26 May Thursday

വ്യക്തമായ കാഴ്ചപ്പാട്

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2016


പുതിയ അധ്യയനവര്‍ഷം പിറന്നിരിക്കുന്നു. സംസ്ഥാനത്തെമ്പാടും വര്‍ണാഭമായ പ്രവേശനോത്സവത്തോടെയാണ് അധ്യയനവര്‍ഷത്തെ വരവേറ്റത്. "മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന സാമൂഹ്യപ്രക്രിയയാണ് വിദ്യാഭ്യാസമെന്നും കൂട്ടായ പരിശ്രമത്തിലൂടെയേ ആ ലക്ഷ്യം കൈവരിക്കാനാകൂ''എന്നുമാണ് പ്രവേശനോത്സവം ഉദ്ഘാടനംചെയ്ത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞത്. പൊതുവിദ്യാഭ്യാസമേഖല അരക്ഷിതാവസ്ഥയിലായ വര്‍ഷങ്ങളാണ് കടന്നുപോയത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ത്തന്നെ നടത്തിയ നിരന്തരനീക്കങ്ങളുടെയും അവയെ ചെറുത്ത് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നടന്ന നിരന്തര പോരാട്ടങ്ങളുടെയും കാലമായാണ് യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം വിദ്യാഭ്യാസചരിത്രത്തില്‍ മുദ്രിതമാകുന്നത്. സ്കൂള്‍ തുറന്ന് മാസങ്ങളായിട്ടും ലഭിക്കാത്ത പാഠപുസ്തകങ്ങളും വിശ്വാസ്യത തകര്‍ന്ന എസ്എസ്എല്‍സി പരീക്ഷയും അട്ടിമറിക്കപ്പെട്ട ഉച്ചഭക്ഷണ–യൂണിഫോം പദ്ധതികളുമാണ് യുഡിഎഫ് കാലത്തിന്റെ ശേഷിപ്പ്.

പൊതുവിദ്യാഭ്യാസരംഗത്തെ അതിന്റെ സര്‍വപ്രതാപങ്ങളോടെയും തിരിച്ചുപിടിച്ച് പുതിയ കാലത്തിനനുസൃതമായി പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രതിബദ്ധതയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ വ്യക്തമാക്കിയത്. അതിനുള്ള അംഗീകാരംകൂടിയാണ് എല്‍ഡിഎഫിന് ലഭിച്ച ഉജ്വല തെരഞ്ഞെടുപ്പ് വിജയം. വിദ്യാര്‍ഥികളുടെ കഴിവ് കണ്ടെത്താനും അഭിരുചിക്കനുസൃതമായി അത് വികസിപ്പിക്കാനുമുള്ള ഇടങ്ങളായി സ്കൂളുകളെ മാറ്റും എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപനം. എല്ലാ കുട്ടികള്‍ക്കും കലാ– കായിക– പ്രവൃത്തിപരിചയ വിദ്യാഭ്യാസം കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കും എന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ നൈപുണ്യ വികസനം സുപ്രധാനമാണ്. വിദ്യാഭ്യാസം സാമ്പ്രദായികതയുടെ നിരര്‍ഥകതലങ്ങളിലാണ് ഇന്ന്. ബിരുദങ്ങള്‍ക്കുവേണ്ടി പഠിക്കുന്ന അവസ്ഥയും നേടുന്ന ബിരുദങ്ങളും അറിവുകളും പ്രായോഗികജീവിതത്തില്‍ നിഷ്പ്രയോജനമാകുന്ന സ്ഥിതിയും നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ദുരന്തമാണ്. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി സ്കൂള്‍സംവിധാനത്തെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ക്ളാസ് മുറികള്‍ സ്മാര്‍ട്ട് ക്ളാസ് റൂം ആക്കേണ്ടതുണ്ട്. സ്കൂള്‍ അന്തരീക്ഷം ശിശുസൌഹൃദവും പരിസ്ഥിതി സൌഹൃദവുമാകണം.

എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ ഖാന്‍ അക്കാദമി മാതൃകയില്‍ വെബ് അധിഷ്ഠിത ക്ളാസ് സമ്പ്രദായം പരീക്ഷിക്കുമെന്ന് പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. എട്ടുമുതല്‍ 12 വരെ ക്ളാസുകള്‍ വെബ് ബേസ്ഡ് ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സിന് സൌകര്യമുള്ളവയാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഇത്തരം മുന്‍കൈകള്‍ പിണറായി സര്‍ക്കാരില്‍നിന്ന് ഉണ്ടാകും എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രവേശനോത്സവ പ്രസംഗത്തില്‍ വ്യക്തമാകുന്നത്. "ജൂണ്‍–ജൂലൈ മാസങ്ങളില്‍ സമ്പൂര്‍ണ പിടിഎ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്നതിന് ക്ളാസ് നല്‍കും. എല്ലാ വിദ്യാലയങ്ങളിലും ഇത്തരത്തിലുള്ള ക്ളാസുകള്‍ നടത്തുന്നതിന് ജില്ലാതലത്തില്‍ ഒരു റിസോഴ്സ് ടീമിനെ തയ്യാറാക്കും. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങളെക്കുറിച്ച് ഈ റിസോഴ്സ് ടീമിന് പരിശീലനം നല്‍കും. ഇതോടെ കുട്ടികളെ മനസ്സിലാക്കാനുള്ള പഠനരീതി വികസിപ്പിക്കാനാകും'' എന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തോടുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന വാചകങ്ങളാണ് ഇത്. പഠനസാമഗ്രികള്‍, പാഠപുസ്തകങ്ങള്‍, കൈപ്പുസ്തകം എന്നിവയുടെ വിതരണം സമയബന്ധിതമായി നടപ്പാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തില്‍ ഉള്‍പ്പെടെ പ്രകടമായ ഇടപെടലും ദൃശ്യമാണ്.

ലാഭനഷ്ടക്കണക്ക് നോക്കി പരുവപ്പെടുത്തേണ്ട ഒന്നല്ല വിദ്യാഭ്യാസമേഖല എന്ന തിരിച്ചറിവോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികളും പ്രഖ്യാപനങ്ങളുമാണ് നമുക്ക് മുന്നിലുള്ളത്. അക്കാദമിക് മോണിറ്ററിങ് ശക്തിപ്പെടുത്തിയും തദ്ദേശസ്ഥാപനങ്ങളുടെയും അധ്യാപക– രക്ഷാകര്‍തൃ സമിതികളുടെയും പങ്കാളിത്തം ഉറപ്പാക്കിയും പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കിയും വിദ്യാഭ്യാസരംഗത്തെ കേരളമാതൃക തിളക്കമുറ്റതാക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു; പിന്തുണ അറിയിക്കുന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക് പദമൂന്നുന്ന മൂന്നുലക്ഷത്തോളം കുഞ്ഞുങ്ങളെയും പ്രവേശനോത്സവം വിജയകരമാക്കിയ രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും അഭിവാദ്യംചെയ്യുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top