19 April Friday

കലാപബാധിതർക്ക്‌ ഒരുകൈ സഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 3, 2020

 

ഡൽഹിയുടെ മുറിവുകൾ എളുപ്പം കരിയുന്നതല്ല. ഷഹീൻബാഗിൽ സമരം ചെയ്യുന്നവരെയും തുരത്തുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌ ഹിന്ദുസേനയാണെങ്കിലും രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഉള്ളിലിരിപ്പും മറ്റൊന്നല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുത്തിയിരിപ്പ്‌ സമരംപോലും അനുവദിക്കില്ലെന്നത്‌ കേവലം ഭീഷണി മാത്രമായിരുന്നില്ല. ജഫ്രബാദിൽ മറ്റൊരു സമരകേന്ദ്രം തുറന്നതിനുപിന്നാലെയാണ്‌ സംഘപരിവാർ കിരാതമായ കടന്നാക്രമണം ആരംഭിച്ചത്‌. കൊന്നും കൊള്ളയടിച്ചും തീവച്ചുമുള്ള വംശഹത്യാ പദ്ധതി നല്ല തയ്യാറെടുപ്പോടെയാണ്‌ നടപ്പാക്കിയത്. അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ കൊണ്ടുവന്ന ക്രിമിനലുകൾക്ക്‌ വഴിയൊരുക്കാൻ തദ്ദേശീയരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നു. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളും കടകളും മനസ്സിലാക്കിയാണ്‌ അക്രമിസംഘങ്ങൾ അഴിഞ്ഞാടിയത്‌. കണ്ണിൽക്കണ്ടവരെയെല്ലാം ഹിന്ദുവെന്നും മുസ്ലിമെന്നും വേർതിരിച്ച്‌ വേട്ടയാടി. മാധ്യമ പ്രവർത്തകർപോലും ക്രൂരമായ കടന്നാക്രമണത്തിന്‌ ഇരയായി. പുറത്തുവന്നതിന്റെ എത്രയോ ഇരട്ടിയാണ്‌ നാശനഷ്‌ടങ്ങൾ. അക്രമങ്ങൾക്ക്‌ കുറേ ശമനം വന്നെങ്കിലും ഡൽഹിയിൽ സമാധാനമായെന്ന്‌ പറയാറായിട്ടില്ല. ഓരോ ദിവസവും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്‌.

ഔദ്യോഗിക മരണസംഖ്യ അമ്പതിനടുത്ത്‌ മാത്രമാണെങ്കിലും  കാണാതായവരുടെ എണ്ണം  ഏറെയാണ്‌. ഗുരുതരമായി പരിക്കേറ്റവരും നിരവധി. തോക്ക്‌ ഉപയോഗിച്ചാണ്‌ ഭൂരിപക്ഷംപേരെയും കൊലപ്പെടുത്തിയത്‌. അവശേഷിക്കുന്നവർ മരിച്ചത്‌ കല്ലേറും മർദനവുമേറ്റാണ്‌. ആസൂത്രിതമായിരുന്നു ഈ കലാപമെന്നതിന്‌ പ്രധാന തെളിവ്‌ തോക്കിന്റെ വ്യാപകമായ ഉപയോഗം തന്നെയാണ്‌. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മിക്കയിടത്തും അക്രമം. മൗജ്‌പുർ, ചന്ദ്‌ബാഗ്‌, കരാവൽ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളോളം അക്രമവാഴ്‌ച തുടർന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസ്‌ അനങ്ങാതിരുന്നതിനുകാരണം കോടതിയിൽ അവർ സ്വീകരിച്ച നിലപാടിൽനിന്ന്‌ വ്യക്തമായി. അക്രമത്തിന്‌ ആഹ്വാനം ചെയ്‌തവർക്കെതിരെ കേസെടുക്കാൻ സമയമായില്ലെന്ന്‌ നീതിപീഠത്തിനുമുന്നിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞതിന്റെ പൊരുൾ തുടർന്നുനടന്ന അനിയന്ത്രിതമായ അക്രമങ്ങളിൽ തെളിയുന്നുണ്ട്‌.


 

ഭരണാധികാരികൾ നേരിട്ട്‌ വംശഹത്യക്ക്‌ അരങ്ങൊരുക്കുന്നത്‌ മുമ്പുകണ്ടത്‌ ഗുജറാത്തിലാണ്‌. അന്നത്തെ  മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഇന്ന്‌ ഇന്ത്യവാഴുമ്പോൾ രാജ്യതലസ്ഥാനം  വംശഹത്യയുടെ മറ്റൊരു പരീക്ഷണശാലയായി മാറി. ഹിന്ദുത്വ അജൻഡയ്‌ക്ക്‌ വഴങ്ങിയില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന ഭീതി ന്യൂനപക്ഷങ്ങളിലേക്ക്‌ പടർത്തുകയാണ്‌ ഓരോ കലാപത്തിന്റെയും ലക്ഷ്യം.  മുസ്ലിങ്ങൾ മാത്രമല്ല, അവരെ ഒറ്റുകൊടുക്കാത്ത ഹിന്ദുക്കളും സംഘപരിവാറിന്റെ അതിക്രമങ്ങൾക്ക്‌ ഇരയായി. എന്നാൽ, ജീവഭയം മാറ്റിവച്ച്‌ മുസ്ലിം സഹോദരങ്ങൾക്ക്‌ രക്ഷയൊരുക്കാൻ ഡൽഹിയിലെ ഹിന്ദുസഹോദരങ്ങൾ  ധീരത കാണിച്ചിരുന്നില്ലെങ്കിൽ  കലാപത്തിന്റെ ആഘാതം ഇതിലും വലുതാകുമായിരുന്നു.

അപ്രതീക്ഷിതമായ കലാപത്തിൽ ജീവൻമാത്രം ബാക്കിയായവരുടെ ദൈന്യം വാക്കുകളിൽ വിവരിക്കാവുന്നതല്ല.  ഉറ്റവരോടൊപ്പം വീടും വാഹനങ്ങളും  ഉൾപ്പെടെ സർവതും നഷ്‌ടപ്പെട്ടവർ, ജീവിത സാമ്പാദ്യം മുഴുവൻ മുടക്കിയ ബിസിനസ് സ്ഥാപനങ്ങൾ മുഴുവൻ കത്തിച്ചാമ്പലാകുമ്പോൾ ജീവനുംകൊണ്ട്‌ ഓടിരക്ഷപ്പെട്ടവർ,  കലാപമടങ്ങിയിട്ടും വെള്ളവും വൈദ്യുതിയുമില്ലാതെ നരകിക്കുന്നവർ, ഇതാണിന്ന്‌ ഡൽഹിയിലെ ജീവിതചിത്രം. ഇവരെ സാധാരണ ജീവിതത്തിലേക്ക്‌ കൈപിടിച്ചുകയറ്റുക എളുപ്പമല്ല. ശത്രുതാ നിലപാടുമായി നിൽക്കുന്ന കേന്ദ്രസർക്കാരിനും പരിമിതമായ അധികാരങ്ങൾ മാത്രമുള്ള  ഡൽഹി സംസ്ഥാന സർക്കാരിനും ഇടയിൽ വീർപ്പുമുട്ടുന്നവരാണ്‌ ഡൽഹി നിവാസികൾ.

കലാപങ്ങളിൽ വിറങ്ങലിച്ച നാളുകളിൽ വടക്കുകിഴക്കൻ ഡൽഹിയിലേക്ക്‌ കടന്നുചെല്ലാനും ഇരകളെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങിയത്‌ ഇടതുപാർടികൾ മാത്രമായിരുന്നു. കമ്യൂണിസ്‌റ്റ്‌ പാർടികളുടെ നേതാക്കളും എംപിമാരും  പലവട്ടം ഈ പ്രദേശങ്ങൾ സന്ദർശിക്കുകയും ജനങ്ങൾക്ക്‌ ആത്മധൈര്യം പകരുകയും ചെയ്‌തു. അസംഘടിതമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ചെറുകിട ഇടത്തരം വിഭാഗത്തിൽപ്പെട്ടവരുമാണ്‌ ഇവിടത്തെ ജനങ്ങൾ. ആയിരക്കണക്കിനാളുകളുടെ വഴിമുട്ടിയ ജീവിതം തിരിച്ചുപിടിക്കുക എന്ന  ലക്ഷ്യത്തോടെ സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. മത രാഷ്‌ട്രീയ പരിഗണനകൾക്ക്‌ അതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി ഈ ഉദ്യമത്തിന്‌ ധനസമാഹരണം നടത്താൻ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ കേരളത്തിലും രണ്ടുനാൾ ഡൽഹി സഹായഫണ്ട്‌ പിരിക്കാൻ സിപിഐ എം തീരുമാനിച്ചത്‌. നിരാലംബമാക്കപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയർത്താനുള്ള ധാർമികബാധ്യത എല്ലാ മനുഷ്യസ്‌നേഹികളുടേതുമാണ്‌. മാർച്ച്‌ 7, 8 തീയതികളിൽ നടക്കുന്ന ഫണ്ട്‌  ശേഖരണത്തിന്‌ അകമഴിഞ്ഞ പിന്തുണ നൽകിക്കൊണ്ടാകട്ടെ ഡൽഹിക്ക്‌ കേരളത്തിന്റെ ഐക്യദാർഢ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top