19 March Tuesday

കള്ളപ്പണത്തിന്റെ ഒഴുക്ക് കര്‍ശനമായി തടയണം

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2016

കേരളത്തിലേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് മുമ്പില്ലാത്തവിധം പെരുകിയിരിക്കുന്നു. 17 കോടിയോളം രൂപയാണ് ഇതിനകം അധികൃതര്‍ പിടിച്ചെടുത്തത്. കള്ളപ്പണം കേരളത്തിലേക്കൊഴുകുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മെയ് 16ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അനധികൃതമായ കണക്കില്‍പ്പെടാത്ത പണത്തിന്റെ ഒഴുക്കെന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. യഥാര്‍ഥ തുകയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് അധികൃതരുടെ കണ്ണില്‍പ്പെട്ടിട്ടുള്ളത്. മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് മുല്ലപ്പള്ളി രാമചന്ദ്രന് കൊടുക്കാന്‍ എഐസിസി ഓഫീസില്‍നിന്ന് തിരുവള്ളൂര്‍ മുരളിവശം 50 ലക്ഷം രൂപ കൊടുത്തുവിട്ടതും ട്രെയിനില്‍ സഞ്ചരിക്കവെ 25 ലക്ഷം അടക്കംചെയ്ത പെട്ടി മോഷണം പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ തുക ആദ്യഗഡു മാത്രമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എന്‍ഡിഎയും വന്‍തോതില്‍ പണം വാരിവിതറുന്നതായി ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. പോസ്റ്റര്‍, പടുകൂറ്റന്‍ ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ ലോറിയില്‍ കൊണ്ടുവന്നിറക്കുന്നതായി കാണാനുണ്ട്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ പ്രചാരണച്ചുമതല ഏല്‍പ്പിക്കുന്നതും പലരുടെയും ശ്രദ്ധയില്‍പ്പെട്ടതാണ്. വിദേശരാഷ്ട്രങ്ങളിലെ ബാങ്കുകളില്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്ന നരേന്ദ്ര മോഡിയുടെ വാഗ്ദാനം രണ്ടുവര്‍ഷമായിട്ടും പ്രാവര്‍ത്തികമായിട്ടില്ല. 

കണ്ണൂര്‍ ജില്ലയിലെ ഒരു ഭരണമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി കടത്തിക്കൊണ്ടുപോയ ഒരുകോടി 60 ലക്ഷം രൂപ പിടിച്ചെടുത്ത വിവരം നാട്ടില്‍ പാട്ടാണ്. അനധികൃത പണത്തിന്റെ കുത്തൊഴുക്ക് തടയാന്‍ ഫലപ്രദമായ നടപടി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമായും പണാധിപത്യമായി മാറുമെന്നതില്‍ സംശയം വേണ്ട. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടഞ്ഞേ മതിയാകൂ. അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ അന്ത്യമാകും ഫലം. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയും മതനിരപേക്ഷതയും ഫെഡറലിസവും ഊനം കൂടാതെ സംരക്ഷിക്കേണ്ടത് ഓരോ പൌരന്റെയും ആവശ്യമാണ്. അതിനായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top