20 April Saturday

ധിക്കാരിയായ വിസിയെ പുറത്താക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 2, 2016

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ അപ്പാറാവു ആ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ ഹരിശ്രീ അറിയാത്ത ആളാണ് അപ്പാറാവു എന്ന് തുറന്നുപറയാന്‍ മടിക്കേണ്ടതില്ല. അധ്യാപകരോടും വിദ്യാര്‍ഥികളോടും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ഥിക്ക് തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്നു. ഒരു ദളിത്വിദ്യാര്‍ഥി ഗവേഷണത്തില്‍ മിടക്കുകാണിച്ചാല്‍ മനുഷ്യത്വമുള്ള ഏതൊരു വിസിയും ആ വിദ്യാര്‍ഥിക്ക് പ്രോത്സാഹനം നല്‍കുകയാണ് പതിവ്. ഒരു വിസി സ്വേച്ഛാധിപതിയെപ്പോലെയല്ല പെരുമാറേണ്ടത്. വിദ്യാര്‍ഥിയുടെ ഗവേഷണപാടവം കണ്ടറിഞ്ഞ് എല്ലാവിധ സഹായങ്ങളും നല്‍കേണ്ടതുണ്ട്. അത് ഔദാര്യമല്ല. വിസിയുടെ കടമയാണ്. എന്നാല്‍, അപ്പാറാവു എന്ന വിസി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി മാറ്റാനാണ് ശ്രമിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യയില്‍ വേദനിക്കുന്നവരാണ് സഹപാഠികള്‍. അവരുടെ വികാരം കണ്ടറിയാന്‍ ഒരു വിസിക്ക് കഴിയണം. രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവരോട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അടങ്ങാത്ത രോഷമുണ്ടാകുന്നത് സ്വാഭാവികം. രോഷം പ്രകടിപ്പിക്കാതിരിക്കുന്നതാണ് തെറ്റ്. ഭാവിപൌരന്മാരായ വിദ്യാര്‍ഥികള്‍ക്ക് പ്രതികരണശേഷി അനിവാര്യമാണ്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധസമരത്തിലാണ്. അവര്‍ രോഹിത് വെമുലയുടെ പ്രതിമയും ചിത്രങ്ങളുമൊക്കെ സര്‍വകലാശാലയുടെ മുമ്പില്‍ നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ നശിപ്പിക്കാനാണ് വിസി നേതൃത്വം നല്‍കുന്നത്. 

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് അംഗങ്ങളായ എം ബി രാജേഷ്, എ സമ്പത്ത്, പി കെ ബിജു എന്നിവരും സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദും സര്‍വകലാശാലയിലെ സംഭവങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ കലാശാലയുടെ കവാടത്തിലെത്തിയത്. പാര്‍ലമെന്റ് രാജ്യത്തെ പരമാധികാരസഭയാണ്. സഭയിലെ അംഗങ്ങളെ സ്വീകരിച്ച് സര്‍വകലാശാലയിലേക്ക് ആനയിക്കുന്നതിനുപകരം കവാടത്തില്‍ നിയോഗിച്ച പൊലീസ്സേന അവരെ തടയുകയാണുണ്ടായത്. വിസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഒടുവില്‍ ജനപ്രതിനിധികള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍. സര്‍വകലാശാല കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പല്ല. തടവറയുമല്ല. ഉന്നതവിദ്യാഭ്യാസവും ഗവേഷണവും നടത്താനുള്ള വിദ്യാഭ്യാസ കേന്ദ്രമാണ്. ഇതേപ്പറ്റിയൊന്നും ബോധമില്ലാത്ത തനിപ്രാകൃത മനസ്സുള്ള ഒരു വിസി ആ പദവിയിലിരിക്കാന്‍ യോഗ്യനല്ല എന്ന് വ്യക്തം. ഈ മനുഷ്യനെ അവിടെനിന്ന് എത്രയുംവേഗം പുറത്താക്കണം. രാഷ്ട്രപതി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. എത്രയുംവേഗം രാഷ്ട്രപതി ഇടപെട്ട് ധിക്കാരിയായ വിസിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top