19 April Friday

ചെറുക്കണം റെയിൽവേ സ്വകാര്യവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ജനങ്ങളുടെ നിത്യജീവിതവുമായി ഇഴുകിച്ചേർന്ന ഗതാഗത സംവിധാനമാണ്‌ ഇന്ത്യൻ റെയിൽവേ. ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും സ്വാതന്ത്ര്യസമരത്തിലും റെയിൽവേക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. 167 വർഷംമുമ്പ്‌ ബ്രിട്ടീഷ് ‌ഭരണകാലത്ത്‌ ആരംഭിച്ച റെയിൽവേ ഇന്ന്‌ ഒരു മഹാപ്രസ്ഥാനമായി വളർന്നുപന്തലിച്ചു നിൽക്കുന്നു. 67000 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന പാത. ദൈനംദിനം പതിമൂവായിരത്തിലധികം യാത്രാവണ്ടിയും ഒമ്പതിനായിരത്തിലധികം ചരക്കുവണ്ടിയും. പ്രതിദിനം 2.3 കോടി യാത്രക്കാർ. ചെറുതും വലുതുമായി ഏഴായിരത്തിമുന്നൂറിലധികം സ്‌റ്റേഷൻ. 14 ലക്ഷം ജീവനക്കാർ. ലോകത്തിലെ നാലാമത്തെ റെയിൽവേ ശൃംഖലയാണ്‌ ഇന്ത്യയിലേത്‌. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ യാത്രയുടെ‌ പര്യായമായി മാറിയ ഇന്ത്യൻ റെയിൽവേ എന്ന ഈ മഹാപ്രസ്ഥാനത്തെ തകർക്കാർ മോഡി സർക്കാർ നീക്കം ആരംഭിച്ചിരിക്കുന്നു.

രാജ്യം മുഴുവൻ കോവിഡ്‌ –-19 മഹാമാരിയെ പിടിച്ചുകെട്ടാൻ കൈയും മെയ്യും മറന്ന് പൊരുതുമ്പോഴാണ്‌ അണിയറയിൽ  റെയിൽവേയെ സ്വകാര്യവൽക്കരിക്കാൻ തിരക്കിട്ട കരുനീക്കങ്ങൾ നടക്കുന്നത്‌. 109 റൂട്ടിലായി 150 യാത്രാവണ്ടി ഓടിക്കാനാണ്‌ സർക്കാർ സ്വകാര്യമേഖലയിൽനിന്ന്‌ ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്‌. കോവിഡ്‌ കാരണം ഏപ്രിലിൽ ക്ഷണിക്കാനിരുന്ന ടെൻഡറുകളാണ്‌ ഇപ്പോൾ ക്ഷണിച്ചിട്ടുള്ളത്‌. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റൂട്ടുകളാണ്‌ സ്വകാര്യമേഖലയ്‌ക്ക്‌ അനുവദിക്കുന്നത്‌. ആദ്യഘട്ടത്തിൽ അഞ്ച്‌ ശതമാനം സർവീസുകളാണ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുക. ഇതിന്റെ ഭാഗമായി പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നതിന്‌ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്‌. നിലവിലുള്ള തസ്‌തികകൾ പകുതി മരവിപ്പിക്കാനും റെയിൽവേ ബോർഡ്‌ തീരുമാനിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ സ്വകാര്യവൽക്കരിച്ച ദുഷ്‌പേര്‌ മോഡി സർക്കാരിനായിരിക്കും. ഡൽഹി–-ലഖ്‌നൗ റൂട്ടിൽ തേജസ്‌ എക്‌സ്‌‌പ്രസ്‌ സർവീസിന്‌ തുടക്കമിട്ടതോടെയാണ്‌ വർധിച്ച സ്വകാര്യവൽക്കരണത്തിന്‌ മോഡിസർക്കാർ വാതിൽതുറന്നത്‌. റെയിൽവേ ബജറ്റ്‌ വേണ്ടെന്നു‌വച്ചതും സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയായിരിക്കാം. വർഷങ്ങളായി രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ കെട്ടിപ്പടുത്ത റെയിൽവേയുടെ പശ്‌ചാത്തല സൗകര്യങ്ങളാണ്‌ പണമൊന്നും മുടക്കാതെ ഉപയോഗിക്കാൻ സ്വകാര്യമേഖലയ്‌ക്ക്‌‌ കഴിയുന്നത്‌. 


 

ദുരന്തകാലത്ത്‌ രാജ്യത്തെ ജനങ്ങൾക്ക്‌ എന്നും താങ്ങും തണലുമായ ഇന്ത്യൻ റെയിൽവേയെയാണ്‌ കോർപറേറ്റുകളുടെ ലാഭക്കൊതി തീർക്കാനായി വിട്ടുകൊടുക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ അതിഥിത്തൊഴിലാളികൾക്കായി ശ്രമിക്‌‌ സർവീസ്‌ നടത്തിയത്‌ ഇന്ത്യൻ റെയിൽവേയായിരുന്നു. കോവിഡ്‌ പടർന്നുപിടിച്ച ഡൽഹിയിൽ ആശുപത്രിക്കിടക്കകൾക്ക്‌ ക്ഷാമം നേരിട്ടപ്പോൾ റെയിൽവേയായിരുന്നു ആശുപത്രികളാക്കി മാറ്റിയ ട്രെയിൻ വിട്ടുനൽകി സഹായിച്ചത്‌. രാജ്യത്ത്‌ 5000 കോച്ചാണ്‌ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ മാറ്റിയത്‌. വരൾച്ചയുള്ള പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനും വെള്ളപ്പൊക്കവും മറ്റ്‌ പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ അവശ്യവസ്‌തുക്കളും മരുന്നും എത്തിക്കാനും ഇന്ത്യൻ റെയിൽവേ തയ്യാറായിരുന്നു. സ്വകാര്യവൽക്കരിക്കുന്നതോടെ നഷ്ടമാകുന്നത്‌ റെയിൽവേയുടെ ഈ മാനുഷികമുഖമാണ്‌. ആരോഗ്യമേഖല സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതിയതിന്റെ ദുരന്തമാണ്‌ കോവിഡ്‌ കാലത്ത്‌ പലർക്കും കാര്യക്ഷമമായ  ചികിത്സ ലഭിക്കാതിരിക്കാൻ കാരണം. ഈ അനുഭവത്തിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറല്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌ റെയിൽവേ സ്വകാര്യവൽക്കരണം.

ലാഭം കിട്ടുന്ന റൂട്ടുകളിൽ മാത്രമേ സ്വകാര്യമേഖലയ്‌ക്ക്‌ താൽപ്പര്യമുണ്ടാകൂ. ഉൾപ്രദേശങ്ങളിലേക്ക്‌ സർവീസ്‌ നടത്താൻ ഒരിക്കലും സ്വകാര്യമേഖല തയ്യാറാകില്ല. ഘട്ടംഘട്ടമായി സ്വകാര്യവൽക്കരണം നടപ്പാക്കുന്നതോടെ ഗ്രാമീണജനതയ്‌ക്ക്‌ ട്രെയിൻ യാത്ര അസാധ്യമാകുമെന്ന്‌ സാരം. കോടിക്കണക്കിന്‌ ജനങ്ങളുടെ ഉപജീവനവുമായി റെയിൽവേക്കുള്ള നാഭീനാളബന്ധംകൂടിയാണ്‌ മോഡി സർക്കാർ മുറിച്ചെറിയുന്നത്‌. സ്വാശ്രയ ഇന്ത്യയുടെ കണ്ണിയാണ്‌ അറ്റുപോകുന്നത്‌. അതോടൊപ്പം ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങളായിരിക്കും സ്വകാര്യവൽക്കരണത്തോടെ നഷ്ടമാകുക. യാത്ര ചെലവേറിയതാകുകയും ചെയ്യും. ഇന്ധനവില എണ്ണക്കമ്പനികൾ നിശ്‌ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യ റെയിൽ കമ്പനികൾ നിശ്‌ചയിക്കുന്ന കാലം അതിവിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും മറ്റും നൽകിവരുന്ന യാത്രാ ഇളവും ‌ഇതോടെ ഇല്ലാതാകും.

ലോകത്ത്‌ ഒരിടത്തും  പൊതുഗതാഗത സംവിധാനം സ്വകാര്യവൽക്കരണത്തിലൂടെ മെച്ചപ്പെട്ടിട്ടില്ല. നേരത്തേ സ്വകാര്യവൽക്കരിച്ച ബ്രിട്ടീഷ്‌ റെയിൽ പൊതുമേഖലയിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രക്ഷോഭമാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഫ്രാൻസിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. ന്യൂഡൽഹിയിൽനിന്ന്‌ വിമാനത്താവളത്തിലേക്കുള്ള പ്രത്യേക മെട്രോ റെയിൽ ആദ്യം റിലയൻസ്‌ എന്ന സ്വകാര്യകമ്പനിയാണ്‌ നടത്തിയിരുന്നത്‌. ലാഭകരമല്ലെന്നു കണ്ട്‌ അതിൽനിന്ന്‌ റിലയൻസ്‌ പിൻവാങ്ങുകയും പിന്നീട്‌ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സർവീസ്‌ ഏറ്റെടുക്കേണ്ടിവരികയും ചെയ്‌തത്‌ നമ്മുടെ മുമ്പിലുണ്ട്‌. അതിനാൽ എന്തുവില കൊടുത്തും റെയിൽവേയുടെ സ്വകാര്യവൽക്കരണ നീക്കവും നിയമന നിരോധനവും തടയുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top