23 April Tuesday

കൈകോര്‍ക്കാം സഹജീവികളുടെ ജീവനുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2016


റോഡിലെ ഈ രക്തച്ചൊരിച്ചിലിന് എന്നാണ് ശമനം ഉണ്ടാകുക. തലസ്ഥാന നഗരത്തിലെ തിരക്കേറിയ കിഴക്കേകോട്ട ബസ്ബേയുടെ മുന്നില്‍ ഒടുവിലത്തെ ജീവബലി ഒരു വീട്ടമ്മയുടേതായിരുന്നു. ഇതേ സ്ഥലത്ത് ഒരു വര്‍ഷത്തിനകം കൊലയ്ക്ക് കൊടുത്തത് 14 മനുഷ്യജീവന്‍. അറുത്തെറിയപ്പെടുന്ന ജീവിതങ്ങള്‍ സ്ഥിതിവിവരക്കണക്കുകളായി നമ്മളെ തുറിച്ചുനോക്കുമ്പോഴും ആര്‍ക്കും ഒരു പശ്ചാത്താപവും ഇല്ല; പുനര്‍ചിന്തനവും ഇല്ല. ഈ നരഹത്യ അവസാനിപ്പിക്കാന്‍  കേവലം സര്‍ക്കാര്‍ നടപടി മാത്രം പോരാ.  നിയമത്തിന്റെ വഴികള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകേണ്ടതില്ല. അതോടൊപ്പം പൊതുസമൂഹം ഉണര്‍ന്ന് തെരുവിലെ ചോരക്കളിക്ക് അറുതിവരുത്തണം. സ്വയം നിയമം ലംഘിക്കാതിരിക്കണം. പിഴവുകള്‍ വരുത്തുന്നവരെ തിരുത്തിക്കാന്‍ നിയമസംവിധാനത്തിന് പിന്തുണ നല്‍കണം. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വ്യക്തിപരമായ അസൌകര്യങ്ങളുടെപേരില്‍ കൂട്ടായ എതിര്‍പ്പ് ഉയര്‍ത്തുന്നത് അവസാനിപ്പിക്കണം. 'പെട്രോളിന് ഹെല്‍മെറ്റ്' പരിപാടിക്കെതിരെ ആദ്യമുണ്ടായ എതിര്‍പ്പും പിന്നീട് സംസ്ഥാനവ്യാപകമായി നടപ്പാക്കിയതും   രണ്ട് സമീപനങ്ങള്‍ക്കും  സമവായത്തിനുമുള്ള മികച്ച ഉദാഹരണമാണ്.

കേരളത്തില്‍ റോഡപകടങ്ങളുടെ എണ്ണവും ജീവനാശവും  അമ്പരപ്പുളവാക്കുംവിധം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ അപകടങ്ങളുടെ എണ്ണം 39014ആണ്. 4196 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  ഈ വര്‍ഷം അഞ്ച് മാസം കൊണ്ട് 17017 അപകടങ്ങള്‍. മരണവും മുന്‍വര്‍ഷത്തെ നിരക്കിനേക്കാള്‍ കൂടുതല്‍. വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചു സംസ്ഥാനമായ കേരളം റോഡപകടങ്ങളില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്താണെന്നത്  നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അശാസ്ത്രീയവും നിലവാരമില്ലാത്തതുമായ റോഡ് തന്നെയാണ് ഇതില്‍ പ്രധാന വില്ലന്‍. ദേശീയ– സംസ്ഥാന പാതകള്‍ വികസിപ്പിക്കാനും കുറ്റമറ്റതാക്കാനുമുള്ള സമഗ്രപദ്ധതി എല്‍ഡിഎഫ് പ്രകടനപത്രികയിലും ബജറ്റിലും മുന്നോട്ടുവച്ചത് ആശാവഹമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കാണിക്കുന്ന പ്രതിബദ്ധതയില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

പശ്ചാത്തലസൌകര്യങ്ങള്‍ മാറ്റിനിര്‍ത്തിയാലും കേരളത്തിലെ അപകടനിരക്ക് വര്‍ധിപ്പിക്കുന്ന മറ്റനേകം ഘടകങ്ങള്‍ ഉണ്ട്. തെറ്റായ ഡ്രൈവിങ് ശീലങ്ങള്‍, വര്‍ധിച്ചുവരുന്ന പുതുതലമുറ വാഹനങ്ങള്‍; പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍ ധരിക്കാതിരിക്കല്‍, മദ്യപാനം തുടങ്ങി നിരവധി കാര്യങ്ങളില്‍ കടുത്ത അനാസ്ഥയാണ് വാഹന ഉപയോക്താക്കള്‍ കാണിക്കുന്നതെന്ന് ഒരോ അപകടത്തിന്റെയും കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ശക്തമായ ശിക്ഷാനടപടികളിലൂടെയും തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെയും വേണം ഈ ആപത്തുകളെ മറികടക്കാന്‍.

സുരക്ഷയ്ക്കും  ബോധവല്‍ക്കരണത്തിനുമായി വാഹന ഉപയോക്താക്കളില്‍നിന്ന് സെസും പിഴയുമായി വന്‍തുക പിരിച്ചെടുക്കുന്ന സംസ്ഥാനമാണ് കേരളം. മുന്‍ഭരണകാലത്തെ ഈ നിധിയുടെ ദുര്‍വിനിയോഗവും ക്രമക്കേടും സാക്ഷ്യപ്പെടുത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. റോഡു സുരക്ഷ ഉറപ്പാക്കാനുള്ള ഫണ്ടായാലും, കമിഴ്ന്നുവീണാല്‍ കാല്‍പണം എന്ന പതിവിന് അപ്പുറത്തേക്ക് പോകാന്‍ ഭരണ– ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അത് മാറ്റിത്തീര്‍ക്കാനുള്ള  എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഭരണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ കൈക്കൊണ്ട നടപടികളില്‍ ദൃശ്യമായത്. അതിനെ വിവാദങ്ങളില്‍ കുരുക്കി നിഷ്ഫലമാക്കാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. മോട്ടോര്‍ വാഹനം,  പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ഏകോപിച്ച പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയാലേ തെരുവിലെ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാവൂ.

മേല്‍പറഞ്ഞതൊക്കെ അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍. എത്രയൊക്കെ കരുതല്‍ ഉണ്ടായാലും അപകടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കാനാകില്ല. അപ്രതീക്ഷിതമായ അപകടങ്ങളില്‍പെടുന്ന സഹജീവിയുടെ ജീവന് തുണയേകുകയെന്നത് ഏതൊരു പരിഷ്കൃതസമൂഹത്തിന്റെയും ചുമതലയാണ്. ഔദ്യോഗികസംവിധാനങ്ങളും വ്യക്തികളും ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ അനാസ്ഥ കാണിക്കുകയോ ചെയ്യുമ്പാള്‍   എത്രയോ ജീവിതങ്ങള്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്നു. ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലെത്തിക്കുന്നതിന് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിരുന്ന സംവിധാനമായിരുന്നു 108 ആംബുലന്‍സുകള്‍. എന്നാല്‍, അതാകമാനം താറുമാറായിരിക്കുന്നു. കഴിഞ്ഞ ദിവസം കിഴക്കേ കോട്ടയില്‍ ബസ് ഇടിച്ചുവീണ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സമയമേറെ എടുത്തു. നഗരഹൃദയത്തില്‍, വിളിപ്പാടകലെ എത്താന്‍പോലും സാധ്യമല്ലാത്ത നിലയിലേക്ക് 108 ആംബുലന്‍സ് പദ്ധതിയെ തകര്‍ത്തവര്‍ വേണം ഈ ദുരന്തത്തിന് ഉത്തരം പറയാന്‍.

റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ പിന്നീട് നിയമ സാങ്കേതിക കുരുക്കുകളില്‍ പെടുന്നു എന്നത് പഴയകഥയാണ്. അത്തരം എല്ലാ ബാധ്യതകളില്‍നിന്നും അവരെ ഒഴിവാക്കിയിട്ട് കാലമേറെയായി. എന്നിട്ടും ഇപ്പോഴും നമ്മുടെ സഹോദരങ്ങള്‍ വഴിയില്‍ ചേരവാര്‍ന്ന് മരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ചില മന്ത്രിമാര്‍, റോഡപകടങ്ങളില്‍ പെട്ടവരെ  ആശുപത്രിയില്‍ എത്തിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായി കണ്ടു. അപകടത്തില്‍പെടുന്നവരെ രക്ഷിക്കുകയെന്നത്് ഇനിയും നമ്മുടെ കടമയായി മാറാത്തതുകൊണ്ടാകും ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാകുന്നത്.

സഹജീവികളെ സഹായിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ കേരള പൊലീസ് ആരംഭിച്ച പുതിയ പദ്ധതി നമ്മുടെ നാട്ടില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. സോഫ്റ്റ്  (സേവ് ഔവര്‍ ഫെലോ ട്രാവലര്‍}) കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന മറ്റൊരു മാതൃകാപദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കാം.  ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ട്രോമാ കെയര്‍ പരിശീലനം നല്‍കി ഓരോ പ്രദേശത്തും ഗ്രൂപ്പുകള്‍ രൂപീകരിക്കാനുള്ള തീരുമാനം തികച്ചും സ്വാഗതാര്‍ഹം തന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top