത്തിനുമെതിരായ നടപടിയായി തോന്നുമെങ്കിലും ഇതിനു പിന്നിലെ കുത്സിത ലക്ഷ്യം മാധ്യമ ലോകവും ജനാധിപത്യ വിശ്വാസികളും പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അതിനു സഹായകമായത് ഏറ്റവുമൊടുവിൽ പോസ്റ്റ്കാർഡ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിനെതിരായ നടപടികളിൽ വെള്ളം ചേർക്കാൻ ബിജെപി നേതൃത്വം തുനിഞ്ഞിറങ്ങിയ കാഴ്ചയാണ്.

വ്യാജവാർത്ത സൃഷ്ടിച്ചതിനും മതവിദ്വേഷം പരത്തിയതിനുമാണ് പോസ്റ്റ്കാർഡ് ന്യൂസ് സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ബിജെപിക്കുവേണ്ടി പ്രത്യക്ഷമായിത്തന്നെ വാർത്തകൾ നൽകുന്ന വാർത്താ പോർട്ടൽ ആണ് പോസ്റ്റ്കാർഡ് ന്യൂസ്.  മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ച് വാർത്തകൾ തെറ്റായി കൈകാര്യം ചെയ്യുന്നതിന് കുപ്രസിദ്ധി നേടിയ ആ പോർട്ടൽ അനേകം വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും കേസുകളിൽപ്പെടുകയും ചെയ്തിട്ടുണ്ട്. മതസ്പർധ വളർത്തുന്ന ക്രിമിനൽ മാധ്യമ പ്രവർത്തനത്തെ നിയമം കൊണ്ട് നേരിടുമ്പോൾ വിലങ്ങുതടിയായി വന്നത് ബിജെപി നേതൃത്വമാണ്. കർണാടകയിലെ ഭീരുക്കളായ കോൺഗ്രസ് സർക്കാർ മഹേഷിനെ അറസ്റ്റ് ചെയ്തുവെന്ന് ബിജെപി എംപി പ്രതാപ് സിംഹ പ്രതികരിച്ചു. ബിജെപി ദേശീയ സെക്രട്ടറി മഹീഷ് ഗിരിയടക്കമുള്ളവർ അറസ്റ്റിനെതിരെ രംഗത്തുവന്നു. നിലവിലുള്ള നിയമമനുസരിച്ച് വ്യാജ വാർത്തയെ കൈകാര്യം ചെയ്യാമെന്നിരിക്കെ, അതിന് അനുവദിക്കാതിരിക്കുന്നവർ തന്നെ 'വ്യാജ വാർത്ത എഴുതുന്നയാളുടെ അ്രകെഡിറ്റേഷൻ റദ്ദാക്കും' എന്ന ഭീഷണി മുഴക്കുന്നു എന്നതാണ് ഇവിടത്തെ വിരോധാഭാസം. വ്യാജവാർത്ത പരാതി വന്നാൽ അത് പ്രസ് കൗൺസിൽ തീരുമാനിക്കട്ടെയെന്ന പരാമർശത്തോടെ വിവാദ സർക്കുലറിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൈയൊഴിഞ്ഞതോടെ അത് പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായിട്ടുണ്ട്. എന്നാൽ, ഇത്തരം നീക്കങ്ങളിൽനിന്ന് പിന്മാറുന്നതിന്റെ സൂചനയായി ഇതിനെ കാണാനാകില്ല. വ്യാജ വാർത്താ സ്രഷ്ടാവിനെ സംരക്ഷിക്കുന്നതും തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്ത എഴുതുന്നവരെ സംഹരിക്കുന്നതുമാണ് ബിജെപിയുടെ മനോഗതി. അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത് ●


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top