10 December Sunday

മോഡി സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനം!

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2016


രണ്ടാം വാര്‍ഷികം ആഘോഷിച്ചതിന്റെ ആരവം മാറുംമുമ്പ് നരേന്ദ്ര മോഡി ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനം പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധനയാണ്. സാധാരണക്കാരുടെ ക്ഷേമത്തെയും പുരോഗതിയെയും കുറിച്ച് ഒരുഭാഗത്ത് സംസാരിക്കുകയും മറുവശത്ത് ജനങ്ങളുടെ ആകെ ജീവിതം വഴിമുട്ടിക്കുകയും ചെയ്യുകയാണ് മോഡി സര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ധിപ്പിച്ചു. തൊട്ടുപിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വില വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിലയോ രൂപയുടെ മൂല്യമോ കാരണം പറഞ്ഞ് യുക്തിരഹിതമായ വിലവര്‍ധനയാണ് തുടരെത്തുടരെ അടിച്ചേല്‍പ്പിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഏറ്റവും കുറഞ്ഞുനില്‍ക്കുമ്പോള്‍ അതിനനുസരിച്ച് രാജ്യത്തെ വില്‍പ്പനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഡീസലിന്റെയും പെട്രോളിന്റെയും ചില്ലറവില ഇത് പതിനൊന്നാംതവണയാണ് മോഡി സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ വര്‍ധന. അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മെയ് 17നാണ് ഇതിനുമുമ്പ് പെട്രോള്‍– ഡീസല്‍ വില കൂട്ടിയത്. അസംസ്കൃത എണ്ണവിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍വന്ന ഇടിവുമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനി വൃത്തങ്ങള്‍ ഇത്തവണയും നല്‍കുന്ന വിശദീകരണം.

പാചകവാതകം ഉള്‍പ്പെടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധനയ്ക്കെതിരെ നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അതിരൂക്ഷമായ വിമര്‍ശവും പരിഹാസവുമാണ് ഉയര്‍ത്തിയത്. കേരളത്തില്‍ കാളവണ്ടിയിലേറിയും വാഹനങ്ങള്‍ നിരത്തിലൂടെ തള്ളിനീക്കിയും പ്രക്ഷോഭം നടത്തിയ അതേ ബിജെപി ഇന്ന് യുപിഎ സര്‍ക്കാരിന്റെ റെക്കോഡുകള്‍ തകര്‍ത്ത വിലവര്‍ധനയ്ക്ക് കാര്‍മികത്വം വഹിക്കുന്നു. നരേന്ദ്ര മോഡി അക്കാലത്ത് നടത്തിയ വിമര്‍ശവും പരിഹാസവും ഇപ്പോള്‍ തിരിഞ്ഞുകുത്തുകയാണ്.

2014 മെയില്‍ മോഡി അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 73.16 (ഡല്‍ഹി) രൂപയും ഡീസലിന് 56.71 രൂപയുമായിരുന്നു വില. അന്ന് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍വില ബാരലിന് 108.05 ഡോളര്‍. ഇപ്പോള്‍ ബാരലിന് 45 ഡോളര്‍. ക്രൂഡ് ഓയില്‍വില രൂപയുടെ കണക്കിലെടുത്താല്‍ മോഡി അധികാരമേല്‍ക്കുമ്പോള്‍ ഒരു ബാരലിന് 6330.65 രൂപ. ഇപ്പോള്‍ 3133.13 രൂപ. രണ്ടുവര്‍ഷത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 3197.52 രൂപ കുറഞ്ഞു. 50 ശതമാനം വില കുറഞ്ഞിട്ടും ആഭ്യന്തരവിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ എട്ടും അഞ്ചും ശതമാനം മാത്രമാണ് കുറഞ്ഞത്. പെട്രോളിന് എട്ടു രൂപയുടെയും ഡീസലിന് മൂന്നു രൂപയുടെയുംമാത്രം കുറവ്. ഈ കണക്ക് പ്രതിപക്ഷം വിശദീകരിക്കുമ്പോള്‍ ഉത്തരംപറയാന്‍ മോഡി സര്‍ക്കാരിന് കഴിയുന്നില്ല. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ജനവിരുദ്ധനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ എന്‍ഡിഎ നടപ്പാക്കിയതിന്റെ ഫലമാണിത്.

അടിമുടി കാപട്യപൂര്‍ണമായ സമീപനമാണ് ഇന്ധനവില കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍വില കുത്തനെ ഇടിഞ്ഞപ്പോഴും അതിന്റെ ഗുണം ജനങ്ങളിലേക്ക് കൈമാറാതെ എക്സൈസ് തീരുവ ഉയര്‍ത്തിയും സര്‍ച്ചാര്‍ജ് ഈടാക്കിയും തട്ടിയെടുക്കുകയായിരുന്നു മോഡി സര്‍ക്കാര്‍.

ജനങ്ങളുടെമേല്‍ അമിതഭാരം അനാവശ്യമായാണ് അടിച്ചേല്‍പ്പിക്കുന്നത്. യുപിഎ ഭരണകാലത്താണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കംചെയ്തത്. എന്‍ഡിഎ ഭരണത്തിലെത്തിയപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. ജനങ്ങളെ മറന്ന് കോര്‍പറേറ്റ് സേവ നടത്തുകയാണ് മോഡി. രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റം അതിരൂക്ഷമാക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ. സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top