27 June Monday

മൊസൂളിലും ഐഎസിന് തോല്‍വി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 4, 2017


മൂന്നുവര്‍ഷംമുമ്പ് ജൂലൈ 14നാണ് ഇറാഖിലെ രണ്ടാമത്തെ വന്‍ നഗരമായ മൊസൂളിലെ പുരാതനമായ അല്‍ നൂരി പള്ളിയില്‍വച്ച് മുസ്ളിങ്ങളുടെ ഭരണം അഥവാ കലിഫൈറ്റ് പ്രഖ്യാപനം ഐഎസ്ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി നടത്തിയത്. വെള്ളിയാഴ്ച പ്രാര്‍ഥനാവേളയിലായിരുന്നു ഐഎസിന്റെ ശക്തി വിളിച്ചോതിക്കൊണ്ടുള്ള കലിഫൈറ്റ് പ്രഖ്യാപനം. ഇറാഖിലെ മൂന്നിലൊന്നു പ്രദേശത്തിന്റെ നിയന്ത്രണം നേടിയതിനുശേഷമായിരുന്നു ഈ നടപടി. 10 ലക്ഷം പേര്‍ താമസിക്കുന്ന മൊസൂള്‍ നഗരം ഇറാഖിസേനയില്‍നിന്ന് ഒരെതിര്‍പ്പുമില്ലാതെയാണ് ഐഎസ് കീഴ്പ്പെടുത്തിയിരുന്നത്. തുടര്‍ന്നങ്ങോട്ട് നഗരത്തിന്റെ ഭരണനിയന്ത്രണം ഐഎസിന്റെ കൈകളിലായിരുന്നു.

എന്നാല്‍, കലിഫൈറ്റിന് മൂന്നുവര്‍ഷം തികയുന്നതിനുമുമ്പ് അല്‍   നൂരി പള്ളിയുടെ അല്‍ ഹദ്ബ എന്ന ചരിഞ്ഞഗോപുരം തകര്‍ത്ത് ഐഎസ്് ഭീകരവാദികള്‍ പള്ളി ഉപേക്ഷിച്ച് മൊസൂളില്‍നിന്ന് പിന്മാറ്റം നടത്തി. അമേരിക്കന്‍ വ്യോമസേനയാണ് അല്‍ ഹദ്ബ എന്ന മിനാരം തകര്‍ത്തതെന്ന് ഐഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും പരാജയത്തിന്റെ ജാള്യം മറയ്ക്കാന്‍ അവര്‍തന്നെയാണ് ഈ നശീകരണപ്രവര്‍ത്തനം നടത്തിയതെന്ന് വ്യക്തം. അടുത്ത ദിവസംതന്നെ 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പൂര്‍ണമായും തകര്‍ക്കപ്പെട്ട പള്ളിയുടെ നിയന്ത്രണം ഇറാഖിസേന ഏറ്റെടുക്കുകയും ചെയ്തു. ലോകത്തെ വിറപ്പിച്ച് നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ ഐഎസിന്റെ കറുത്ത കൊടി അല്‍ ഹദ്ബ ഗോപുരത്തിനൊപ്പം താഴേക്ക് പതിച്ചപ്പോള്‍ ഐഎസിന് ഒരു വലിയ നഗരത്തിന്റെകൂടി നിയന്ത്രണം നഷ്ടമായെന്നതാണ് വസ്തുത. നഗരത്തിന്റെ പാര്‍ശ്വങ്ങളിലുള്ള ഐഎസ് കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ഇറാഖിസേന. വിദൂരമായ മരുഭൂമികളിലേക്കാണ് ഐഎസ് പിന്മാറിയിട്ടുള്ളത്. തന്ത്രപരമായ പിന്മാറ്റമാണോ അതോ പിടിച്ചുനില്‍ക്കാനാകാതെയുള്ള പിന്മാറ്റമാണോ ഇത് എന്ന് വ്യക്തമല്ല. ഐഎസിന്റെ പിന്‍ഗാമിയായ അല്‍ ഖായ്ദയും ഇതുപോലെതന്നെ 2006ല്‍ അവരുടെ നേതാവ് അബു മുസബ് അല്‍ സര്‍ഖാവി കൊല്ലപ്പെട്ട ഘട്ടത്തില്‍ ഇറാഖില്‍നിന്ന് പിന്മാറിയെങ്കിലും പിന്നീട് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയും ഇറാഖി സൈന്യത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

കുറച്ചുകാലമായി വന്‍ തിരിച്ചടികളാണ് ഐഎസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിറിയയില്‍ റാഖയും പല്‍മീറയും അലെപ്പോയും മറ്റും നഷ്ടമായ ഐഎസിന് ഇറാഖിലെ മൊസൂളിലും പിടി വിട്ടിരിക്കുന്നു. ഇസ്ളാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വധിക്കപ്പെട്ടതായി റഷ്യ ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ലെന്നുമാത്രം. ഇതിനര്‍ഥം ഇറാഖിലെ ഐഎസ് ഭീഷണി അവസാനിപ്പിച്ചെന്നല്ല. ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നെയ്തെടുത്ത സമര്‍ഥമായ സൈനിക ഏകോപനത്തിന്റെ വിജയമാണ് ഇപ്പോള്‍ മൊസൂളില്‍ ദൃശ്യമായിട്ടുള്ളത്. ഇറാഖിസേനയുടെ ഭീകരവിരുദ്ധ വിഭാഗവും ഇറാന്‍ പരിശീലനം ലഭിച്ച പോപ്പുലര്‍ മൊബിലൈസേഷന്‍ യൂണിറ്റും കുര്‍ദിഷ് പെഷ്മര്‍ഗ സേനയും അമേരിക്കയും വ്യോമസേനയും ചേര്‍ന്ന സഖ്യമാണ് മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തിയത്. ഈ സൈന്യങ്ങള്‍ക്ക് വ്യത്യസ്ത താല്‍പ്പര്യങ്ങളാണുണ്ടായിരുന്നതെങ്കിലും (അമേരിക്കയും ഇറാനും ഭിന്നധ്രുവങ്ങളിലാണ്. കുര്‍ദുകളുമായി ഇറാനും ഇറാഖിനും നല്ല ബന്ധമല്ല ഉള്ളത്.) അവരെയെല്ലാം ഐഎസ് എന്ന പൊതുശത്രുവിനെതിരെ ഏകോപനത്തോടെ ഇറക്കാന്‍ കഴിഞ്ഞുവെന്നതാണ് ഹൈദര്‍ അല്‍ അബാദിയുടെ വിജയം. എട്ടുമാസം നീണ്ട കടുത്ത പോരാട്ടത്തിലൂടെയാണ് മൊസൂള്‍ കീഴ്പ്പെടുത്താനായത്. വന്‍ ആള്‍നാശവും സ്വത്തുനാശവും ഇതിന്റെ ഫലമായുണ്ടായി.

അമേരിക്കന്‍ ബോംബിങ്ങിലാണ് ഏറെ പേര്‍ വധിക്കപ്പെട്ടത്. എങ്കിലും മൊസൂള്‍ പിടിച്ചെടുക്കാനായത് ഇറാഖി സര്‍ക്കാരിനും സൈന്യത്തിനും വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. എന്നാല്‍, നഷ്ടാവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയ മൊസൂള്‍ നഗരത്തെ പുനര്‍നിര്‍മിക്കുകയും അവിടത്തെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുകയെന്നത്  ശ്രമകരമാണ്. അതില്‍ വിജയിച്ചാല്‍മാത്രമേ ഐഎസിനെ നഗരത്തില്‍നിന്ന് എന്നന്നേക്കുമായി അകറ്റിനിര്‍ത്താനാകൂ. ഇറാഖിലെ ഷിയാ സര്‍ക്കാരിന് അതു കഴിയുമോ എന്ന് വരുംദിവസങ്ങളില്‍ കാണാം. ഏതായാലും ഇസ്ളാമിക സ്റ്റേറ്റിന് ഇത് തിരിച്ചടികളുടെ കാലമാണ്. സിറിയയിലും ഇറാഖിലുമായി ഒരു ചെറുഭൂപ്രദേശത്തിന്റെ നിയന്ത്രണംമാത്രമേ അവരുടെ പക്കലുള്ളൂ. സ്വാഭാവികമായും അവര്‍ക്ക് വരുമാനനഷ്ടമുണ്ടാകും. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍ ബോംബാക്രമണങ്ങളും മറ്റും നടത്തി സാന്നിധ്യം തെളിയിക്കാനുള്ള നീക്കം ഐഎസിന്റെ ഭാഗത്തുനിന്നുണ്ടാകും. ഈ ഭീഷണിയെ എങ്ങനെ നേരിടണമെന്ന് ലോകരാഷ്ട്രങ്ങള്‍ കൂട്ടായി ആലോചിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top