25 April Thursday

എയർ ഇന്ത്യയും ചരിത്രത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018


ദേശീയ ആകാശവാഹനമായ എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയ്ക്കുള്ള താൽപ്പര്യപത്രം സിവിൽ ഏവിയേഷൻ മന്ത്രാലയം ക്ഷണിച്ചു. അയ്യായിരം കോടി ആസ്തിയും മൂന്നു വർഷം തുടർച്ചയായി ലാഭവുമുള്ള സ്വദേശ‐വിദേശ കമ്പനികൾക്ക് താൽപ്പര്യ പത്രം സമർപ്പിക്കാം. സ്വദേശ കമ്പനികൾക്ക് ഇക്കാര്യത്തിൽ ചില ഇളവുകളും നൽകും. ഏതായാലും 65 വർഷമായി രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം ഓർമയാകുകയാണ്. എയർ ഇന്ത്യയെ ഇന്നത്തെ ഗതികേടിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ യുപിഎ സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ല. ഉദാരവൽക്കരണനയം നടപ്പാക്കുന്നതിൽ യുപിഎ, എൻഡിഎ സർക്കാരുകൾ കാട്ടിയ മത്സരമാണ് എയർ ഇന്ത്യയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. മാർച്ച് 28നാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചത്. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എഐ സാറ്റിന്റെ 50 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. എയർ ഇന്ത്യയുടെ മാനേജ്മെന്റ് നിയന്ത്രണം പൂർണമായും സ്വകാര്യമേഖലയ്ക്ക് നൽകുകയാണെന്നർഥം. അതിലെ 24,823 ജീവനക്കാർക്ക് ഒരുവർഷത്തെ തൊഴിൽ ഗ്യാരന്റി മാത്രമാണ് സർക്കാർ നൽകുന്നത്.

ഒരു പൊതുമേഖലാസ്ഥാപനത്തെ നശിപ്പിച്ച് എങ്ങനെ ചുളുവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് വിൽക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എയർ ഇന്ത്യ.  സർക്കാർ എടുക്കുന്ന നയപരമായ തീരുമാനത്തിന്റെ ഫലമായി കടത്തിലായ സ്ഥാപനത്തെ അതേ കടത്തിന്റെ പേര് പറഞ്ഞാണ് ഇപ്പോൾ വിൽക്കുന്നത്. 52,000 കോടി രൂപയാണ് എയർ ഇന്ത്യക്കുള്ള കടം. നിലവിലുള്ള നടത്തിപ്പ് ലാഭകരമാണെങ്കിലും ഈ കടം വീട്ടാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. 2016‐17ൽ സർവീസ് വഴി ലാഭം 298 കോടി രൂപയാണ്. മാത്രമല്ല, കടമെടുത്തതിന്റെ വാർഷിക പലിശ 4000 കോടിയോളം രൂപ ഒരു പിഴവുമില്ലാതെ എയർ ഇന്ത്യ അടയ്ക്കുന്നുമുണ്ട്. എന്നാൽ, കടമെടുത്ത തുക വീട്ടാനായിട്ടുമില്ല. അരലക്ഷം കോടിയോളം രൂപയുടെ കടം കമ്പനിക്ക് വന്നത് സർക്കാർ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു. ആകാശ കമ്പോളത്തിൽ പിടിച്ചുനിൽക്കുന്നതിനായി  പുതിയ വിമാനങ്ങൾ വാങ്ങാൻ 2004 ജനുവരിയിലാണ് എയർ ഇന്ത്യ തീരുമാനിക്കുന്നത്. മൊത്തം 28 വിമാനം വാങ്ങാനായിരുന്നു ധാരണ.  18 ചെറു വിമാനവും 10 വലിയ വിമാനവും. എന്നാൽ, ഇതിനു പകരം 68 വിമാനം വാങ്ങാൻ യുപിഎ സർക്കാർ തീരുമാനിച്ചു. 50 വലിയ വിമാനവും 18 ചെറിയ വിമാനവും. ഇത്രയും വിമാനത്തിന്റെ ആവശ്യം എയർ ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേലായിരുന്നു ഈ തീരുമാനത്തിന്റെ പിന്നിൽ. വിദേശസർവീസ് നടത്തുന്നതിനായിരുന്നു വലിയ വിമാനങ്ങൾ വാങ്ങിയത്. എന്നാൽ, അമേരിക്കൻ റൂട്ടിലേക്കും മറ്റുമുള്ള എയർ ഇന്ത്യാ സർവീസ് നഷ്ടത്തിലായിരുന്നു. എയർ ഇന്ത്യയുടെ 41 മുതൽ 90 ശതമാനം നഷ്ടം ഈ റൂട്ടുകളിലായിരുന്നു. എയർ ഇന്ത്യയെ ശക്തിപ്പെടുത്താനെന്നപേരിലുള്ള ഈ വിമാനക്കച്ചവടമാണ് യഥാർഥത്തിൽ എയർ ഇന്ത്യയെ കടക്കെണിയിലാഴ്ത്തിയത്. 2011ലെ സിഎജി റിപ്പോർട്ട് സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായ വിമർശിക്കുകയും ചെയ്തു.

ഈ കടബാധ്യത ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യയെ നശിപ്പിക്കാനുള്ള തീരുമാനങ്ങൾ പിറകെ ഉണ്ടായത്. ഇന്ത്യയുടെ ആഭ്യന്തര സർവീസിന്റെ 42 ശതമാനവും ഇന്ത്യൻ എയർലൈൻസിനുണ്ടായിരുന്ന ഘട്ടത്തിലാണ് 2007ൽ ഈ കമ്പനിയെ എയർ ഇന്ത്യയുമായി ലയിപ്പിച്ചത്. ഇന്ത്യൻ ആകാശസർവീസിന്റെ പകുതിയോളം നിയന്ത്രിച്ച ഇന്ത്യൻ എയർലൈൻസ് എന്ന പേരുപോലും ആകാശത്തുനിന്ന് മായ്ച്ചുകളഞ്ഞ് ഇൻഡിഗോക്കും ജെറ്റ് എയർവേസിനും മറ്റും ആ ബിസിനസ് മാറ്റിനൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ലയനം. എയർ ഇന്ത്യാ ജീവനക്കാർ പറയുന്നതുപോലെ എയർ ഇന്ത്യയുടെ ശവപ്പെട്ടിക്കുള്ള അവസാനത്തെ ആണിയടിക്കലായിരുന്നു ലയനം.  തുടർന്നങ്ങോട്ട് കാണുന്നത് വിദേശ സർവീസിൽനിന്ന് പതുക്കെ എയർ ഇന്ത്യ പിന്മാറുന്നതായിരുന്നു.

ഏറ്റവും ലാഭകരമായ ഗൾഫ് റൂട്ട് പോലും അവർ ഉപേക്ഷിക്കാൻ നിർബന്ധിതരായി. എമിറേറ്റ്സും ജെറ്റ് എയർവേസും മറ്റും ഈ റൂട്ടിൽ സർവീസ് നടത്തി കോടിക്കണക്കിനു രൂപയുടെ ലാഭംകൊയ്തു. 2011ലെ സിഎജി റിപ്പോർട്ടിൽ ഇക്കാര്യവും എടുത്തുപറയുന്നുണ്ട്. ഉദാരവൽക്കരണനയത്തിന് അനുരൂപമായി സർക്കാർ കൈക്കൊണ്ട നടപടികൾമൂലം വൻ കടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കണമെന്ന് കഴിഞ്ഞവർഷം മേയിൽ നീതി ആയോഗ് സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്തമാസംതന്നെ മോഡി സർക്കാർ അതിന് അനുമതിയും നൽകി. മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാർ നീക്കത്തിൽ ഏറ്റവും പ്രധാന കമ്പനിയായി എയർ ഇന്ത്യയും ഇടംപിടിച്ചു. എയർ ഇന്ത്യയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രഫുൽ പട്ടേലിന് ഓഹരിയുള്ള ഇൻഡിഗോ എയർലൈനാണ് എയർ ഇന്ത്യ വാങ്ങുന്നതിൽ താൽപ്പര്യം കാട്ടിയിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴേ പൊതുമേഖലാസ്ഥാപനത്തെ നശിപ്പിച്ച് സ്വകാര്യവൽക്കരിക്കുകയെന്ന സർക്കാർ നയത്തിന്റെ ആഴവും പരപ്പും വ്യക്തമാകൂ.

ഏതായാലും ആറരപ്പതിറ്റാണ്ടു കാലം രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം അപ്രത്യക്ഷമാകുകയാണ്. ദേശീയതയെക്കുറിച്ചും ദേശീയ ചിഹ്നങ്ങളെക്കുറിച്ചും ഊറ്റംകൊള്ളുകയും അതിനായി ആക്രമണോത്സുകമായി തന്നെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ അപ്രഖ്യാപിത അംബാസഡറായ എയർ ഇന്ത്യയെ ചുളുവിലയ്ക്ക് വിൽക്കുന്നത്. ഇന്ത്യയുടെ ആകാശയാത്ര സ്വപ്നങ്ങൾക്ക് ചിറകുനൽകുകയും ഏഷ്യയിലെ മറ്റ് എയർലൈനുകൾക്ക് മാതൃക കാട്ടുകയുംചെയ്ത 'മഹാരാജ'യെ കൈയൊഴിയാനുള്ള നീക്കം കേന്ദ്ര ഭരണാധികാരികളുടെ ദേശഭക്തി വെറും കപടമാണെന്ന് തെളിയിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top