20 April Saturday

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2016

'സിപിഎമ്മും മദ്യലോബിയും ചേര്‍ന്ന് സര്‍ക്കാരിനെതിരെ സരിതയെ മുന്‍നിര്‍ത്തി നടത്തുന്ന നീക്കത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് യുഡിഎഫ് നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ട'തായി ഒരു പ്രമുഖ പത്രത്തില്‍ നാലുകോളം വാര്‍ത്ത കാണാനിടയായി. സിപിഐ എം ഈ ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് വിശദമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. നിഷേധിക്കാന്‍ മാത്രമുള്ള പ്രാധാന്യമൊന്നും ഈ വാര്‍ത്തയ്ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഐ എം നേതൃത്വത്തിന് നന്നായറിയാം. എന്നാല്‍,  ഈ വാര്‍ത്തയ്ക്കുപിന്നിലുള്ള ദുരുദ്ദേശ്യം പരാമര്‍ശിക്കാതിരിക്കാന്‍ വയ്യ. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി മെയ് മധ്യത്തോടെ അവസാനിക്കും. ഏപ്രില്‍ അവസാനം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പാര്‍ടി നേതാക്കളുമായി സംസാരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ കേരളം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് മൂന്നുമാസമേ അവശേഷിക്കുന്നുള്ളൂ. അതിനുമുമ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതിനകം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലമറിക്കാനൊന്നും പോകുന്നില്ല. ഈ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തേണ്ടതായ ഒരുകാര്യവും സിപിഐ എമ്മിനില്ല. സരിത കാലുമാറിയെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറയുന്നത്. ഇപ്പോള്‍ സരിത കാലുമാറിയെന്നാണ് യുഡിഎഫ് നേതൃത്വം കാണുന്നതെങ്കില്‍ ഇതേ വരെ സരിതയുടെ കാലെവിടെയായിരുന്നെന്ന് വ്യക്തമാണല്ലോ. സരിത ഇതേവരെ യുഡിഎഫിനൊപ്പമായിരുന്നു എന്ന് തങ്കച്ചന്‍ തന്നെ സമ്മതിച്ചത് നന്നായി. കാലുമാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണവും തങ്കച്ചന്‍ വിശദീകരിക്കണം. സിപിഐ എമ്മും മദ്യലോബിയും ചേര്‍ന്ന് ഏതുവിധേനയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുകയാണെന്നാണ് യുഡിഎഫിന്റെ നേതൃയോഗം പറയുന്നത്.

സരിതയുടെ വെളിപ്പെടുത്തലും തെളിവ് ഹാജരാക്കലും ബിജു രമേശിന്റെ ആരോപണങ്ങളുമൊക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും യുഡിഎഫ് നേതൃത്വത്തെയും അക്ഷരാര്‍ഥത്തില്‍ അങ്കലാപ്പിലാക്കുന്നത് സ്വാഭാവികം. അത് സ്വയംകൃതാനര്‍ഥമാണ്. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. പടുതിരി കത്തിക്കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിവരദോഷം എന്തായാലും സിപിഐ എമ്മിനില്ലെന്ന് ആരോപണമുന്നയിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. അട്ടിമറി ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വപ്നം കാണുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ രക്തസാക്ഷിത്വം കൊതിക്കുന്നതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ആ മോഹം എതായാലും നടക്കാന്‍ പോകുന്നില്ല.

ഉമ്മന്‍ചാണ്ടിക്ക് ഇനിയുള്ള നാളുകള്‍ ദുര്‍ഘടംപിടിച്ചതാണ്. ചീഫ്വിപ്പായിരുന്ന പി സി ജോര്‍ജ് രാജിവച്ചൊഴിഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു. ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും രാജിവച്ചു. ഗൌരിയമ്മയുടെ ജെഎസ്എസും എം വി രാഘവന്റെ സിഎംപിയും യുഡിഎഫിനെ കൈവിട്ടു. യുഡിഎഫ് ജനങ്ങളില്‍നിന്നൊറ്റപ്പെട്ടു. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസില്‍ ഗ്രൂപ്പുവഴക്ക് മറനീക്കി. പരസ്പരം കടിച്ചുകീറാന്‍ കാത്തുനില്‍ക്കുന്നവരാണ് പലരും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏച്ചുകൂട്ടി യോജിപ്പുണ്ടാക്കിയേക്കാം. മറ്റൊരു ഗതിയും ഇല്ലല്ലോ! ജോസ് കെ മാണി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ മുഖംകാണിക്കാന്‍ വേവലാതിപ്പെട്ടോടിനടക്കുകയാണ്. റബറിന്റെ കാര്യത്തില്‍ ഉറപ്പുകിട്ടിയെന്നാണ് പറയുന്നത്. യുപിഎ സര്‍ക്കാരില്‍നിന്ന് ഇതേവരെ ലഭിക്കാതിരുന്ന ഉറപ്പ് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരില്‍നിന്ന് ലഭിച്ചെന്നാണ് പറയുന്നത്. ഇനിമേലില്‍ റബര്‍ വലിച്ചാല്‍ വലിയുന്നതും വിട്ടാല്‍ ചുരുളുന്നതുമായിരിക്കില്ല! ഇത്തരം കപടനാടകങ്ങളെല്ലാം ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങുതകര്‍ത്തുകൊണ്ടേയിരിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മരവിപ്പിലാണ്. ഈ മരവിപ്പ് മാറാന്‍ ഇനി മരുന്നില്ല.

മരവിച്ച സര്‍ക്കാരിനെ അട്ടിമറിക്കേണ്ട ഒരുകാര്യവും സിപിഐ എമ്മിനില്ല. അവശേഷിക്കുന്ന നാളുകളില്‍ ഉമ്മന്‍ചാണ്ടിയെയും കൂട്ടുപ്രതികളെയും നിയമസഭയ്ക്കകത്തും പുറത്തും ബഹിഷ്കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെയും കൂട്ടാളികളെയും തുറന്നുകാട്ടാന്‍ മദ്യലോബിയെയോ സരിതയെയോ കൂട്ടുപിടിക്കേണ്ട ഒരാവശ്യവും എല്‍ഡിഎഫിനില്ല. എല്‍ഡിഎഫിന്റെ മദ്യനയം ഇതിനകം വെളിപ്പെടുത്തിയതാണ്. മദ്യനിരോധനംകൊണ്ട് മദ്യാസക്തി ഇല്ലാതാക്കാന്‍ കഴിയുമെന്ന വ്യാമോഹമില്ല. മദ്യവര്‍ജനമാണാവശ്യം. മദ്യവര്‍ജനത്തിന് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. മദ്യപാനം ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല. നിരുത്സാഹപ്പെടുത്തുക തന്നെ ചെയ്യും. ഗൂഢാലോചനയെപ്പറ്റിയുള്ള അന്വേഷണമാണെങ്കില്‍ സിപിഐ എമ്മിന് തെല്ലും ഭയമില്ല. ഗൂഢാലോചനക്കുറ്റം എത്രയോ കാലമായി നേരിട്ടുകൊണ്ടിരിക്കുന്നു. രാജവെമ്പാലയെ ഭയപ്പെട്ടോടാത്തവര്‍ ഓലപ്പാമ്പ് കണ്ട് പേടിക്കുമെന്ന് കരുതേണ്ടതില്ല. യുഡിഎഫ് നേതൃത്വം രക്തസാക്ഷിമോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്വാഭാവികമരണം പ്രതീക്ഷിച്ചാല്‍ തെറ്റില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top