27 April Saturday

കാവിപ്പടയുടെ ഭീകരമുഖം

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2022


ലോകത്തിന്‌ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന  ഏറ്റവും ഭീകരങ്ങളായ സംഘടനകളിൽ ഒന്നാണ്‌ ആർഎസ്‌എസ്‌ എന്ന്‌ പല സാമൂഹ്യപഠനങ്ങളും നിരീക്ഷിച്ചിട്ടുണ്ട്‌. 1925ൽ രൂപീകരണകാലംമുതൽ അതിന്റെ നാൾവഴികൾ തെളിഞ്ഞതുമാണ്‌. മൊറാദാബാദ്‌, ഭീവണ്ടി, മുംബൈ, ജെംഷഡ്‌പുർ, മഥുര തുടങ്ങി അസംഖ്യം വർഗീയ കലാപങ്ങൾ. ഗാന്ധിവധം, ബാബ്‌റി മസ്‌ജിദ്‌ തകർക്കൽ, ഗുജറാത്ത്‌ വംശഹത്യ, കന്യാസ്‌ത്രീകളെ അപമാനിച്ച്‌ ചുട്ടുകൊന്നതും ബൈബിൾ അഗ്നിക്കിരയാക്കിയതും പള്ളികൾ നിലംപരിശാക്കിയതുമടക്കം കന്ദമലിലെ ക്രിസ്‌ത്യൻ ഉന്മൂലനശ്രമം. ഹുബ്ലി  ലക്ഷ്യമാക്കിയുള്ള കർണാടകയിലെ ആക്രോശങ്ങൾ. കലബുർഗി, പൻസാരെ, ഗൗരീലങ്കേഷ്‌ തുടങ്ങിയ സ്വതന്ത്ര ചിന്തകരെ അവസാനിപ്പിക്കൽ. പശുവിനെ മുൻനിർത്തിയുള്ള നരഹത്യ. എന്നിങ്ങനെ കാവിപ്പടയുടെ വിഷപ്പല്ലുകൾ രാജ്യശരീരത്തിൽ ചോരയൊലിപ്പിക്കുകയാണ്‌. നിരപരാധികളെ വേട്ടയാടുന്നതിന്‌ എല്ലാ സന്നാഹവും ഒരുക്കുന്നു. ന്യൂനപക്ഷ‐ ദളിത്‌ വിഭാഗങ്ങളെ കശക്കിയെറിയുകയുമാണ്‌. അതിനുപുറമെ വൻകൊള്ളകളും  കൂട്ടബലാത്സംഗങ്ങളും.

തെരഞ്ഞെടുപ്പുജയങ്ങളെന്ന സങ്കുചിത താൽപ്പര്യം മുറുകെപ്പിടിച്ച്‌ സംഘപരിവാരം എത്രയോ  ഹീനമായ അതിക്രമ പരമ്പരകൾ പുറത്തെടുത്തിട്ടുണ്ട്‌. ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ വ്യാപകമായി ബോംബുസ്‌ഫോടനങ്ങൾ നടത്തിയതായി പല സംഭവത്തിലും ഭാഗഭാക്കായ മുൻ ആർഎസ്‌എസുകാരന്റെ  കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തൽ അതിന്‌ തെളിവുനൽകുകയാണ്‌. മഹാരാഷ്ട്രയിലെ നാന്ദേഡ്‌ സ്വദേശി യശ്വന്ത്‌ ഷിൻഡെയാണ്‌ രാജ്യം ഞെട്ടിയ ഗുരുതര വസ്‌തുതകളുമായി  പ്രാദേശിക കോടതിയെ സമീപിച്ചത്‌. 2006ൽ  അവിടത്തെ  ആർഎസ്‌എസ്‌ ബോംബുഫാക്ടറിയിലെ അവിചാരിത സ്‌ഫോടനത്തിൽ  രണ്ട്‌ സ്വയംസേവകർ മരിച്ചതിന് സാക്ഷിയാണെന്നും സംഭവത്തിനു പിന്നിലെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അയാൾ അഭ്യർഥിച്ചു. അറിയപ്പെടുന്ന തലമുതിർന്ന  ആർഎസ്‌എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറാണ്‌ ബോംബുനിർമാണത്തിന്റെയും സ്‌ഫോടനങ്ങളുടെയും മുഖ്യസൂത്രധാരകനെന്നും കൂട്ടിച്ചേർത്തു.

ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്‌,  ബജ്‌റംഗ്‌ദൾ തുടങ്ങിയ പരിവാർ ദളങ്ങളുടെയെല്ലാം  പ്രധാന  കർസേവകനായിരുന്നു യശ്വന്ത്‌ ഷിൻഡെ. 1994ൽ ആർഎസ്‌എസ്‌ വിസ്‌താരകായും രണ്ടുവർഷത്തിനുശേഷം പ്രചാരകായും സ്ഥാനക്കയറ്റം. 1999ൽ ബജ്റംഗ്‌ദൾ  നേതൃത്വത്തിൽ എത്തി. ബോംബുനിർമാണവും വിജയകരമായി നടപ്പാക്കിയ സ്‌ഫോടനങ്ങളും ചിത്രീകരിച്ച  അയാളുടെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.  എന്തിനുംപോന്ന ഉശിരന്മാരായ ഏതാനും യുവാക്കളെ റിക്രൂട്ടുചെയ്‌ത്‌ എത്തിക്കണമെന്ന്‌ 1999ൽ ഇന്ദ്രേഷ്‌ സംഘടനാപരമായി ആവശ്യപ്പെട്ടെന്ന് ഷിൻഡെ കോടതിയിൽ മൊഴിനൽകി. ബോംബുനിർമാണത്തിനിടെ മരിച്ച  രണ്ടാളുകളും താനും ഉൾപ്പെടെ  എട്ടുപേർ ജമ്മുവിലെ ആയുധ പരിശീലനക്കളരിയിലേക്ക്‌ പോയി. പ്രധാന സൈനികോദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അത്‌. 2004ലെ തെരഞ്ഞെടുപ്പുകൾ  ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങളുടെ  ആസൂത്രണം. നാന്ദേഡിൽ സ്വയംസേവകരുടെ ജീവഹാനിക്ക്‌ ഉത്തരവാദികൾ വിശ്വഹിന്ദുപരിഷത്ത്‌ ജനറൽ സെക്രട്ടറി മിലിന്ദ്‌ പരാൻഡെയടക്കമുള്ളവരാണ്‌. ബോംബുനിർമാണത്തിന്റെ പിന്നിലെ ആസൂത്രകരെ നിയമത്തിന്‌ മുന്നിലെത്തിക്കണം. ബോംബ്‌ വയ്‌ക്കുന്നതിനോടും നിരപരാധികളെ കൊന്നൊടുക്കുന്നതിനോടും താൻ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. അതിനാൽമാത്രം ഒട്ടേറെ വൻ അത്യാഹിതങ്ങൾ ഒഴിവായെന്നും ഷിൻഡെ വിശദമാക്കി. 2004 മുതൽ പലേടത്തും സ്ഫോടനങ്ങൾക്ക്‌ പദ്ധതിയിട്ടു. ആ വർഷം കേന്ദ്രത്തിൽ ബിജെപിക്ക്‌  ഭരണം നഷ്ടമായതോടെ രഹസ്യസേന ഉൾവലിഞ്ഞു. അജ്ഞാതയിടങ്ങളിലും ആസൂത്രണം തുടർന്നു. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ വീണ്ടും സജീവമായി. മലേഗാവ്‌, മെക്ക മസ്ജിദ്‌, സംഝോത എക്‌സ്‌പ്രസ്‌ സ്‌ഫോടനങ്ങൾക്കു പിന്നിൽ ഹിന്ദുത്വ ശക്തികളാണെന്ന  ദേശീയ അന്വേഷണ ഏജൻസിയുടെ  കണ്ടെത്തൽ  മറക്കാതിരിക്കാം. പാർലമെന്റംഗമായ പ്രഗ്യാസിങ്‌ ഠാക്കൂർ, സ്വാമി അസീമാനന്ദ, കേണൽ ശ്രീകാന്ത്‌ പുരോഹിത്‌ തുടങ്ങിയവരും കേസിൽ  പ്രതികളാണ്‌. പക്ഷേ, എല്ലാ തുടർനടപടികളും മോദി തകിടംമറിച്ചു. ഷിൻഡെയുടെ വെളിപ്പെടുത്തലിനും ആ ഗതിയാകാനാണ്‌ സാധ്യത.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top