27 April Saturday

ആവര്‍ത്തിക്കുന്ന റെയില്‍വേ ദുരന്തങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017


രാജ്യത്തെ ഏറ്റവും പ്രധാന സബര്‍ബന്‍ റെയില്‍വേ സര്‍വീസാണ് മുംബൈ നഗരത്തിലേത്. 1853 ഏപ്രില്‍ 16ന് ബോറി ബുന്ദറില്‍ (ഇന്നത്തെ സിഎസ്ടി)നിന്ന് താണെയിലേക്ക് രാജ്യത്തെ ആദ്യതീവണ്ടി കൂകിപ്പാഞ്ഞതുമുതല്‍ ആരംഭിക്കുന്നു ഈ സര്‍വീസിന്റെ ചരിത്രം. 2342 തീവണ്ടികളിലായി 75 ലക്ഷംപേര്‍ ഉപയോഗിക്കുന്ന ഈ റെയില്‍വേ സര്‍വീസാണ് മഹാനഗരത്തിന്റെ ജീവനാഡി. എന്നാല്‍, ആ യാത്രയിലും ഇപ്പോള്‍ ചോരപ്പാട് വീണിരിക്കുന്നു. സബര്‍ബന്‍ റെയില്‍വേ സര്‍വീസില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു ദുരന്തമാണ് എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ മരിച്ചു. 38 പേര്‍ ആശുപത്രിയിലാണ്.

പശ്ചിമ റെയില്‍വേയിലെ എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനെ മധ്യറെയില്‍വേയിലെ പരേല്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് ദുരന്തം. ഇരു സ്റ്റേഷനിലും നാലുവീതം ട്രെയിന്‍ ഒരേസമയം എത്തിയതും മഴയും കാരണം ആളുകള്‍ നടപ്പാലത്തിലേക്ക് തിക്കിത്തിരക്കി എത്തുകയായിരുന്നു. എന്നാല്‍, ഇതൊന്നും മുംബൈ നഗരത്തില്‍ പുതുമയുള്ള കാര്യമല്ല. തിക്കും തിരക്കും മഴയും മഹാനഗരത്തിന്റെ ഭാഗംതന്നെയാണ്. യാഥാര്‍ഥ പ്രശ്നം ആള്‍ത്തിരക്കിനും സര്‍വീസിനും അനുസരിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടിയെന്നതാണ്.

ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ ഇടുങ്ങിയ നടപ്പാലം നിര്‍മിച്ചത്. അന്ന് ഈ നടപ്പാലം മതിയായിരുന്നു. എന്നാല്‍, റെയില്‍വേ സര്‍വീസും യാത്രക്കാരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന നടപ്പാലമോ പകരം സംവിധാനമോ ഒരുക്കണമായിരുന്നു. അതുണ്ടായില്ല. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് ഈ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നര്‍ഥം.  കഴിഞ്ഞവര്‍ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും എല്‍ഫിന്‍സ്റ്റണില്‍ ഒരു നടപ്പാലംകൂടി നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 2016 ആഗസ്തില്‍ എല്‍ഫിന്‍സ്റ്റണ്‍ ഉള്‍പ്പെടെ അഞ്ചു നടപ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി 11.86 കോടി രൂപ വകയിരുത്തിയെന്നും റെയില്‍വേ അറിയിച്ചു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. റെയില്‍വേ സ്റ്റേഷന്റെ ദയനീയസ്ഥിതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആറുമാസംമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

ദുരന്തമുണ്ടായപ്പോള്‍മാത്രമാണ് അധികൃതരുടെ കണ്ണുതുറന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ റെയില്‍മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ബോര്‍ഡ് യോഗം തീരുമാനിച്ചു. നടപ്പാലം ഉള്‍പ്പെടെ ആവശ്യമെങ്കില്‍ നിര്‍മിക്കാനും ഉത്തരവായി. എന്നാല്‍, ഈ തീരുമാനം നേരത്തെ നടപ്പാക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. കൂട്ടക്കുരുതിക്കുശേഷമേ അധികൃതര്‍ കണ്ണുതുറക്കൂവെന്ന് വന്നാല്‍ അത് പ്രതിഷേധാര്‍ഹമാണ്. ആരുടെയെങ്കിലും സമ്മര്‍ദഫലമായോ ദുരന്തത്തിനോടുള്ള പ്രതികരണമായോ അല്ല അടിസ്ഥാനസൌകര്യ വികസനം നടക്കേണ്ടത്. അതൊരു തുടര്‍ച്ചയായ പ്രക്രിയയും സംവിധാനവുമായിരിക്കണം. രാജ്യത്ത് ഇല്ലാത്തതും അതാണ്.

മോഡിസര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം അന്നത്തെ റെയില്‍മന്ത്രിയായിരുന്ന സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ റെയില്‍ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുപകരം നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും അടിസ്ഥാനസൌകര്യ വികസനത്തിനും ഊന്നല്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ആ വാഗ്ദാനം നടപ്പായില്ലെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് എല്‍ഫിന്‍സ്റ്റണ്‍ ദുരന്തം. സെപ്തംബറില്‍മാത്രം ചെറുതും വലുതുമായ പത്ത് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പേരിലാണ് സുരേഷ് പ്രഭുവിന് മന്ത്രിസ്ഥാനം നഷ്ടമായത്. എന്നാല്‍, പുതിയ മന്ത്രിയുടെ കീഴിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് എല്‍ഫിന്‍സ്റ്റണ്‍ സംഭവം വിരല്‍ചൂണ്ടുന്നു.

ആദ്യബജറ്റില്‍ പ്രഖ്യാപിച്ചതിനുവിരുദ്ധമായി  റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നതിലുമാണ് മോഡിസര്‍ക്കാരിന്റെ മുന്‍ഗണന. റെയില്‍വേ സര്‍വീസുകളും സ്വത്തുക്കളും എന്തിനധികം പറയുന്നു, റെയില്‍വേ ലൈനുകള്‍പോലും സ്വകാര്യവല്‍ക്കരിക്കാനാണ് മോഡിസര്‍ക്കാരിന്റെ നീക്കം. റെയില്‍ബജറ്റുപോലും ഉപേക്ഷിച്ചത് സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടാനാണ്. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍പ്പോലും പ്രധാന പങ്കുവഹിച്ച റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം രാജ്യത്തെ വില്‍ക്കുന്നതിനുസമാനമാണ്.

ജപ്പാനില്‍നിന്ന് കടമെടുത്ത് ലക്ഷം കോടി രൂപ ചെലവില്‍ അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന്് മോഡിസര്‍ക്കാര്‍ തയ്യാറാകുന്നതിലൂടെ, അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലല്ല സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാകുന്നു. സാധാരണ യാത്രക്കാരുടെ സൌകര്യവികസനവും സുരക്ഷിതത്വവുമല്ല, മറിച്ച് അതിസമ്പന്നരുടെ സുരക്ഷിതവും വേഗമേറിയതുമായ യാത്രയാണ് മോഡിസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. പുതിയ റെയില്‍പ്പാതയുടെ നിര്‍മാണവും സിഗ്നലിങ് സംവിധാനത്തിന്റെ ആധുനികവല്‍ക്കരണവും റോളിങ് സ്റ്റോക്കുകളുടെയും വാഗണുകളുടെയും നിര്‍മാണവും അടിസ്ഥാനസൌകര്യ വികസനവുമാണ് റെയില്‍വേക്ക് അത്യാവശ്യമായിട്ടുള്ളത്. ബുള്ളറ്റ് ട്രെയിനിന്റെ പിറകെ പോകുന്ന മോഡിയില്‍നിന്ന് അത്തരമൊരു നടപടി പ്രതീക്ഷിക്കേണ്ടതില്ല. അതിനര്‍ഥം എല്‍ഫിന്‍സ്റ്റണ്‍പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top