26 April Friday

മോഡി ഭരണത്തിലെ ഗോരക്ഷാ കൊലപാതകങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 3, 2017


ഇന്ത്യന്‍ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങളായി പല നൂറ്റാണ്ടുകള്‍ ഉയര്‍ന്നുനിന്ന ബാബ്റി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ ഇടിച്ചുനിരത്തിയത് 1992ലാണ്. ഇതിനായി കര്‍സേവകരെ ഇറക്കിവിട്ട ബിജെപി-സംഘപരിവാര്‍ നേതാക്കളായ എല്‍ കെ അദ്വാനിമുതല്‍ 13 പേര്‍ പ്രതിക്കൂട്ടില്‍ കയറിയത് കുറച്ചുനാളുകള്‍ക്കുമുമ്പുമാത്രം. 25 വര്‍ഷമാണ് അവര്‍ നിയമത്തിന്റെ പഴുതുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കുറ്റവിചാരണയില്‍നിന്ന് രക്ഷപ്പെട്ടുനിന്നത്. ഒടുവില്‍ പരമോന്നതകോടതിതന്നെ ഇടപെട്ടാണ് കേന്ദ്ര മന്ത്രിമാരും ഉന്നത സംഘപരിവാര്‍ നേതാക്കളുമായ പ്രതികളെ നിയമത്തിനുമുന്നില്‍ എത്തിച്ചത്. മസ്ജിദ് തകര്‍ത്തപ്പോഴും പിന്നീടും ഒരുപാട് മനുഷ്യജീവന്‍ കുരുതികൊടുത്ത വര്‍ഗീയകലാപങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായി. ആഭ്യന്തരശത്രുക്കളില്‍ ആദ്യത്തേതായി സംഘാചാര്യന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവച്ച മുസ്ളിങ്ങളോടുള്ള വിദ്വേഷം, എവിടെവച്ചും മതംനോക്കി ആളെ കൊല്ലുന്ന നിലയിലേക്ക് ഇന്ന് വളര്‍ന്നിരിക്കുന്നു. മഹാത്മജിയുടെ വധവും മസ്ജിദിന്റെ തകര്‍ച്ചയുംപോലെ അതീവ പ്രാധാന്യമുള്ള ഒരു ഘട്ടമായി വേണം പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ഇന്നത്തെ അവസ്ഥയെ കാണാന്‍.

ഹിന്ദുത്വത്തിന്റെ പേരില്‍ അണികളെ കേന്ദ്രീകരിപ്പിച്ച് സംഘടിത കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനാണ് അദ്വാനിയും ഉമാഭാരതിയും മറ്റും പ്രതികളാക്കപ്പെട്ടത്. വര്‍ഗീയകലാപങ്ങളെയും വൈകാരിക മൂര്‍ച്ഛയുടെ സംഘടിതപ്രകടനമായാണ് കാണാനാവുക. എന്നാലിന്ന് അസഹിഷ്ണുതയും വിദ്വേഷഹത്യകളും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ട്രെയിനിലോ തെരുവിലോ മറ്റെവിടെവച്ചെങ്കിലുമോ 'ശത്രു'വിനുനേരെ തീവ്രഹിന്ദുത്വത്തിന്റെ കൈകള്‍ നീണ്ടുവന്നേക്കാം. ആ കഠാരക്കൈകള്‍ക്കുമുന്നില്‍ ഭയത്തിന്റെയും കീഴടങ്ങലിന്റെയും പ്രതീകമായി ചോരയൊലിപ്പിച്ച് ജീവന്‍ വെടിയാന്‍ വിധിക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മോഡി അധികാരത്തില്‍ വന്നശേഷം രാജ്യത്ത് 23 പേരെ തീവ്രഹിന്ദുത്വ സംഘടനകള്‍ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ഇങ്ങനെ കൊലചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

പശുക്കളെ സംരക്ഷിക്കാനാണ് ഇവര്‍ മനുഷ്യരെ കൊലപ്പെടുത്തുന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ പ്രതീക്ഷകളില്‍ മനസ്സര്‍പ്പിച്ച് അവസാനനോമ്പിന്റെ ആലസ്യത്തില്‍ ട്രെയിനില്‍ സഞ്ചരിക്കവെയാണ് ജുനൈദ് എന്ന ബാലനെ വെട്ടിക്കൊന്നത്. പശുവിറച്ചി കൈവശമുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് സഹോദരങ്ങളുടെ മുന്നില്‍വച്ച് ഈ മുസ്ളിംബാലന്റെ ദേഹത്ത് അക്രമികള്‍ കത്തി തുളച്ചുകയറ്റിയത്. കൊച്ചനുജന്റെ ചോരയില്‍ കുളിച്ച മൃതദേഹം മടിയില്‍വച്ച് നിലവിളിച്ച സഹോദരന്റെ ചിത്രം ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ശിരസ്സ് കുനിപ്പിച്ചു. രാഷ്ട്രതലസ്ഥാനത്തിന്റെ മൂക്കിനുതാഴെ ഡല്‍ഹി- മഥുര ട്രെയിനിലുണ്ടായ ഈ പൈശാചികമായ നരഹത്യ, സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലിരിക്കുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആപത്തിന്റെ നേര്‍ചിത്രമായി പുറംലോകം വിലയിരുത്തി.

സബര്‍മതി ആശ്രമത്തിലെ ശതാബ്ദിയാഘോഷവേളയില്‍ 'ഗോരക്ഷകര്‍ക്കെതിരെ' വാതുറക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഇതായിരുന്നു. മഹാത്മജിയെയും വിനോബാജിയെയും ആണയിട്ടുകൊണ്ടായിരുന്നു മോഡിയുടെ മുതലക്കണ്ണീര്‍. ഗുജറാത്തില്‍ ആയിരക്കണക്കിന്് നിരപരാധികളുടെ ജീവനൊടുക്കിയ വര്‍ഗീയകലാപത്തിന്റെ വിളവെടുപ്പായിരുന്നു മോഡിയുടെ പിന്നീടുള്ള അധികാരക്കസേരകള്‍. പ്രധാനമന്ത്രിപദത്തില്‍ എത്തിയപ്പോഴും ഒരു സ്റ്റേറ്റ്സ്മാനാകാന്‍ ഒരിക്കലും മോഡി തയ്യാറായില്ല. സങ്കുചിതമായ മതരാഷ്ട്രീയത്തിന്റെ പുറത്തേക്ക് വളരാന്‍ പ്രധാനമന്ത്രിക്ക് സാധിക്കാത്തതിന്റെ ദുരന്തമാണ് രാഷ്ട്രം ഇന്ന് നേരിടുന്നത്. സംഘപരിവാറിനെ വിമര്‍ശിച്ചതിന് മൂന്നു ജ്ഞാനവൃദ്ധന്മാരെ കൊന്നുതള്ളിയപ്പോഴും മൌനംകൊണ്ട് മോഡി, ഘാതകരെ പിന്തുണച്ചു. പട്ടിണിമാറ്റാന്‍ ചത്ത കാലികളുടെ തൊലിയുരിഞ്ഞ് വില്‍ക്കുന്ന കുലത്തൊഴിലില്‍ ഏര്‍പ്പെട്ട പാവങ്ങളെ പരസ്യമായി മര്‍ദിച്ചവശരാക്കിയപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചില്ല. അഖ്ലാക്കുമുതല്‍ ജുനൈദുവരെ ഇരുപതിലേറെപ്പേരാണ് മോഡിഭരണത്തില്‍ ഗോരക്ഷകരാല്‍ കൊലചെയ്യപ്പെട്ടത്. ഒടുവില്‍ പ്രധാനമന്ത്രിയുടെ വിലക്ക് വന്നശേഷവും ജാര്‍ഖണ്ഡില്‍ അലിമുദീന്‍ എന്നൊരാളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിരിക്കുന്നു.

ആത്മാര്‍ഥമായിരുന്നു മോഡിയുടെ രോഷമെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണമായിരുന്നു. എന്നാല്‍, യുപിയിലെ യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാര്‍ വിവിധ പേരുകളിലുള്ള സംഘസേനകളുടെ അതിക്രമങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും സിപിഐ എമ്മിനുമെതിരെ ഹിന്ദുത്വസേനകള്‍ നടത്തുന്ന കൊലവിളികളെ ഒരു ഘട്ടത്തിലും ഫലപ്രദമായി വിലക്കാന്‍ മോഡിയോ ബിജെപി നേതൃത്വമോ തയ്യാറായിട്ടില്ല. ഈ വൈകിയ ഘട്ടത്തിലെങ്കിലും അത്തരമൊരു സമീപനം ബിജെപിയില്‍നിന്ന് ഉണ്ടാകുമെങ്കില്‍ അത് രാജ്യത്തിന് ഗുണം ചെയ്യും. ഒപ്പം നിയമം കൈയിലെടുക്കുന്നവരെയും വര്‍ഗീയവിദ്വേഷം പരത്തുന്നവരെയും കര്‍ശനമായി നേരിടുകയും വേണം. എല്ലാ പൌരന്മാര്‍ക്കും ജീവിക്കാനുള്ള അവകാശവും തുല്യനീതിയും ഉറപ്പാക്കാനുള്ള ചുമതല കേന്ദ്ര- സംസ്ഥാന ഭരണസംവിധാനങ്ങളുടേതാണ്. അല്ലാത്തപക്ഷം ബാബ്റി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ, നീതിപീഠത്തിന്റെ ഇടപെടല്‍ ആവശ്യമായിവരും. പക്ഷേ, വൈകി ലഭിക്കുന്ന നീതി, നീതിനിഷേധത്തിന് തുല്യമായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top