19 April Friday

പഴമുറവുമായി സൂര്യനുനേരെ

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2016

പഴമുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ നോക്കുക എന്നൊരു പഴമൊഴി ഉണ്ട്. അതിലെ കീറപ്പഴമുറവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആ പഴമുറമാണ് അദ്ദേഹത്തിന്റെ തുറന്ന കത്ത്. ജുഡീഷ്യറിയുടെ അഗ്നിപരിശോധനയില്‍നിന്ന് ഊതിക്കാച്ചിയ പൊന്നുപോലെ സംശുദ്ധി തെളിയിച്ച് ഉയര്‍ന്നുവന്നവരെ കോടതിയെ ഭയന്ന് ഭരണാധികാരം ദുരുപയോഗിച്ച് തെളിവ് നശിപ്പിക്കുന്ന ഭീരുക്കളുമായി താരതമ്യംചെയ്യാനും അങ്ങനെ രണ്ടുകൂട്ടരും ഒരുപോലെ എന്ന പ്രതീതി ജനിപ്പിക്കാനും ശ്രമം നടക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കള്ളങ്ങള്‍ കൊരുത്തുണ്ടാക്കിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ തുറന്ന കത്ത്.

കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍ കേസ് എന്നതുപോലെ വി എം സുധീരന്റെ കത്തും. ലാവ്ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പറഞ്ഞു എന്ന നട്ടാല്‍ കുരുക്കാത്ത കൊടുംകള്ളത്തില്‍ ആരംഭിക്കുന്നു ആ കത്ത്. തുടര്‍ന്നങ്ങോട്ട് നീങ്ങുന്നതും കള്ളങ്ങളുടെ കൃത്രിമവഴികളിലൂടെത്തന്നെ.

സോളാര്‍ തട്ടിപ്പിലും അനുബന്ധ സദാചാരവിരുദ്ധ ജീര്‍ണവൃത്തികളിലുംപെട്ട് ജീര്‍ണിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയെക്കുറിച്ച് നല്ലതുപറയാന്‍ ഒന്നുമില്ല എന്ന തിരിച്ചറിവില്‍നിന്നാകണം ആ വഴി വിട്ട് വി എം സുധീരന്‍ കോടതി നേരത്തേതന്നെ ഇഴകീറി പരിശോധിച്ച് തീര്‍പ്പാക്കിയ ലാവ്ലിന്‍ കേസില്‍ കയറിപ്പിടിച്ചത്. എഫ്ഐആര്‍പോലും നിലനില്‍ക്കില്ല എന്നു കോടതി കണ്ടെത്തിയ, വിചാരണയ്ക്കുപോലും അര്‍ഹമല്ലാത്തത് എന്നു കോടതി വിലയിരുത്തിയ ലാവ്ലിന്‍ കേസെവിടെ, മുഖ്യമന്ത്രിയുടെ പങ്കാളിത്തം അനുദിനം വ്യക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതിതന്നെ നിര്‍ദേശിച്ച സോളാര്‍ തട്ടിപ്പുകേസെവിടെ? സോളാര്‍ കേസിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാതാകുമ്പോള്‍ ലാവ്ലിന്‍ എന്നു പുലമ്പിയാല്‍ മതിയോ?
വി എം സുധീരന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ മറുപടി പറയേണ്ട കാര്യമില്ല. കാരണം, കോടതിതന്നെ കൃത്യമായി എല്ലാം പറഞ്ഞുവച്ചിട്ടുണ്ട്. പിണറായി വിജയന്‍ പ്രതിയല്ല എന്നു പറഞ്ഞിട്ടുണ്ട്. എഫ്ഐആര്‍ നിലനില്‍ക്കില്ല എന്നും പറഞ്ഞിട്ടുണ്ട്. കേസ് തന്നെ നീതിരഹിതമാണെന്നു പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവരെയാകെ വിട്ടയച്ചിട്ടുണ്ട്.

ഇതൊക്കെ വി എം സുധീരന് അറിയാത്തതല്ല. കോടതി തീര്‍പ്പ് അംഗീകരിക്കാത്തതുമല്ല. കോടതിവിധിയില്‍ എന്തെങ്കിലും സംശയം വി എം സുധീരനും കൂട്ടര്‍ക്കും ബാക്കിനിന്നിരുന്നുവെങ്കില്‍ വിധി വന്ന ഘട്ടത്തില്‍ അതുന്നയിക്കുമായിരുന്നല്ലോ. അതുമല്ലെങ്കില്‍ കെപിസിസി പ്രസിഡന്റായ ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് വിധി ചോദ്യംചെയ്ത് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുമായിരുന്നല്ലോ. അതൊന്നുമുണ്ടായില്ല. വിധിവന്ന് രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. ഈ നീണ്ട ഘട്ടത്തിലൊക്കെ മറുത്തൊരു അഭിപ്രായവുമില്ലായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 'ലാവ്ലിന്‍' എന്നുപറഞ്ഞ് വീണ്ടും കോടതിയിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടമാകാറായപ്പോള്‍ ലാവ്ലിന്‍ മുന്‍നിര്‍ത്തി വി എം സുധീരന്‍ തുറന്ന കത്തുമായി എത്തി. ഉദ്ദേശ്യം വ്യക്തം. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് തെരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുക എന്നതുതന്നെ. ജനം വിഡ്ഢികളല്ല. ഇത്രകാലവും നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ഈ കബളിപ്പിക്കല്‍ പരിപാടിയായിരുന്നു എന്ന് അവര്‍ക്കറിയാം. ജനങ്ങള്‍ക്ക് വെളിച്ചവും ആരോഗ്യപരിരക്ഷയും നല്‍കാന്‍ ധീരമായി മുന്‍കൈയെടുത്തുനീങ്ങിയ ഒരു നേതാവിനെ കള്ളക്കേസില്‍ കുരുക്കി എന്നേക്കുമായി ഒതുക്കാന്‍ നിങ്ങള്‍ കണ്ടെത്തിയ വിദ്യയാണ് ലാവ്ലിന്‍ കേസ് എന്നത് ജനങ്ങള്‍ക്കറിയാം. അതിന് ചുട്ടമറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ് ജനം. ഈ ഘട്ടത്തില്‍ മറ്റൊരു തട്ടിപ്പുതന്ത്രം വേണ്ട.
ലാവ്ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഘട്ടമാകട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നോ നിങ്ങള്‍ എന്നു സിബിഐയോട് മുമ്പ് കോടതിതന്നെ ചോദിച്ച ചോദ്യം ജനമനസ്സുകളില്‍ മുഴങ്ങുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് അന്വേഷിച്ചിട്ട് കഴമ്പില്ലാത്തത് എന്നു കണ്ടെത്തിയശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം കേസ് സിബിഐക്കു വിടാന്‍ യുഡിഎഫ് മന്ത്രിസഭായോഗം നിശ്ചയിച്ചൂ എന്നതും അത് രാഷ്ട്രീയമുതലെടുപ്പിനു വേണ്ടിയായിരുന്നുവെന്നതും ജനങ്ങളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നുണ്ട്. ഒടുവില്‍ ആ കള്ളക്കേസ് സിബിഐ കോടതി ചുരുട്ടി കുട്ടയിലെറിഞ്ഞു. അങ്ങനെയേ സംഭവിക്കൂ എന്നത് യുഡിഎഫിനറിയാമായിരുന്നു. അതുകൊണ്ടാണല്ലോ, കേസ് വിധി വന്നിട്ടും അതിന്മേല്‍ നടപടിയുണ്ടാകാതിരുന്നത്. അതിനുശേഷം രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വന്നു. അപ്പോഴിതാ വീണ്ടും 'ലാവ്ലിന്‍' കൊണ്ടുവരാന്‍ നോക്കുന്നു.

ലാവ്ലിന്‍ കേസില്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നു എന്നാണ് സുധീരന്റെ ചോദ്യം. അങ്ങനെയൊരു കേസ് ഇല്ലാത്തതുകൊണ്ട് എന്നതാണുത്തരം. സിബിഐ കോടതി തീര്‍പ്പുകല്‍പ്പിച്ചപ്പോഴേ ആ കേസ് കഴിഞ്ഞു. ഇന്നിപ്പോള്‍ ഏറെ വൈകി തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസ് അതു കുത്തിപ്പൊക്കാന്‍ ശ്രമിച്ചുതുടങ്ങിയെന്നതു വേറെ കാര്യം. പിണറായി വിജയന്‍ പ്രതിയായ ഒരു കേസും നിലനില്‍ക്കുന്നില്ല. എഫ്ഐആര്‍ നിലനില്‍ക്കുന്നില്ല. വിചാരണപോലും ആവശ്യമില്ലാത്തവിധം നിരപരാധിത്വം തെളിഞ്ഞ കേസാണിത് എന്നു കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതാണിത്. അതുകൊണ്ടുതന്നെ പ്രതികരണമര്‍ഹിക്കുന്ന ഒന്നല്ല ഇത്.

ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്ന് സ്വന്തം വിജിലന്‍സിനെക്കൊണ്ട് കേസ് തേച്ചുമായ്ച്ചതുപോലെയോ കേസ് പിന്‍വലിച്ച് രക്ഷപ്പെട്ടതുപോലെയോ അല്ല. ഉമ്മന്‍ചാണ്ടിയുടെ വിജിലന്‍സും യുപിഎയുടെ സിബിഐയുമാണ് അത് അന്വേഷിച്ചത്. ഉമ്മന്‍ചാണ്ടിയും ബാബുവുമൊക്കെ മന്ത്രിക്കസേരയിലിരുന്ന് വിജിലന്‍സിന് കല്‍പ്പന കൊടുത്ത് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാക്കിയതുപോലെയല്ല എന്നര്‍ഥം. ആ കേസ് തട്ടിപ്പടച്ചുണ്ടാക്കിയ കേസാണെന്ന് സിബിഐ കോടതി കണ്ടെത്തി; തള്ളിക്കളഞ്ഞു. അതോടെ പിണറായി പ്രതിപോലുമല്ലാതായി. പിന്നെ എന്തിന് പ്രതികരിക്കണം?

ബിജെപിക്കാരും 'ലാവ്ലിന്‍' എന്നു പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അവരോട് ഒരു കാര്യംകൂടി പറയാം. നരേന്ദ്ര മോഡി കഴിഞ്ഞാല്‍ രണ്ടാമനാണല്ലോ നിയമജ്ഞനായ അരുണ്‍ ജെയ്റ്റ്ലി. യുപിഎ ഭരണകാലത്ത് ദല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ സിബിഐയുടെ നിഷ്പക്ഷതയെക്കുറിച്ച് ഒരു സെമിനാറുണ്ടായിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട്, സിബിഐയെ ഭരണകൂടം ദുരുപയോഗിക്കുന്നതിന്റെ ക്ളാസിക്കല്‍ എക്സാമ്പിള്‍ ആണ് ലാവ്ലിന്‍ കേസ് എന്നു പറഞ്ഞത് നിങ്ങളുടെ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ്. അതിലെ ചാര്‍ജ് ഷീറ്റ് കണ്ട് താന്‍ ഞെട്ടിത്തരിച്ചുപോയെന്നും ഒരുവിധത്തിലും നിലനില്‍ക്കാത്ത കേസാണതെന്നും അരുണ്‍ ജെയ്റ്റ്ലി അന്ന് പറഞ്ഞു. അതുകൊണ്ട് ബിജെപിക്കാര്‍ ഈ കേസിനെക്കുറിച്ചറിയാന്‍ സിപിഐ എമ്മിനോട് ചോദിക്കേണ്ട; അരുണ്‍ ജെയ്റ്റ്ലിയോട് ചോദിച്ചാല്‍മതി.

അതുകൊണ്ട് വി എം സുധീരന്‍ ഇന്ന് ചോദിക്കുന്ന ചോദ്യങ്ങളൊക്കെ പണ്ടേ സിബിഐ കോടതി പരിഹാരംകണ്ട നിയമ പ്രശ്നങ്ങളാണ്. യുഡിഎഫ് സര്‍ക്കാര്‍ ജീര്‍ണിച്ചുപോയതിന് സിപിഐ എമ്മിന്റെ മെക്കിട്ടുകയറേണ്ട. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന വിദ്യ വേണ്ട


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top