23 April Tuesday

മോഡിയുടെ ലക്ഷ്യം സബ്‌സിഡിമുക്ത ഭാരതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017


കോണ്‍ഗ്രസ്മുക്ത ഭാരതത്തെക്കുറിച്ചും പ്രതിപക്ഷമുക്ത ഭാരതത്തെക്കുറിച്ചും പറഞ്ഞ മോഡി-അമിത് ഷാ കൂട്ടുകെട്ട് ഇപ്പോള്‍ പറയുന്നത് സബ്സിഡിമുക്ത ഭാരതത്തെക്കുറിച്ചാണ്. ഇവര്‍ വിഭാവനംചെയ്യുന്ന രാമരാജ്യത്തില്‍ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും രക്ഷയുണ്ടാവില്ലെന്നര്‍ഥം. കോടിപതികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കുംമാത്രമായിരിക്കും ഇനി സബ്സിഡികള്‍ക്ക് അര്‍ഹത. ദരിദ്രനാരായണന്മാര്‍ക്കും മധ്യവര്‍ഗത്തിനും ആശ്വാസമേകിയിരുന്ന സബ്സിഡികളൊക്കെയും ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാരിന്റെ നയമെന്ന് ഓരോദിവസം കഴിയുന്തോറും ബോധ്യപ്പെട്ടുവരികയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന തുച്ഛമായ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനുള്ള നീക്കം.

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് മാസത്തില്‍ നാല് രൂപ കുറച്ച് മാര്‍ച്ച് മാസത്തോടെ സബ്സിഡിരഹിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  അതായത് അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ സബ്സിഡി പൂര്‍ണമായും ഇല്ലാതാകുമെന്നര്‍ഥം. ദരിദ്രര്‍ക്ക് സബ്സിഡി നല്‍കുന്നതിനായി സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ സബ്സിഡി ഉപേക്ഷിക്കണമെന്ന് ആഹ്വാനംചെയ്തത് പ്രധാനമന്ത്രിതന്നെയാണ്. രാജ്യത്തെ എല്ലാ പെട്രോള്‍പമ്പുകളിലും ഇതുസംബന്ധിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ഇപ്പോഴും കാണാം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ വിശ്വസിച്ച് പത്തുലക്ഷംപേരാണ് പാചകവാതക സബ്സിഡി ഉപേക്ഷിച്ചത്. പാവങ്ങള്‍ക്ക് തുടര്‍ന്നും സബ്സിഡി ഉറപ്പുവരുത്താനാണ് ഇവര്‍ സ്വന്തം സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറായത്. എന്നാല്‍, പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് സബ്സിഡി പൂര്‍ണമായും എടുത്തുകളയുമെന്നാണ്.  പാവങ്ങള്‍ക്കായി സബ്സിഡി ഉറപ്പുവരുത്താനല്ല, മറിച്ച് സബ്സിഡി തന്നെ ഉപേക്ഷിക്കുക എന്ന നവ ഉദാരവല്‍ക്കരണനയത്തിന്റെ ചുവടുപിടിച്ചാണ് സാമ്പത്തികമായി ശേഷിയുള്ളവരോട് സബസിഡി സ്വയം ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനംനല്‍കിയതെന്നര്‍ഥം. അതിനുശേഷം സബ്സിഡി ഉപേക്ഷിച്ചവരെ ഉയര്‍ത്തിക്കാട്ടി അതര്‍ഹിക്കുന്ന വിഭാഗത്തിനുള്ള സബ്സിഡി സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുകളയുകയുംചെയ്തിരിക്കുന്നു. 'സബ്കാ സാഥ് സബ് കാ വികാസ'് എന്ന ബിജെപിയുടെ മുദ്രാവാക്യമാണ് ഇതുവഴി മോഡി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ടാറ്റയും ബിര്‍ളയും അംബാനിയും അദാനിയും അസിം പ്രേംജിയും മഹീന്ദ്രയും ജിന്‍ഡാലും പാചകവാതക സബ്സിഡി ഉപേക്ഷിച്ചിരിക്കുന്നു. അതിനാല്‍ പാവങ്ങള്‍ക്ക് അത് തുടര്‍ന്നും നല്‍കുന്നതില്‍ യുക്തിയില്ലെന്നുമാത്രമല്ല കടുത്ത വിവേചനവുമാണ്, അതിനാല്‍ എല്ലാവരുടെയും സബ്സിഡി ഉപേക്ഷിച്ചിരിക്കുന്നു എന്ന വാദമാണ് മോഡിയും അമിത് ഷായും നല്‍കുന്നത്.  എന്നാല്‍, ലക്ഷക്കണക്കിന് കോടിയുടെ നികുതിയിളവും വായ്പാതിരിച്ചടവ് ഇളവും ലഭിക്കുന്ന അതിസമ്പന്നര്‍ക്കുള്ള ഒരാനുകുല്യവും സാധാരണജനങ്ങള്‍ക്ക് ലഭിക്കുന്നുമില്ല. മോഡി-അമിത് ഷാ ഭരണം ആര്‍ക്കൊപ്പമാണെന്നതിന് കൂടുതല്‍ പഠനവും തെളിവും ഒന്നും ആവശ്യമില്ലെന്നര്‍ഥം. 

നവ ഉദാരവല്‍ക്കരണനയം അംഗീകരിക്കുന്നവരൊക്കെ അതാരായാലും കോണ്‍ഗ്രസായാലും ബിജെപിയായാലും പ്രാദേശിക കക്ഷികളായാലും ചെയ്തുകൊണ്ടിരിക്കുന്നത് പാവങ്ങളുടെ കീശ കൊള്ളയടിക്കുകതന്നെയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി റേഷന്‍ സബ്സിഡി നിജപ്പെടുത്തുന്നുവെന്ന് പറഞ്ഞ് റേഷന്‍ സമ്പ്രദായത്തെത്തന്നെ അട്ടിമറിച്ചതുപോലെതന്നെയാണിപ്പോള്‍ പാചകവാതക സബ്സിഡിയും ഇല്ലാതാക്കുന്നത്. രാസവള സബ്സിഡിയുടെ കാര്യവും സമാനമാണ്.  ഏതായാലും പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു.  രാജ്യസഭ ഈ വിഷയത്തില്‍ രണ്ടുതവണ നിര്‍ത്തിവച്ചപ്പോള്‍ ലോക്സഭയും ബഹളത്തില്‍ മുങ്ങി. സാമ്പത്തിക ഉദാരവല്‍ക്കരണ നയം രാജ്യത്ത് ആദ്യമായി നടപ്പാക്കി സബ്സിഡികള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കുകയും സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുകയുംചെയ്ത കോണ്‍ഗ്രസ് പാര്‍ടിക്ക് പോലും ഇപ്പോള്‍ അതേ നയത്തിനെതിരെ പാര്‍ലമെന്റില്‍ ശബ്ദിക്കേണ്ടിവന്നു. ബിജെപി പ്രതിപക്ഷത്തായപ്പോഴും ഇതുതന്നെയാണ് നടന്നത്. എന്നാല്‍, 25 വര്‍ഷത്തിനുമുമ്പ് നരസിംഹറാവുവും മാന്‍മോഹന്‍സിങ്ങും നവ ഉദാരവല്‍ക്കരണനയം രാജ്യത്ത് നടപ്പാക്കിയപ്പോള്‍മുതല്‍ അതിനെ എതിര്‍ത്ത ഇടതുപക്ഷം ആ എതിര്‍പ്പ് ഇപ്പോഴും തുടരുകയാണെന്ന് കഴിഞ്ഞദിവസം പാര്‍ലമെന്റിലുണ്ടായ സംഭവം തെളിയിച്ചു.

അവസാനം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് സബ്സിഡി റദ്ദാക്കുന്നില്ല, യുക്തിസഹമാക്കുകമാത്രമാണ് ചെയ്യുന്നതെന്ന് പറയേണ്ടിവന്നു. പക്ഷേ നവ ഉദാരവല്‍ക്കരണനയത്തിന്റെ ഭാഷാപ്രയോഗത്തില്‍ സബ്സിഡി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ഉപയോഗിക്കുന്ന പദപ്രയോഗംമാത്രമാണ് ഈ 'യുക്തിസഹമാക്കല്‍' എന്ന കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.  പാവങ്ങള്‍ക്കുള്ള എല്ലാ സബ്സിഡിയും രാജ്യത്തിന്റ്െ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാകാത്ത നഷ്ടവും അതിസമ്പന്നര്‍ക്ക് നല്‍കുന്ന എല്ലാ സബ്സിഡിയും രാജ്യപുരോഗതിക്ക് അനിവാര്യവും എന്നതാണ് മോഡിയുടെയും അമിത് ഷായുടെയും നയം. ഈ നയത്തെ എതിര്‍ക്കുന്നവരാകട്ടെ രാജ്യദ്രോഹികളും! മോഡി-അമിത് ഷാ കൂടുകെട്ടിന്റെ കൂറ് അതിസമ്പന്നരോട് മാത്രമാണെന്ന് തിരിച്ചറിയാതെപോകുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം. അതിനെതിരെയാണ് രാജ്യം ഒറ്റക്കെട്ടായി ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top