25 April Thursday

‘ദേശേര്‍ കഥ'യെ നിശബ്‌ദമാക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 3, 2018

 തിർശബ്ദങ്ങളെ നിശബ്ദമാക്കാൻ മോഡി സർക്കാർ ഏതറ്റംവരെയും പോകുമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ത്രിപുര ദിനപത്രമായ ‘ദേശേര്‍  കഥ'യുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി. ത്രിപുരയിൽനിന്ന് നാല് ദശാബ്ദമായി പ്രസിദ്ധീകരിക്കുന്ന ബംഗാളി ദിനപത്രമാണിത്. പ്രചാരണത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ ദിനപത്രമായ ദേശർ കഥ പുരോഗമനസ്വഭാവം വച്ചുപുലർത്തുന്നതും ഇടതുപക്ഷ  ആശയങ്ങൾക്ക് ഇടം നൽകുന്നതുമായ പത്രമാണ്.  ഇതുകൊണ്ടുതന്നെയാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ഈ പത്രം ഇരയായത്. ഇതിന്റെ ഫലമായി ഗാന്ധിജയന്തിദിനംമുതൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തിവയ‌്ക്കേണ്ടിയും വന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അത്യപൂർവമായ സംഭവമാണിത്. 

തീർത്തും സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പത്രത്തിന്റെ രജിസ്ട്രേഷൻ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. പത്രത്തിന്റെ ഉടമസ്ഥാവകാശവും മറ്റും ദേേശർ കഥ സൊസൈറ്റിയിൽനിന്ന‌് അടുത്തിടെയാണ് ദേേശർ കഥ ട്രസ്റ്റിലേക്ക് മാറ്റിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും യഥാസമയം രജിസ‌്ട്രാർ ഓഫ് ന്യൂസ‌്‌പേപ്പറിന് (ആർഎൻഐ) സമർപ്പിച്ചിരുന്നു. പത്രം പ്രസിദ്ധീകരിക്കുന്ന അഗർത്തലയിലെ സദറിലുള്ള സബ്ഡിവിഷണൽ മജിസ‌്ട്രേട്ടിന്റെ അംഗീകാരത്തോടൊപ്പമാണ് ആർഎൻഐക്ക് ഉടമസ്ഥാവകാശവും മറ്റും മാറുന്നതിനുള്ള അപേക്ഷ നൽകിയിരുന്നത്. ഇത് പരിശോധിച്ച ആർഎൻഐ അതിന് അംഗീകാരം നൽകുകയും ഒക്ടോബർ ഒന്നിനുതന്നെ ഇക്കാര്യം അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുശേഷം മണിക്കൂറുകൾക്കകമാണ് രാത്രിയോടെ പത്രത്തിന്റെ രജിസ‌്ട്രേഷൻ  റദ്ദാക്കപ്പെട്ടത്.  ത്രിപുരയിലെ ബിജെപി സർക്കാർ നേരിട്ട് ഇടപെട്ടാണ് കലക്ടർവഴി ആർഎൻഐ നേരത്തെ നൽകിയ അംഗീകാരം പിൻവലിച്ചത്.

സംസ്ഥാനത്ത് മാർച്ചിൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ കടുത്ത കടന്നാക്രമണങ്ങൾ നടക്കുകയാണ്. ബിജെപി സർക്കാരിന്റെ കൊള്ളരുതായ്മയും അഴിമതിയും വർഗീയനയങ്ങളും തുറന്നുകാട്ടുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പത്രമാണ് ‘ദേേശർ കഥ'. അതുകൊണ്ടുതന്നെ ഈ പത്രത്തിനെതിരെ നിരന്തര ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന റോഡ് ട്രാൻസ്പോർട്ട‌് ബസിൽ പത്രം കൊണ്ടുപോകുന്നത് തടഞ്ഞു. പല സ്ഥലത്തും ആർഎസ്എസ് ബിജെപി പ്രവർത്തകർ പത്രവിതരണം തടസ്സപ്പെടുത്തുകയും പത്രക്കെട്ടുകൾ കത്തിക്കുകയും ചെയ്തു. അഞ്ചിടത്ത് പത്രറിപ്പോർട്ടർമാരെ ക്രൂരമായി മർദിച്ചു. ഇതു സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുകയും അവർ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും വിശദീകരണം തേടുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് രാഷ്ടീയ ഇടപെടലിന്റെ  ഭാഗമായി പത്രത്തിന്റെ രജിസ‌്ട്രേഷൻ റദ്ദാക്കിയത്. ഒരുഭാഗത്ത് സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കുകയും മറുഭാഗത്ത് എതിർശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യുകയാണ്. അടിയന്തരാവസ്ഥക്കാലത്തെപ്പോലും പിന്നിലാക്കുന്ന അർധ ഫാസിസ്റ്റ‌് വാഴ്ചയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യവിശ്വാസികളെല്ലാം തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top