20 April Saturday

കേരളത്തിന്റെ കുതിപ്പിന്‌ ഡിജിറ്റൽ സയൻസ് പാർക്ക്

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022


കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ രാഷ്ട്രീയസമരങ്ങളെയും വിവാദങ്ങളെയും യുഡിഎഫും ബിജെപിയും ഒരുകൂട്ടം   മാധ്യമങ്ങളും പലവിധത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്‌. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കാനുള്ള പദ്ധതികളെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാരും  ശ്രമിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ചും വിവാദങ്ങളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലും പതറാതെയും എൽഡിഎഫ്‌ സർക്കാർ പുതിയ വികസനപദ്ധതികളുമായി മുന്നോട്ട്‌. ഉന്നത വിദ്യാഭ്യാസരംഗത്തെ നൂതന സ്ഥാപനമായ കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കാനുള്ള  തീരുമാനം ഇതിന്റെ തുടർച്ച മാത്രമാണ്‌. കേരളത്തെ ഒരു ഇലക്‌ട്രോണിക്‌ ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെയും  ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിർമാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുമായി സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്‌. ഇതിനു പിന്നാലെയാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്‌. കേരളത്തിന്‌ അനുയോജ്യമായ വ്യവസായമെന്ന നയത്തിൽ ഊന്നി പുതിയ മുന്നേറ്റത്തിന്‌ സഹായകമാകുന്ന പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌.

ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോടു ചേർന്ന്‌, ടെക്‌നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിലെ 14 ഏക്കറിലാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച്‌ സെന്ററായിട്ടാണ്‌ പാർക്ക്‌ പ്രവർത്തിക്കുക. ഇതിലൂടെ ഒട്ടേറെ പുതിയ കമ്പനികൾ സ്ഥാപിക്കാനാകും. ഓരോ കമ്പനിയും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തൊഴിൽമേഖലയിലടക്കം പുതിയ സാധ്യതകൾ തുറക്കും. സയൻസ്‌ പാർക്കിനകത്ത്‌ അടിസ്ഥാന സൗകര്യങ്ങളും പുതിയ സാങ്കേതികവിദ്യയും മാർഗദർശക സഹായവും വ്യവസായങ്ങൾക്ക്‌ പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യവുമായിരിക്കും ഒരുക്കുക. സ്ഥാപനങ്ങൾക്ക്‌ നൂതന സാങ്കേതികവിദ്യ വളർത്തിയെടുക്കാനും ഇതിനായി വിവിധ സർവകലാശാലകളുമായി ചേർന്നുപ്രവർത്തിക്കാനുള്ള കൺസൾട്ടൻസി സഹായവും നൽകും. 

ശാസ്‌ത്രസാങ്കേതിക മേഖലയിലെ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ ആയിരം കോടി രൂപ മുടക്കിൽ നാല്‌ സയൻസ്‌ പാർക്ക്‌ സ്ഥാപിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആദ്യത്തേതാണ്‌ 1515 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന ഡിജിറ്റൽ സയൻസ്‌ പാർക്ക്‌. 200 കോടി രൂപ സർക്കാരും 975 കോടി രൂപ കിഫ്ബിയും നൽകും. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്ര സർക്കാരും വ്യവസായമേഖലയും സഹകരിക്കും.  മൂന്നുവർഷത്തിനുള്ളിൽ പാർക്ക്‌ പൂർത്തീകരിക്കും. തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കുസമീപവും ഇരട്ട ബ്ലോക്കിൽ സയൻസ്‌ പാർക്കുകളും സ്ഥാപിക്കും. 

ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്കായിരിക്കും ഡിജിറ്റൽ സയൻസ്‌ പാർക്ക്‌. നാളെയുടെ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ മെറ്റീരിയൽസ്‌, ബയോടെക്‌നോളജി തുടങ്ങിയ മേഖലകൾക്കാണ്‌ ഊന്നൽ നൽകുക. രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾക്കും തദ്ദേശീയരും വിദേശിയരുമായ ഗവേഷകർക്കും കൈവശമുള്ള സാങ്കേതികവിദ്യയിൽ പൂർണത വരുത്തി ഉൽപ്പാദന, സേവന മേഖലയിലേക്ക്‌ കടക്കാനാകും. സർവകലാശാലകളിൽ സൃഷ്ടിക്കപ്പെടുന്ന ബൗദ്ധിക സ്വത്തവകാശങ്ങളെ പ്രായോഗികതലത്തിൽ സംരംഭങ്ങളിലേക്ക്‌ എത്തിക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കും.  വിജ്ഞാന സമ്പദ്‌ഘടന പ്രാവർത്തികമാക്കാൻ സഹായകമായ ഒട്ടേറെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ ഇതിലൂടെ ആരംഭിക്കാനാകും.

കേരളത്തിന്റെ വികസനക്കുതിപ്പിന്‌ കരുത്തു പകർന്നും വ്യവസായമേഖലയെ ഊർജസ്വലമാക്കിയും ഐടി വ്യവസായത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ സാധിച്ചിരുന്നു. കോവിഡ്‌ മഹാമാരിക്കുമുന്നിലും തളരാതെ വലിയ ഉണർവ്‌ ഐടി മേഖലയിൽ ഉണ്ടാക്കാനായി. ഐടി പാർക്കുകളിൽ അടിസ്ഥാന സൗകര്യം വിപുലീകരിച്ചും ദേശീയ-–- അന്തർദേശീയ ഐടി കമ്പനികളെ ആകർഷിച്ചും മികച്ച മാർക്കറ്റിങ്‌ സംവിധാനങ്ങളും ഒരുക്കിയുമാണ്‌ നേട്ടം കൈവരിച്ചത്‌.  ലോകോത്തര കമ്പനികൾ ഉൾപ്പെടെ നിരവധി കമ്പനികൾ ഐടി പാർക്കുകളിൽ കഴിഞ്ഞ വർഷങ്ങളിൽ  പ്രവർത്തനമാരംഭിച്ചു. ഐടി പാർക്കുകളുടെ വികസനത്തോടൊപ്പം നാലാം തലമുറ വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്ക്‌ ഊന്നൽ നൽകിക്കൊണ്ടാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്‌ ആരംഭിക്കുന്നത്‌. ഇത്‌ കേരളത്തെ സാങ്കേതികവിദ്യാ മേഖലയിൽ മുൻനിരയിലെത്തിക്കും. മാധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്രഭരണകക്ഷിയും എന്തൊക്കെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും ജനങ്ങളുടെയും നാടിന്റെയും പുരോഗതിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ മുഖ്യപരിഗണനയെന്നാണ്‌ ഇതൊക്കെ തെളിയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top