29 March Friday

ഉമ്മന്‍ചാണ്ടിയുടെ ആക്രമണത്തിനുള്ള ആഹ്വാനം സമാധാനം തകര്‍ക്കാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനം മുഴക്കിയത് ഇതേവരെ പിന്‍വലിച്ചതായി കാണുന്നില്ല. തെറ്റായ ആഹ്വാനം പിന്‍വലിക്കുന്നതോ, പിന്‍വലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിച്ച് മാപ്പുചോദിക്കുന്നതോ ഉമ്മന്‍ചാണ്ടിയുടെ രീതിയല്ല. അത്ര വിശാലഹൃദയമോ മനസ്സാക്ഷിക്കുത്തോ ഉമ്മന്‍ചാണ്ടിയില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അഹന്തയും ധിക്കാരവും അധികാരഗര്‍വുമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയോട് സ്വയം കൂറുപുലര്‍ത്തുന്ന വ്യക്തിയുമല്ല ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവായ വി എസ് അച്യുതാനന്ദനെ ബഹുമാനിക്കാന്‍ മനസ്സില്ലെങ്കില്‍ വേണ്ട. ബോധം പുറത്തുനിന്നാരെങ്കിലും അടിച്ചേല്‍പ്പിക്കേണ്ടതല്ല; പ്രത്യേകിച്ചും ഈ പ്രായത്തില്‍. എന്നാല്‍, നിലവിലുള്ള നിയമവ്യവസ്ഥയും കീഴ്വഴക്കങ്ങളും ലംഘിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് അധികാരമില്ല. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവിനെതിരെ കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് വി എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പറയുന്നത് തനിക്കെതിരെ ഒരു കേസുപോലും ഇല്ലെന്നാണ്. വി എസ് തന്റെ അഭിപ്രായത്തില്‍ കടുകിട മാറാതെ ഉറച്ചുനില്‍ക്കുകയുമാണ്. 

പ്രതിപക്ഷനേതാവിന്റെ വായ മൂടിക്കെട്ടണമെന്ന ദുരുദ്ദേശ്യത്തോടെ ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചു. കോടതിയുടെ പ്രതികരണം ഉമ്മന്‍ചാണ്ടിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയക്കളിക്ക് കോടതിയെ ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്ന കടുത്ത താക്കീതാണ് ഉമ്മന്‍ചാണ്ടിക്ക് കോടതിയില്‍നിന്ന് ലഭിച്ചത്. ഉമ്മന്‍ചാണ്ടിക്കുവേണ്ടി കോടതിയില്‍ വാദിച്ച പബ്ളിക് പ്രോസിക്യൂട്ടറോട് സര്‍ക്കാര്‍ അഭിഭാഷകനെന്ന നിലയ്ക്കാണോ വാദിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, അല്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് പറയേണ്ടിവന്നു.

കോടതിയില്‍ പരാജയപ്പെട്ടതിനുശേഷമാണ് പ്രതിപക്ഷനേതാവിനെ നിശബ്ദനാക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യപ്പെട്ടതെന്ന് തോന്നുന്നു. കോടതിയോട് അരിശംപൂണ്ട് ക്ഷുഭിതനായ ഉമ്മന്‍ചാണ്ടി പരസ്യമായി പറഞ്ഞത്, പ്രതിപക്ഷനേതാവിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ്. പ്രതിപക്ഷനേതാവിന്റെ പ്രസംഗവും പത്രസമ്മേളനവും കൈയേറി കലാപം സൃഷ്ടിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. കലാപത്തിനുള്ള ആഹ്വാനം ഒരു മുഖ്യമന്ത്രിയില്‍നിന്ന്   ആരും പ്രതീക്ഷിക്കുന്നതല്ല. ഇത് പരസ്യമായ നിയമലംഘനമാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ ഐപിസി 503 അനുസരിച്ചുള്ള ക്രിമിനല്‍ കുറ്റമാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നാണ് അഭിഭാഷകരുടെ അഭിപ്രായം. ക്രിമിനല്‍ ഇന്റിമിഡേഷന്‍ നടത്തിയതിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. പ്രതിപക്ഷനേതാവ് മന്ത്രിക്കുതുല്യനാണ്. പ്രതിപക്ഷനേതാവിനെതിരെ ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മൌനമവലംബിക്കുന്ന മാധ്യമങ്ങള്‍ പാര്‍ലമെന്ററി വ്യവസ്ഥയുടെയും മര്യാദയുടെയും ലംഘനത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്ന് പറയേണ്ടിവരും. ജനാധിപത്യകേരളം ഈ ഭീഷണി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. വി എസിന്റെ പ്രസംഗമോ പത്രസമ്മേളനമോ തടസ്സപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് സങ്കല്‍പ്പിക്കാനെങ്കിലും കഴിയുമെങ്കില്‍, ഉമ്മന്‍ചാണ്ടി ഒരു നിമിഷവും പാഴാക്കാതെ ഖേദം പ്രകടിപ്പിച്ച് കേരള ജനതയോട് മാപ്പുചോദിക്കുകതന്നെ വേണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top