22 March Wednesday

ബിജെപി മുഖ്യമന്ത്രിക്ക് ബോധ്യപ്പെടാത്ത വാദം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017


ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി ആവര്‍ത്തിച്ചത് രാജ്യത്ത് ബീഫ് നിരോധനം കൊണ്ടുവരില്ലെന്നും അങ്ങനെയൊരു അജന്‍ഡയില്ലെന്നുമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (1960) ഉദ്ധരിച്ച് മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വിവാദമായ നിമിഷം മുതല്‍ സംഘപരിവാര്‍ ആവര്‍ത്തിക്കുന്ന വാദമാണിത്. എന്നാല്‍, അമിത്ഷായുടെ വാക്കുകള്‍ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അതേസമയംതന്നെ അരുണാചല്‍പ്രദേശില്‍നിന്ന് മറ്റൊരു വാര്‍ത്ത വന്നു.
 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ്  കഴിക്കുന്നവരാണെന്നും വ്യക്തിപരമായി താനും ബീഫ്  കഴിക്കുന്നുവെന്നും അരുണാചലിലെ ബിജെപി നേതൃത്വം ബീഫ്  നിരോധനത്തെ പിന്തുണയ്ക്കുന്നില്ലെന്നും അവിടത്തെ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞതായാണ് ആ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മാറ്റംവരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേമ ഖണ്ഡു പറയുന്നുണ്ട്. മേഘാലയയിലെ പ്രമുഖ ബിജെപി നേതാവ് ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത വ്യാജപ്രചാരണത്തിലാണ് ആ പാര്‍ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ ഏര്‍പ്പെടുന്നതെന്നാണ് ഇതിനര്‍ഥം.  

മാട്ടിറച്ചി നിരോധിക്കാനല്ലെങ്കില്‍ എന്തിനാണ് പുതിയ വിജ്ഞാപനമെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം അമിത്ഷായ്ക്കുണ്ട്. ഗോവധനിരോധനമടക്കം ആര്‍എസ്എസിന്റെ അജന്‍ഡ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് പുതിയ വിജ്ഞാപനത്തിലൂടെ ഒളിച്ചു കടത്തുന്നത്. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പുവിജയവും പത്തു പ്രമുഖ സംസ്ഥാനങ്ങളിലെ ഭരണാധികാരവും  ലോക്സഭയിലെ  ഭൂരിപക്ഷവുമാണ് ഭരണഘടനയെ ധിക്കരിച്ചുകൊണ്ട്, രാജ്യത്തിന്റെ ഫെഡറല്‍ഘടനയെ തട്ടിമാറ്റിക്കൊണ്ട് ഇങ്ങനെയൊരു നീക്കത്തിലേക്ക് സംഘപരിവാറിനെ നയിക്കുന്നത്. 

വിജ്ഞാപനത്തിന്റെ മറവില്‍ നാട്ടിലാകെ അസ്വസ്ഥത സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായി നീങ്ങുകയാണ്. ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ചും ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരിലും നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതല്ല. അത് കേരളത്തിലേക്കും കടന്നെത്തുന്നു എന്നതാണ്, കാലികളുമായി വന്ന ലോറികള്‍ വേലന്താവളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കുതന്നെ  തിരികെവിടാന്‍ സംഘപരിവാര്‍ അക്രമാസക്തരായി നടത്തിയ ശ്രമം. ഡല്‍ഹിയില്‍ കേരള ഹൌസിനുമുന്നില്‍ നടത്തിയ പേക്കൂത്തും അതേവഴിയിലുള്ളതാണ്. 

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് മോഡിസര്‍ക്കാര്‍ നടത്തിയ നാടകീയ നീക്കം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കുതന്നെയാണ് ആഘാതമേല്‍പ്പിച്ചത്. ആ നീക്കത്തിലൂടെ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് ഔദ്യോഗികമായിത്തന്നെ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചനിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യക്തമാക്കി സാമ്പത്തികവളര്‍ച്ച റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ സാമ്പത്തിക വളര്‍ച്ചനിരക്ക് 6.1 ശതമാനമായി ഇടിഞ്ഞുവെന്നും അവസാനപാദത്തിന് തൊട്ടുമുമ്പുള്ള മൂന്നുമാസങ്ങളില്‍ ഏഴുശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് അവസാനപാദത്തില്‍ ഇടിവുണ്ടായതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍തന്നെയാണ് പറയുന്നത്. 

കൊട്ടിഘോഷിച്ച കള്ളപ്പണവേട്ടയും അവകാശവാദങ്ങളില്‍ ഒതുങ്ങി. നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍നിന്ന് ജനങ്ങള്‍ മോചനം നേടും മുമ്പാണ് മാടുകളെ കൊല്ലുന്നതിനായി കാലിച്ചന്തകളില്‍ കൊണ്ടുചെല്ലുന്നതും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതും തടയുന്ന വിജ്ഞാപനം. ക്രിയാത്മകമായ ഇടപെടലുകളിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ജനജീവിതം മെച്ചപ്പെടുത്താനുള്ള കര്‍ത്തവ്യനിര്‍വഹണം പരാജയപ്പെടുമ്പോള്‍ ഇത്തരം തീരുമാനങ്ങളെടുത്ത് ജനശ്രദ്ധ തിരിക്കുകയാണ് മോഡിസര്‍ക്കാര്‍ എന്നു കരുതുന്നത് അബദ്ധമാണ്. വര്‍ഗീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ സമര്‍ഥമായ പ്രയോഗമാണ് സംഭവിക്കുന്നത്. ദളിത്, ആദിവാസികള്‍ തുടങ്ങി സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ വിഭാഗങ്ങള്‍ പോഷകാഹാരത്തിനായി പ്രധാനമായി ആശ്രയിക്കുന്നത് മാട്ടിറച്ചിയെയാണ്. ഈ ജനവിഭാഗങ്ങളുടെ പൊതുവായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും തടസ്സമായ വിജ്ഞാപനമാണ് ഒടുവില്‍ വന്നത്. 

കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നത് തടയുന്നതിന് ഭരണപരമോ ധാര്‍മികമോ സാമ്പത്തികമോ ആയ എന്തു പ്രസക്തിയാണുള്ളതെന്ന് ബിജെപി നേതൃത്വം ഇന്നുവരെ വിശദീകരിച്ചുകേട്ടിട്ടില്ല. അതാണ് അമിത്ഷാ പറയേണ്ടത്. നിങ്ങള്‍ എന്തുദ്ദേശിച്ചാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്? കോടിക്കണക്കിന് ജനങ്ങള്‍ ആശങ്കാകുലരാണ്. സംഘപരിവാറിന്റെ ആക്രമണം ഭയന്ന് രാജ്യതലസ്ഥാനത്തെ മലയാളിസമൂഹം ഭീതിയിലാണെന്ന വാര്‍ത്ത വരുന്നു. ബീഫിന്റെ പേരില്‍ പലരൂപത്തിലും പലപേരിലും സംഘപരിവാറിന്റെ കലാപശ്രമങ്ങളുണ്ടാകുന്നു. ഇതിനെയൊന്നും തള്ളിപ്പറയാതെ വ്യാജപ്രചാരണം തുടരുന്നതിന്റെ സാംഗത്യമാണ് അമിത്ഷാ  വിശദീകരിക്കേണ്ടത്. അതോടൊപ്പം നിങ്ങളുടെ വാദങ്ങള്‍ ബിജെപി മുഖ്യമന്ത്രിമാരെയെങ്കിലും ബോധ്യപ്പെടുത്തണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top