19 April Friday

രാഷ്ട്രീയം ചോർത്തി തെരഞ്ഞെടുപ്പിനെ കെട്ടുകാഴ്‌ചയാക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019


പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന‌് പ്രചാരണം അവസാനിക്കാൻ ഇനി ഒരാഴ‌്ച തികച്ചില്ല. എന്നാൽ, നിലവിൽ അഞ്ചുവർഷം രാജ്യം ഭരിച്ച ബിജെപിക്കോ മുമ്പ‌് പല ഘട്ടങ്ങളിലായി അഞ്ചു പതിറ്റാണ്ടിലേറെ അധികാരം കൈയാളിയ കോൺഗ്രസിനോ, ജനങ്ങളെ  ബാധിക്കുന്ന രാഷ്ട്രീയമോ പ്രവർത്തന പദ്ധതിയോ ചർച്ചചെയ്യാനില്ല. ചൊട്ടുവിദ്യകളിലൂടെ ജനശ്രദ്ധയും മാധ്യമസംവാദവും വഴിതിരിച്ചുവിട്ട‌് യഥാർഥ പ്രശ‌്നങ്ങളിൽനിന്ന‌് ഒളിച്ചോടാനാണ‌് ഇരുകക്ഷികളും അവരുടെ മുന്നണിയും ശ്രമിക്കുന്നത‌്. ഗോവധവും രാമക്ഷേത്രവും പുരാണ പുനരാഖ്യാനങ്ങളുംവഴി ഹിന്ദുമനസ്സിനെ ഉത്തേജിപ്പിക്കാനായിരുന്നു മോഡിയും കൂട്ടാളികളും തുടക്കംമുതൽ ശ്രമിച്ചത‌്. ഉത്തരേന്ത്യയിലെമ്പാടും അരങ്ങേറിയ ഗോരക്ഷാ കൊലപാതകങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതായിരുന്നില്ല. സാംസ‌്കാരികരംഗത്തുനിന്ന‌് ഉയർന്ന  എതിർപ്പുകളെ വെടിയുണ്ടകൊണ്ട‌് നിശ്ശബ്ദമാക്കാമെന്നാണ‌് സംഘപരിവാർ കണക്കുകൂട്ടിയത‌്.  അവരുടെ പ്രതീക്ഷയ‌്ക്കൊത്ത‌്   ‘ഹിന്ദുകാർഡ‌്’ ഫലം ചെയ‌്തില്ല.

കശ‌്മീരിലെ ഭീകരാക്രമണങ്ങളെ ചാരി മുസ്ലിംവിരുദ്ധതയും മതവിഭാഗീയതയും വളർത്താനായി പിന്നീടുള്ള ശ്രമം. പിഡിപിയുമായുള്ള അവസരവാദസഖ്യം അവസാനിപ്പിച്ച‌് അനവസരത്തിൽ കശ‌്മീരിനെ രാഷ്ട്രപതിഭരണത്തിലേക്ക‌് തള്ളിവിട്ടു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കശ‌്മീരിൽ സമാധാനം സ്ഥാപിക്കാനാകില്ലെന്ന സത്യം അവഗണിക്കപ്പെട്ടു. പാക‌ിസ്ഥാൻ വിരുദ്ധവികാരവും യുദ്ധഭീതിയും  ആളിക്കത്തിച്ചാൽ ഹിന്ദുധ്രുവീകരണമുണ്ടാകുമെന്ന വ്യാമോഹമാണ‌് മോഡിയെ നയിച്ചത‌്. പുൽവാമയിൽ 40 സൈനികർ വീരമൃത്യു വരിച്ചതിന്റെ വേദനയും മോഡിഭരണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചു. സുരക്ഷാപാളിച്ചകളെ പിന്നിലേക്ക‌് തള്ളാൻ അതിർത്തി യുദ്ധക്കളമാക്കാനാണ‌് ഒരുമ്പെട്ടത‌്‌. ഭീകരതയുടെ വേരറുക്കണം; എന്നാൽ അതിന‌് യുദ്ധമെന്ന വലിയ വില നൽകരുതെന്ന‌് രാജ്യം ആഗ്രഹിച്ചു‌. ഭീകരവാദികൾക്ക‌് പാകിസ്ഥാൻ നൽകുന്ന പിന്തുണയെ അപലപിച്ചുകൊണ്ട‌് ലോകരാജ്യങ്ങൾ  ഇന്ത്യക്കൊപ്പം നിന്നു.  പാകിസ്ഥാനിൽ  വ്യോമാക്രമണം നടത്തി 300 ഭീകരരെ വധിച്ചുവെന്ന വാർത്ത പരത്തി രാജ്യത്തെ യുദ്ധഭീതിയുടെ മുൾമുനയിൽ നിർത്താനാണ‌് കേന്ദ്ര ഭരണാധികാരികൾ തയ്യാറായത‌്. ഇതു തന്റെ വ്യക്തിപരമായ നേട്ടമായി ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രി തയ്യാറായി.

ഭീകരകേന്ദ്രങ്ങൾ തകർക്കുകയെന്ന സൈനികനടപടിയെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കൊപ്പം ചേർത്തുവച്ച മോഡിയുടെ അൽപ്പത്തം വലിയതോതിൽ അപലപിക്കപ്പെട്ടു. എന്നാൽ, ഈ അവകാശവാദത്തിന‌ുപോലും തെളിവൊന്നുമില്ലെന്ന‌് അന്താരാഷ്ട്ര മാധ്യമങ്ങൾതന്നെ വ്യക്തമാക്കി. വിദേശബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത‌്  ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷംരൂപ നിക്ഷേപിക്കുമെന്നും പ്രതിവർഷം രണ്ട‌ുകോടി തൊഴിൽ സൃഷ്ടിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ‌്ദാനം നൽകിയ ബിജെപി, ഈ നാടിന‌് സമ്മാനിച്ച ദുരിതങ്ങൾ ആരും മറന്നിട്ടില്ല. കർഷകർക്ക‌് 6000 രൂപ നൽകുമെന്നാണ‌് ഇത്തവണ പറയുന്നത‌്.   ഇത്തരം വാചക കസർത്തുകൾ  ഇനിയും തുടർന്നേക്കാം. എന്നാൽ, കഴിയുന്നത്ര ജനങ്ങളിൽനിന്ന‌് അകലം പാലിച്ചുള്ള അഭ്യാസങ്ങളിലാണ‌് ഇക്കുറി മോഡി അഭിരമിക്കുന്നത‌്. ‘ഞാൻ കാവൽക്കാരനാണ‌്’ എന്ന മേനിപറച്ചിലിന‌ുപിന്നാലെ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളെ  നടത്തുന്നതിൽ മോഡി വിജയിച്ചു. 2012 ൽ വിജയം വരിച്ച ഉപഗ്രഹവേധ മിസൈലുകൾ തന്റെ നേട്ടമാക്കി കൊണ്ടാടാനും മടിയുണ്ടായില്ല. ഇതിനിടയിൽ വിസ‌്മരിക്കപ്പെടുന്നത‌് വിളനശിച്ച‌് ജീവൻവെടിയുന്ന കർഷകരുടെ ദൈന്യമാണ‌്. തൊഴിൽ നഷ്ടപ്പെടുന്ന വ്യവസായ തൊഴിലാളിയുടെ രോഷമാണ‌്. പിറന്നമണ്ണിൽ അന്യവൽക്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതവിഭാഗങ്ങളുടെയും ജീവിതസംഘർഷങ്ങളാണ‌്‌. ഇതൊന്നും പ്രതിഫലിപ്പിക്കാതെ മോഡി മാജിക്കിൽ  കണ്ണുംനട്ടിരിക്കുന്ന ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങൾ എന്തു ധർമമാണ‌് ഈ തെരഞ്ഞെടുപ്പിൽ നിർവഹിക്കുന്നതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട‌്.

മറുവശത്ത‌് കോൺഗ്രസ‌് ആകട്ടെ ശരിയായ രാഷ്ട്രീയം ഉയർത്തി ബിജെപിയെ പ്രതിരോധിക്കാൻ എന്താണ‌് ചെയ്യുന്നത‌്.  ദേശീയ മതേതര കക്ഷികളുമായോ പ്രാദേശിക ജനാധിപത്യ പാർടികളുമായോ അനുയോജ്യമായ തെരഞ്ഞെടുപ്പ‌് ധാരണകൾ രൂപപ്പെടുത്താൻ കോൺഗ്രസിനായില്ല. ഏറ്റവുമൊടുവിൽ പാർടി അധ്യക്ഷൻ മത്സരത്തിനായി തെരഞ്ഞെടുത്ത  വയനാട് ബിജെപി സ്ഥാനാർഥിപോലുമില്ലാത്ത മണ്ഡലവും.

ബിജെപിയെ ചെറുക്കാൻ ക്രിയാത്മകമായ നിലപാടോ പരിപാടിയോ ഇല്ലാത്ത കോൺഗ്രസ‌ും രാഷ്ട്രീയം പറയാതെ കൺകെട്ടുവിദ്യകളിൽ അഭയം തേടുകയാണ‌്‌. പാർടി അധ്യക്ഷന്റെ മണ്ഡലത്തിന്റെ പേരിൽ ഒരാ‌ഴ‌്ചയിലേറെ നിലനിർത്തിയ സ‌സ‌്പെൻസ‌് ഇതിന‌് ഉദാഹരണമാണ‌്. ജനങ്ങളുടെ പ്രശ‌്നങ്ങൾ, അതിന്റെ രാഷ്ട്രീയം ഇവയെല്ലാം പടിക്കു പുറത്തുനിർത്തി വിവാദങ്ങളും അപ്രസക്ത വിഷയങ്ങളും മുകൾത്തട്ടിൽ പ്രതിഷ‌്ഠിക്കുകയാണ‌് . വാഗ‌്ദാനങ്ങളുടെ കാര്യത്തിലാകട്ടെ ഇവർ ബിജെപിയെ കടത്തിവെട്ടി. രാജ്യത്തെ  20 ശതമാനം കുടുംബങ്ങൾക്ക‌് പ്രതിവർഷം 72000 രൂപ പണമായി നൽകുമെന്നാണ‌്  പറയുന്നത‌്. ഇതിനാവശ്യമായി വരുന്ന  മൂന്നരലക്ഷം കോടിരൂപ എവിടെനിന്ന‌് എന്നതിനെക്കുറിച്ച‌് മിണ്ടാട്ടമില്ല. രാജ്യം കണ്ട ഏറ്റവും മികച്ച ദാരിദ്ര്യനിർമാർജന പദ്ധതിയാണ‌് ഇടതുപക്ഷത്തിന്റെ പ്രേരണയിൽ ഒന്നാം യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ‌്. മോഡി ഭരണത്തിൽ തകർച്ച നേരിടുന്ന ഈ പദ്ധതിയുടെ വാർഷിക അടങ്കൽ 68000 കോടി മാത്രമാണ‌്. ഇതിന്റെ ആറ‌ുമടങ്ങ‌് തുക ചുമ്മാ വാഗ‌്ദാനം ചെയ്യുന്ന കോൺഗ്രസ‌്  എങ്ങനെ ഇതു പാലിക്കുമെന്ന‌് ജനങ്ങളെ ബോധ്യപ്പെടുത്തുന്നില്ല. ചുരുക്കത്തിൽ ഈ തെരഞ്ഞെടുപ്പിന്റെ  രാഷ്ട്രീയപ്രാധാന്യം ഉൾക്കൊണ്ട‌് ബിജെപിയുടെ  അപകടഭീഷണി നേരിടുകയല്ല കോൺഗ്രസിന്റെ ലക്ഷ്യം. ജനങ്ങളോട‌് ശരിയായ നിലയിൽ സംവദിക്കാനോ രാഷ്ട്രീയ പ്രക്രിയയായി തെരഞ്ഞെടുപ്പിനെ മാറ്റാനോ ഇരുകക്ഷികൾക്കും താൽപ്പര്യമില്ല.  രാഷ്ട്രീയം ചോർത്തി വിവാദങ്ങ‌ളുടെ കെട്ടുകാഴ‌്ചയാക്കി തെരഞ്ഞെടുപ്പിനെ അധഃപതിപ്പിക്കുന്നത‌് ജനാധിപത്യം നേരിടുന്ന വലിയ ഭീഷണിയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top