28 March Thursday

പ്രതിരോധിക്കണം; പകരുന്ന വ്യാജപ്രചാരണത്തെയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 2, 2017


കേരളം പിറവിയുടെ അറുപതുവര്‍ഷം പിന്നിട്ടു. പഴയ നേട്ടങ്ങളുടെ കണക്കെടുപ്പും പുതിയ കുതിപ്പുകള്‍ക്കുള്ള വഴിയൊരുക്കലും നടക്കുന്നു. ആരോഗ്യരംഗത്ത് ഒരുവര്‍ഷം നീളുന്ന പ്രതിരോധയജ്ഞത്തിനും തുടക്കമാകുന്നു.

പനിയും പകര്‍ച്ചവ്യാധികളും അരികിലെത്തുമ്പോള്‍ പരിഹാരത്തിന് ശ്രമിക്കുന്നതിനുപകരം, സമഗ്ര പ്രതിരോധനിയന്ത്രണ കര്‍മപദ്ധതിയാണ് ഒരുങ്ങുന്നത്. എല്ലാ ജില്ലയിലും എല്ലാ വകുപ്പും സഹകരിച്ച് 2018 ഒക്ടോബര്‍വരെ നീളുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധിയുടെ മുന്‍കാല വ്യാപ്തി കണക്കിലെടുത്ത് പ്രദേശങ്ങളെ മേഖലകളായി തിരിച്ച് ജനകീയസഹകരണത്തോടെ പ്രതിരോധനടപടി സ്വീകരിക്കുകയാണ്. പദ്ധതികള്‍ തയ്യാറാക്കുന്നത് ആരോഗ്യവകുപ്പാണെങ്കിലും എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടക്കും. തികച്ചും മാതൃകാപരമായ നീക്കം.

എന്നാല്‍, നമ്മുടെ ആരോഗ്യമേഖലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചപ്പനിപോലെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരെമാത്രം പോരാ എന്ന് സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നു. പുതിയൊരു വെല്ലുവിളി നമ്മുടെ ആരോഗ്യനേട്ടങ്ങള്‍ക്കെതിരെ ഉയരുകയാണ്. വാക്സിനേഷന്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കുംവിധം ഉയരുന്ന വ്യാജപ്രചാരണങ്ങളെയാണ് ഉദ്ദേശിക്കുന്നത്.  ഒക്ടോബര്‍ 31ന് അവസാനിച്ച റുബെല്ല- മീസില്‍സ് (എംആര്‍) ക്യാമ്പയിന്‍ നേരിടേണ്ടിവന്നത് ഇത്തരത്തില്‍ കടുത്ത ആക്രമണമാണ്. ചില ജില്ലകളിലെങ്കിലും പദ്ധതിയെ പൂര്‍ണവിജയത്തിലെത്തിക്കുന്നത് തടയാനായി എന്ന് ഈ വ്യാജപ്രചാരകര്‍ക്ക് 'അഭിമാനി'ക്കാം.

മുമ്പുള്ളതിനേക്കാള്‍ ഇപ്പോഴത്തെ ആരോഗ്യദ്രോഹനീക്കങ്ങള്‍ക്കുള്ള പ്രത്യേകത ആധുനിക ആശയപ്രചാരണ സങ്കേതങ്ങളിലൂടെ അത് കൂടുതല്‍ വ്യാപകമാകുന്നു എന്നതാണ്. ഒപ്പം കൃത്രിമമായ ആധികാരികത നേടാന്‍ ഈ പ്രചാരണങ്ങള്‍ക്ക് വേഗത്തില്‍ കഴിയുന്നു എന്നതും.

ശാസ്ത്രം തള്ളിയതും തീര്‍ത്തും അശാസ്ത്രീയവുമായ വാദങ്ങള്‍ ഉയര്‍ത്തിയാണ് പലരും വാക്സിനേഷനെ എതിര്‍ക്കുന്നത്. ചിലയിടങ്ങളില്‍ മതത്തിന്റെമറവിലും ഈ പ്രചാരണങ്ങള്‍ നടക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പരീക്ഷണങ്ങളിലൂടെ തെറ്റെന്ന് തെളിഞ്ഞ വാദങ്ങള്‍പോലും പുതുമാധ്യമങ്ങളിലൂടെ 'പുത്തന്‍ അറിവാ'യി പ്രചരിപ്പിക്കുന്നു.  നൂറും ആയിരവുമായി പറക്കുന്ന ഈ വ്യാജസന്ദേശങ്ങള്‍ കുറെപ്പേര്‍ക്കെങ്കിലും 'ആധികാരിക ജ്ഞാന'മാകുന്നു. ചില വാര്‍ത്താമാധ്യമങ്ങളും ഈ പ്രചാരണത്തിന് തുണയേകുന്നു. കുത്തിവയ്പെടുത്തതില്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്ക്് മറ്റെന്തെങ്കിലും കാരണംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍പോലും വാക്സിനേഷന്റെപേരില്‍ ആരോപിച്ച് വന്‍ വിവാദമാക്കുകയുംചെയ്യുന്നു, ചിലര്‍. ഈ പ്രചാരണങ്ങള്‍ എല്ലാംചേര്‍ന്ന് കുറെ കുട്ടികളെയെങ്കിലും എം ആര്‍ പ്രതിരോധകുത്തിവയ്പില്‍ നിന്ന് അകറ്റിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ ചില മതപരമായ വിലക്കുകളുടെ മറവില്‍നിന്നുകൊണ്ടാണ് ചിലര്‍ വാക്സിനേഷനെതിരെ പ്രവര്‍ത്തിച്ചത്. എന്നാല്‍, മലപ്പുറം ജില്ലയിലുംമറ്റും മുസ്ളിം മതനേതാക്കള്‍ വാക്സിനേഷന് അനുകൂലമായി പരസ്യപ്രചാരണത്തിന് എത്തിയതോടെ ആ നീക്കം വലിയൊരളവുവരെ തകര്‍ന്നു. അപ്പോള്‍ പ്രചാരണം സ്വയം പ്രഖ്യാപിത 'ഡോക്ടര്‍'മാരും വ്യാജചികിത്സകരും അത്ഭുതരോഗശാന്തിക്കാരും ഏറ്റെടുത്തു. വാക്സിന് ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റിവരെ ദുരൂഹതകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വാക്സിനേഷന്റെ തോത് വളരെയധികം കുറഞ്ഞ ജില്ലകളില്‍ ഇത്തരക്കാരുടെ പ്രചാരണത്തിന്റെ രീതികളെപ്പറ്റി കൂടുതല്‍ പഠനം നടത്തേണ്ടത് ആവശ്യമായിരിക്കുകയാണ്. 'ജാഗ്രത' പദ്ധതിയില്‍ പ്രദേശങ്ങളെ രോഗങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലകളായി തിരിക്കുന്നതുപോലെ പ്രചാരകരുടെ സ്വാധീനബാധിത മേഖലകളെയും ഇങ്ങനെ തിരിക്കേണ്ടിവരും. ഇവരെ ചെറുക്കാനുള്ള പരിശ്രമങ്ങള്‍കൂടി ഭാവിയിലെ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ അജന്‍ഡയില്‍ ചേര്‍ക്കേണ്ടിയുംവരും.

ഈ ആരോഗ്യവിരുദ്ധ ശാസ്ത്രവിരുദ്ധ നീക്കങ്ങളെ ചെറുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ത്തന്നെ മുന്‍ഗണന നല്‍കി ഇടപെട്ടിരുന്നു. സ്കൂള്‍പ്രവേശനത്തിന് വാക്സിനേഷന്‍രേഖകള്‍ നിര്‍ബന്ധമാക്കുമെന്നും വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയമപരവും ഭരണപരവുമായ നടപടികള്‍ക്ക് പരിമിതികള്‍ ഏറെയാണ്. വ്യക്തിസ്വാതന്ത്യ്രത്തിന്റെയും അഭിപ്രായസ്വാതന്ത്യ്രത്തിന്റെയുമൊക്കെ പരിചകള്‍ മറയാക്കിയാകും വ്യാജപ്രചാരകര്‍ പൊരുതുക.

എംആര്‍ വാക്സിനേഷന്‍ ക്യാമ്പയിനില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ആത്മാര്‍ഥമായി ജോലിചെയ്തു. എന്നാല്‍, വ്യാജപ്രചാരണങ്ങളുടെ  മുനയൊടിക്കാന്‍ ഈ കഠിനാധ്വാനം മതിയാകുമായിരുന്നില്ല. ആ രംഗത്ത് സര്‍ക്കാരിന്റെ മാധ്യമപ്രചാരണങ്ങള്‍ വലിയതോതില്‍ സഹായകമായിട്ടുണ്ട്. നവമാധ്യമങ്ങളില്‍ ചില ഡോക്ടര്‍മാര്‍ ഒറ്റയ്ക്കും കൂട്ടായും വഹിച്ച പങ്കും വിലപ്പെട്ടതാണ്. ഫെയ്സ്‌ബുക്കിലെ ഇന്‍ഫോ ക്ളിനിക്ക് പോലെയുള്ള സ്വതന്ത്ര ഡോക്ടര്‍ കൂട്ടായ്മകള്‍ എല്ലാ ദൃശ്യ-ശ്രവ്യസാധ്യതകളും വ്യാജപ്രചാരണങ്ങള്‍ നേരിടാന്‍ പ്രയോജനപ്പെടുത്തി.

ഏതായാലും കേരളത്തിന്റെ ഭാവി ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഇനി വ്യാജപ്രചാരകരുടെ വെല്ലുവിളികളെ കൂടി നേരിട്ടുതന്നെ മുന്നോട്ടുപോകേണ്ടിവരും. കേരളം ആരോഗ്യമാനകങ്ങളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം എത്തിയത് കൂട്ടായ പരിശ്രമത്തിലൂടെയാണ്. രാഷ്ട്രീയവും സാമൂഹ്യവും ഭരണപരവുമായ നീക്കങ്ങള്‍ ഒന്നിച്ചാണ് മുന്നേറിയത്. വാക്സിനേഷനെതിരെ വാളോങ്ങുന്നവര്‍ നാളെ ഏത് ആരോഗ്യ മുന്‍കൈ തകര്‍ക്കാനും തുനിഞ്ഞിറങ്ങാം. ഇതിനെതിരെയും കൂട്ടായ പരിശ്രമം വേണ്ടിവരും.  സര്‍ക്കാരിന്റെ ഏത് പുതിയ ആരോഗ്യസംരംഭത്തിനുമൊപ്പം അതിന് എതിരുനില്‍ക്കുന്നവരെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍കൂടി വേണ്ടിവരും. 'ജാഗ്രത' പദ്ധതിയുടെ നടത്തിപ്പിലും ഈ ജാഗ്രതകൂടി ആവശ്യമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top