19 April Friday

ഇരട്ട എൻജിൻ പരാജയം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർടി ഭരിച്ചാൽ ഇരട്ട എൻജിൻ വികസനം വരുമെന്നാണ്‌ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ബിജെപി ശക്തമായി ഈ വാദം ഉയർത്തുന്നു. ഗുജറാത്തിലെ മോർബിയിൽ നൂറ്റിനാൽപ്പതിൽപ്പരം ജീവനപഹരിച്ച തൂക്കുപാല ദുരന്തം ബിജെപിയുടെ ഇത്തരം അവകാശവാദങ്ങൾ പൂർണമായും തകർക്കുന്നതാണ്‌. സ്വകാര്യ കരാർകമ്പനി ഉ*ദ്യോഗസ്ഥരുടെ പേരിൽ കേസെടുത്ത്‌ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയാനാണ്‌ ഗുജറാത്ത്‌ സർക്കാരിന്റെ ശ്രമം.

ഓരോ പൗരന്റെയും ജീവന്‌ സംരക്ഷണം നൽകേണ്ടത്‌ ഭരണഘടനപ്രകാരം സർക്കാരിന്റെ കടമയാണ്‌. ഇതുപ്രകാരം,  മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം സർക്കാരിന്റെ എല്ലാ വിഭാഗവും മോർബി ദുരന്തത്തിൽ ഉത്തരവാദികളാണ്‌.  ബിജെപി ഭരിക്കുന്ന മോർബി നഗരസഭ 135 വർഷം പഴക്കമുള്ള പാലം നവീകരണത്തിനും പരിപാലനത്തിനും നടത്തിപ്പിനും 15 വർഷത്തേക്ക്‌  കരാർ നൽകിയത്‌ ഒരേവ  ഗ്രൂപ്പി (അജന്ത മാനുഫാക്‌ചറിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌)നാണ്‌. ക്ലോക്കും  ഇ–-ബൈക്കും നിർമിക്കുന്ന കമ്പനിക്ക്‌  പാലത്തിന്റെ നടത്തിപ്പ്‌ ചുമതല നൽകിയതുതന്നെ സംശയകരമാണ്‌. ഏഴുമാസം അടച്ചിട്ടശേഷം ഗുജറാത്ത്‌ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 26ന്‌ പാലം തുറന്നുകൊടുത്തു. പാലം തുറക്കുന്നത്‌ ഒരേവ ഗ്രൂപ്പ്‌ അറിയിച്ചില്ലെന്നും അതിനാൽ  പരിശോധന നടത്തുകയോ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകുകയോ ചെയ്‌തിട്ടില്ലെന്നും നഗരസഭ അധികൃതർ കൈമലർത്തുന്നു. മച്‌ഛു നദിക്കുകുറുകെ 765 അടി നീളമുള്ള പാലം വിനോദസഞ്ചാരികളെയും ആകർഷിച്ചിരുന്നു. സുരക്ഷാചട്ടങ്ങൾപ്രകാരം ഒരേസമയം പരമാവധി 15 പേർക്കുമാത്രം നിൽക്കാൻ കഴിയുന്ന പാലത്തിൽ അഞ്ഞൂറോളം പേരെയാണ്‌ ടിക്കറ്റ്‌ വഴി കയറ്റിയത്‌.

ഇത്രയും ഗുരുതര നിയമലംഘനം നടന്നിട്ടും റവന്യു–- പൊലീസ്‌ അധികാരികൾ തിരിഞ്ഞുനോക്കിയില്ല. കുട്ടികളും സ്‌ത്രീകളുമടക്കം ആയിരങ്ങളാണ്‌ നാല്‌  ദിവസത്തിൽ പാലത്തിൽ കയറിയിറങ്ങിയത്‌. നഗ്‌നമായ ഈ നിയമലംഘനം  ജില്ലാ മജിസ്‌ട്രേട്ടും പൊലീസ്‌ മേധാവിയും മുനിസിപ്പൽ അധികൃതരും പൊതുമരാമത്ത്‌ വകുപ്പും അറിഞ്ഞില്ലെന്ന്‌ നടിക്കുന്നത്‌ അവിശ്വസനീയമാണ്‌. ഗുജറാത്തിന്റെ വികസനത്തിനായി  ‘ഇരട്ട എൻജിൻ സർക്കാർ’ പ്രവർത്തിക്കുന്നുവെന്ന്‌ കൊട്ടിഘോഷിക്കവെയാണ്‌ രാജ്യത്തെ നടുക്കിയ അതിദാരുണമായ ദുരന്തമുണ്ടായത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി പ്രചണ്ഡമായ പ്രചാരണം നടത്തുന്ന സംസ്ഥാനത്ത്‌ ഭരണരാഷ്‌ട്രീയ നേതൃത്വത്തിനും ഇതിന്റെ ബാധ്യതയിൽനിന്ന്‌ ഒഴിയാനാകില്ല. ഭരണകാര്യങ്ങളിലെ മേൽനോട്ടവും നിയന്ത്രണവും ‘ഇരട്ട എൻജിൻ’ സർക്കാരിന്റെ പരിധിയിൽ വരുന്നതല്ലേ?

ഗുജറാത്തിൽ പഴയ പാലങ്ങളുടെ നവീകരണത്തിനായി സ്വീകരിച്ചുവരുന്ന നടപടിക്രമം എന്താണ്‌? മോർബി പാലം  ഒരേവ ഗ്രൂപ്പിനു കൈമാറിയത്‌ എന്തിന്റെ  അടിസ്ഥാനത്തിലാണ്‌? സ്വകാര്യ കമ്പനിക്ക്‌ സ്വന്തമായി തീരുമാനിച്ച്‌ പാലം തുറന്നുകൊടുക്കാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ സർക്കാർ നിലവിൽ നിയോഗിച്ച ഉദ്യോഗസ്ഥതല അന്വേഷകസമിതിക്ക്‌ കഴിയില്ല. കരാർകമ്പനി ജീവനക്കാരെമാത്രം പ്രതിക്കൂട്ടിലാക്കി അന്വേഷണം അവസാനിപ്പിക്കുന്നത്‌ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. മനുഷ്യജീവൻ ഇത്തരത്തിൽ പൊലിയുന്നതിന്‌ അന്ത്യംകുറിക്കാനുള്ള നടപടികളിലേക്ക്‌ നീങ്ങാൻ  ഉന്നതതല ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്‌.

കൊൽക്കത്തയിൽ 2016ൽ ഫ്‌ളൈഓവർ തകർന്ന്‌ 21 പേർ മരിച്ചപ്പോൾ ‘ദുർഭരണത്തിനെതിരായ ദൈവത്തിന്റെ സന്ദേശം’ എന്നാണ്‌ പ്രധാനമന്ത്രി മോദി പ്രതികരിച്ചത്‌. ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഉണ്ടായ ദുരന്തത്തെ അദ്ദേഹം എങ്ങനെ വിലയിരുത്തുമെന്ന്‌ അറിയേണ്ടതുണ്ട്‌. റോഡുകളും പാലങ്ങളും സ്‌റ്റേഡിയങ്ങളുമടക്കം എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്വകാര്യ ഏജൻസികൾക്ക്‌ ദീർഘകാല പാട്ടത്തിന്‌ നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്‌. വിവേകശൂന്യമായ സ്വകാര്യവൽക്കരണം സൃഷ്ടിക്കുന്ന കെടുതികൾക്ക് ഉദാഹരണമാണ്‌ മോർബി ദുരന്തം. കൊള്ളലാഭം ലക്ഷ്യമിട്ട്‌ സ്വകാര്യ ഏജൻസികൾ നീങ്ങിയാൽ മനുഷ്യജീവന്‌ തെല്ലും വിലയില്ലാതാകുമെന്ന്‌ ഈ  ദുരന്തം ആവർത്തിച്ച്‌ സാക്ഷ്യപ്പെടുത്തുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top