21 June Friday

അവർ ആരെന്ന് റിസർവ് ബാങ്ക് പറയണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

സുപ്രീംകോടതിയുടെ അന്ത്യശാസനമുണ്ടായിട്ടും രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ‌്പയെടുത്ത് തിരിച്ചടയ‌്ക്കാത്ത കോർപറേറ്റ് വമ്പൻമാരുടെ പേര് വെളിപ്പെടുത്താൻ റിസർവ് ബാങ്ക് വിസമ്മതിക്കുന്നത്‌ അംഗീകരിക്കാവുന്ന കാര്യമല്ല. ഏറ്റവുമൊടുവിൽ, കിട്ടാക്കടത്തിന്റെ മൂന്നിലൊന്നും മുപ്പത് അക്കൗണ്ടിലാണെന്ന് അറിയിച്ച റിസർവ് ബാങ്ക് ഈ അക്കൗണ്ടുകൾ ആരുടേതാണെന്ന് തങ്ങൾക്കറിയില്ലെന്നാണ്‌ പറയുന്നത്‌. വിവരാവകാശ നിയമപ്രകാരം ‘ദി വയർ’ വാർത്താ പോർട്ടലിന്റെ അന്വേഷണത്തിന് നൽകിയ മറുപടിയിലാണ് റിസർവ് ബാങ്ക് ഇങ്ങനെ പറഞ്ഞത്. മുപ്പത് അക്കൗണ്ടിലാണ് കിട്ടാക്കടത്തിന്റെ  മൂന്നിലൊന്നും എന്നു പറയുമ്പോൾ അത് ആരുടേതാണെന്ന് അറിയില്ലെന്ന് രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് പറയുന്നത് ബാലിശവും അപഹാസ്യവുമാണ്. ആരുടേതെന്ന് മനസ്സിലാക്കാതെ ഈ മുപ്പത് അക്കൗണ്ടിലാണ് കിട്ടാക്കടത്തിന്റെ നല്ലൊരു പങ്കുമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു?

വായ‌്പയെടുത്ത് മനഃപൂർവം തിരിച്ചടയ‌്ക്കാതെ കിട്ടാക്കടമാക്കിയ കുറ്റവാളികളുടെ പേരുവിവരം പൊതു താൽപ്പര്യപ്രകാരം വെളിപ്പെടുത്താൻ കേന്ദ്ര ബാങ്കിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന്  ഏപ്രിൽ 26ന് അർഥശങ്കയ‌്ക്കിടയില്ലാത്തവിധം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാങ്കുകളുടെയും മറ്റ് ധന സ്ഥാപനങ്ങളുടെയും കിട്ടാക്കടം, ഓഡിറ്റ്- പരിശോധനാ റിപ്പോർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് നൽകാൻ റിസർവ് ബാങ്ക് ബാധ്യസ്ഥമാണ്. പിഴ, ഷോക്കോസ് നോട്ടീസുകൾ, നടപടി റിപ്പോർട്ടുകൾ എന്നിവയും പൊതുതാൽപ്പര്യപ്രകാരം വെളിപ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നു. 2015 ലും 2016 ലും ഇതേ കേസുകൾ പരിഗണിച്ച് കോടതി ഇടപെട്ടതാണ്. അന്നത്തെ ഉത്തരവുകൾ ആവർത്തിച്ച കോടതി ഇക്കുറി റിസർവ് ബാങ്കിന് അവസാന അവസരമാണെന്ന്  മുന്നറിയിപ്പും അന്ത്യശാസനവും നൽകി. ഉത്തരവ് പാലിച്ചില്ലെങ്കിൽ റിസർവ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി ഏപ്രിൽ 26ന് വ്യക്തമാക്കിയിരുന്നു. കോടതി തുടർച്ചയായി ഇടപെട്ടിട്ടും റിസർവ് ബാങ്ക് വഴങ്ങാത്തതിനാലാണ് അന്ത്യശാസനം നൽകിയത്. വിവരാവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളടക്കം നിരവധി പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സുപ്രീംകോടതി ഇത്ര കർശനമായി ഇടപെട്ടിട്ടും എന്തുകൊണ്ട് റിസർവ് ബാങ്ക് ഒളിച്ചുകളിക്കുന്നു? അത് മറ്റൊന്നും കൊണ്ടല്ല; കേന്ദ്ര സർക്കാരിന്റെ സമ്മർദം കൊണ്ടുതന്നെ. ഇവിടെയാണ്, കേന്ദ്ര ബാങ്കിന്റെ സ്വയംഭരണം അട്ടിമറിക്കുന്നുവെന്ന ആക്ഷേപം പ്രസക്തമാകുന്നത്. ഇക്കാര്യം പരസ്യമായും രഹസ്യമായും ഉന്നയിച്ചുകൊണ്ട് ഗവർണർമാരായിരുന്ന രഘുറാം രാജനും ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യയും ഇറങ്ങിപ്പോയത് രാജ്യം കണ്ടു. കോടികൾ  വായ‌്പയെടുത്ത് തിരിച്ചടയ‌്ക്കാതെ കിട്ടാക്കടമാക്കിയ വമ്പൻമാരെക്കുറിച്ച് മുൻഗവർണർ രഘുറാം രാജൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രിയായിരുന്ന അരുൺ ജെയ‌്റ്റ‌്‌ലിക്കും വിവരം നൽകിയിട്ടും അവർ അനങ്ങിയില്ലെന്നത് ഇതോടൊപ്പം ചേർത്തുവായിക്കണം. കോർപറേറ്റ് കൊള്ളയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി അനങ്ങിയില്ലെങ്കിൽ അതിനർഥം വെട്ടിപ്പുകൾ നടക്കുന്നത് ഗവൺമെന്റ‌് അറിഞ്ഞുകൊണ്ടുതന്നെ  എന്നാണ്.

2019 മാർച്ച് 31 വരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 9.49 ലക്ഷംകോടി രൂപയെന്നാണ് ഔദ്യോഗികമായി പറയുന്നത്. 11 ലക്ഷം കോടിയിലേറെയെന്ന് ബാങ്കിങ് മേഖലയിൽ നിന്നുള്ള വിവരം. ഇതിൽ 30 അക്കൗണ്ടിലെമാത്രം കിട്ടാക്കടം 2.86 ലക്ഷംകോടി രൂപയാണെന്നാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഈ അക്കൗണ്ടുകൾ ആരുടേതെന്ന വിവരം തങ്ങളുടെ കൈയിലില്ലെന്നും ബാങ്ക് പറയുന്നു. ഈ കണക്ക് വിശ്വസിച്ചാൽത്തന്നെ 30 അക്കൗണ്ടിലായിമാത്രം വൻകിടക്കാർ മൂന്നുലക്ഷം കോടിയോളം രൂപ വെട്ടിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ആർബിഐയുടെ മറുപടിപ്രകാരം കൃത്യമായി പറഞ്ഞാൽ 2,86,325 ലക്ഷം കോടിരൂപ. വിവിധ സംസ്ഥാന സർക്കാരുകൾ 2017ൽ എഴുതിത്തള്ളിയ കാർഷികവായ‌്പയുടെ ഇരട്ടിയോളം തുക കോർപറേറ്റുകൾ അടിച്ചുമാറ്റിയിരിക്കുന്നു. എഴുതിത്തള്ളിയത് 1.9 ലക്ഷം കോടിമാത്രം. കിട്ടാക്കടത്തിന്റെ പകുതിയോളം 100 അക്കൗണ്ടിലാണെന്ന് ഈ മാസം ആദ്യംവന്ന ഒരു റിപ്പോർട്ടും ഇതോടൊപ്പം ചേർത്തുവായിക്കാം. രാജ്യത്തെ മൊത്തം ബാങ്ക് വായ‌്പ 85.16 ലക്ഷംകോടി രൂപയുടേതാണ്. അതിന്റെ 10 ശതമാനത്തോളം വരും ഈ മുപ്പത് അക്കൗണ്ടിലെ കിട്ടാക്കടം.  മറ്റ് കിട്ടാക്കടങ്ങളുടെ അക്കൗണ്ടുകൾ എത്രയെന്ന് ഇനിയും കൃത്യമായി വ്യക്തമായിട്ടില്ല. ബാങ്കുകളിലെ പണം ജനങ്ങളുടെ നിക്ഷേപമാണ്. അതാണ് കോർപറേറ്റുകൾ കൊള്ളയടിക്കുന്നത്. അവർ ആരെന്ന് പറയാൻ റിസർവ് ബാങ്കിന് നിയമപരമായിത്തന്നെ ഉത്തരവാദിത്തമുണ്ട്. അതറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശവുമുണ്ട്. റിസർവ് ബാങ്ക് ആ ഉത്തരവാദിത്തം നിർവഹിക്കുക തന്നെവേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top