28 March Thursday

സിറിയയിലെ 'ദൃശ്യ ആക്രമണ'ത്തിന്റെ പൊരുൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 2, 2018

 സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത കിഴക്കൻ ഗൗതയിലെ യുദ്ധദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുടെ വൻ പ്രചാരണം നേടുകയാണിന്ന്. ആരെയും വികാരാധീനനാക്കുന്ന ദൃശ്യങ്ങളാണ് ചിത്രങ്ങളായും വീഡിയോകളായും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ, രക്തമൊലിച്ചിറങ്ങുന്ന  കുട്ടികളുടെയും സ്ത്രീകളുടെയും മറ്റും ദൃശ്യങ്ങളുള്ള വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മനുഷ്യത്വരഹിതമായ ഈ ക്രൂരത തടയാൻ അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപെടലും ഈ വീഡിയോകൾ ക്ഷണിക്കുന്നു. എന്നാൽ, ഈ വീഡിയോകളിൽ പലതും കിഴക്കൻ ഗൗതയിലേതല്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്.  ഇസ്രയേൽ ഗാസയ്ക്കു നേരെ നടത്തിയ യുദ്ധത്തിന്റെയും അമേരിക്കൻ സൈന്യം ഇറാക്കിലെ മൊസൂൾ നഗരം ഐഎസിൽനിന്നു പിടിച്ചെടുക്കാനായി നടത്തിയ യുദ്ധത്തിന്റെയും സൗദി അറേബ്യ യെമനെതിരെ നടത്തുന്ന യുദ്ധത്തിന്റെയും ദൃശ്യങ്ങളാണത്രെ പ്രചരിപ്പിക്കപ്പെടുന്നത്.  യുദ്ധരംഗത്തുനിന്ന് മകളെയും എടുത്ത് രക്ഷപ്പെടുന്ന അച്ഛന്റെ ചിത്രമാണ് ഇതിൽ ഏറ്റവും വൈറലായ ദൃശ്യം. എന്നാൽ, ഇത് അമേരിക്ക മൊസൂളിനു നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണെന്ന് തെളിഞ്ഞിരിക്കുന്നു.

ആരാണ് ബോധപൂർവമായ ഈ 'ദൃശ്യആക്രമണം' നടത്തുന്നത്. എന്താണ് ഇത്തരമൊരു ആക്രമണത്തിന്റെ ലക്ഷ്യം? സിറിയയിൽ ഭരണമാറ്റം എന്ന അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ എതിരാളികളാണ് പ്രധാനമായും ഈ 'വിഷ്വൽ ബ്ലിറ്റ്സി'ന്് പിന്നിലുള്ളത്.  അമേരിക്കയും ബ്രിട്ടനും അൽഖായ്ദയും സിറിയൻ ഡിഫൻസ് ഫോഴ്സും (അമേരിക്കൻ സൃഷ്ടി) വൈറ്റ് ഹെൽമറ്റുകാരും മറ്റുമാണ് അസദിന്റെ വീഴ്ച ആഗ്രഹിക്കുന്നത്. ഇക്കൂട്ടരാണ് കിഴക്കൻ ഗൗത താവളമാക്കി സിറിയൻ സർക്കാരിനെതിരെ ഇപ്പോഴും മിസൈൽ ആക്രമണവും മോർട്ടാർ ആക്രമണവും നടത്തുന്നത്. സിറിയൻ പ്രതിപക്ഷം വൻ ആയുധശേഖരമാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. നേരത്തെ കിഴക്കൻ ഗൗത ആസ്ഥാനമാക്കി ഒരു 'ഇസ്ലാമിക സ്വർഗം' സ്ഥാപിക്കാൻ സഹറാൻ അല്ലൗഷ് എന്ന മുസ്ലിം തീവ്രാദി ശ്രമിച്ചിരുന്നു. സൗദി അറേബ്യയും കുവൈത്തുമായിരുന്നു ഇയാൾക്ക് പണവും ആയുധവും നൽകിയിരുന്നത്. എന്നാൽ, 2015ലെ സിറിയൻ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടു.  ഇതേതുടർന്നാണ് അൽ ഖായ്ദയുമായി ബന്ധമുള്ള സംഘങ്ങൾ ഈ നഗരത്തിൽ തമ്പടിച്ചത്. റഷ്യൻ സഹായത്തോടെ ഐഎസിനെ പരാജയപ്പെടുത്തിയ സിറിയൻ സേന സ്വാഭാവികമായും തലസ്ഥാനനഗരിക്കടുത്തുള്ള, ഒരു ലക്ഷത്തിലധികം പേർ താമസിക്കുന്ന കിഴക്കൻ ഗൗതയിലേക്ക് സൈനിക നീക്കം നടത്തി. യുദ്ധത്തിന്റെ എല്ലാ ഭീകരതയും ഈ യുദ്ധത്തിനുമുണ്ടായിരുന്നു.  സിവിലിയന്മാർ കൊല്ലപ്പെട്ടു.  അമേരിക്ക മൊസൂൾ നഗരവും മറ്റും ഐഎസിൽനിന്ന് പിടിച്ചെടുത്തതും സമാനമായ പൈശാചികതയോടെ തന്നെയായിരുന്നു. 

എന്നാൽ, കിഴക്കൻ ഗൗതയ്ക്കുനേരെയുള്ള സിറിയൻ നീക്കത്തെ ബഷർ അൽ അസദിനെ അട്ടിമറിക്കാനുള്ള അവസരമായാണ് സിറിയൻ പ്രതിപക്ഷം ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം വൈറ്റ് ഹെൽമറ്റുകാർ (വെള്ളത്തൊപ്പിക്കാർ) തന്നെയാണ്. സമാധാനത്തിന്റെ സന്ദേശവാഹകരായി പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഈ സംഘമാണ് സിറിയൻവിരുദ്ധ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.  മുൻ ബ്രിട്ടീഷ് സൈനിക ഓഫീസർ ജെയിംസ് ലി മെസൂറിയറാണ് ഈ സംഘത്തിന് രൂപം നൽകിയത്. അസദ് വിരുദ്ധ പ്രചാരണത്തിന് അമേരിക്കയിൽനിന്ന് 23 ദശലക്ഷം ഡോളറും ബ്രിട്ടനിൽനിന്ന് 29 ദശലക്ഷം ഡോളറും ഈ സംഘടന കൈപ്പറ്റിയിട്ടുണ്ട്.  ബ്രിട്ടീഷ് സിറിയൻ കോടീശ്വരൻ അയ്മാൻ അസ്ഫാരിയും ഈ സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ട്. അൽ ഖായ്ദയുടെ സിറിയൻ മുഖമായ ജബാത്ത് അൽ നൂസ്രയുമായി അടുത്ത ബന്ധം വെള്ളത്തൊപ്പിക്കാർക്കുണ്ട്.  2015ൽ വടക്കൻ അലപ്പോയിൽ ജബാത്ത് അൽ നൂസ്ര എതിരാളികളെ വധിച്ചപ്പോൾ അതിനെ വെള്ളത്തൊപ്പിക്കാരും സഹായിച്ചിരുന്നു.  ഐഎസ് പരാജയപ്പെട്ടിട്ടും സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനെ ഇറക്കാൻ കഴിയാത്തതിൽ അസ്വസ്ഥരാണ് ഇക്കൂട്ടർ. അതിനാലാണ് വിദേശ ഇടപെടലിന് പ്രത്യേകിച്ചും അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ഇടപെടലിന് കളമൊരുക്കുന്നതിനായി 'ദൃശ്യആക്രമണ'ത്തിന് ഇവർ തയ്യാറാകുന്നത്. 

അഫ്ഗാനിസ്ഥാനെതിരെ 2001ൽ അമേരിക്ക ആക്രമണം ആരംഭിച്ചത് സമാനമായ പ്രചാരണത്തിനു ശേഷമായിരുന്നു. സെപ്തംബർ 11 ആക്രമണത്തിന്റെ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിപ്പിച്ചതിനു ശേഷമാണ് അൽ ഖായ്ദയ്ക്കെതിരെയുള്ള ആക്രമണമെന്ന മറവിൽ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക യുദ്ധം ആരംഭിച്ചത്. അത് ഇന്നും അവസാനിച്ചിട്ടില്ല.  സോമാലിയയിലും ഇറാഖിലും ലിബിയയിലുമെന്ന പോലെ 'മനുഷ്യകാരുണ്യപരമായ ഇടപെടലിന്' അമേരിക്കയ്ക്ക് സൗകര്യമൊരുക്കാനുള്ള പ്രചാരണത്തിലാണ് സിറിയൻ പ്രതിപക്ഷം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ യുദ്ധങ്ങളും ജനങ്ങൾക്കെതിരായ ആക്രമണം തന്നെയാണ്.  സാധാരണക്കാരുടെ ഈ കൂട്ടക്കൊലയ്ക്ക് അറുതിവരുത്തണമെങ്കിൽ യുദ്ധങ്ങൾ ഇല്ലാതാകണം.  യുദ്ധങ്ങൾ അവസാനിക്കണമെങ്കിൽ സാമ്രാജ്യത്വ ഇടപെടലുകളും ഇടങ്കോലിടലും അവസാനിക്കണം. ലോകസമാധാനത്തിന് ഏറ്റവും ശക്തമായ ഭീഷണി സാമ്രാജ്യത്വം തന്നെയാണ് ●


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top