29 March Friday

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ കേന്ദ്ര ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2017


പാര്‍ലമെന്റിലെ ഒരു മുതിര്‍ന്ന അംഗം മരിച്ചിട്ടും ഒരുദിനംപോലും മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന വാശിയോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച അവതരിപ്പിച്ച അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥചിത്രം പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ളതാണ്. നോട്ട് അസാധുവാക്കിയ നടപടിയെ ധീരമെന്ന് വിശേഷിപ്പിച്ച ബജറ്റ് നോട്ട് നിരോധത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചെന്ന് വസ്തുതാപരമായി പരിശോധിക്കാന്‍പോലും മിനക്കെട്ടില്ല. ലോകസാഹചര്യങ്ങള്‍ അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നില ഭദ്രമാണെന്നവകാശപ്പെട്ട ജെയ്റ്റ്ലി 'നവ ലിബറല്‍' അജന്‍ഡയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒരടിപോലും പിന്നോട്ടില്ലെന്നും  വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനകോടികള്‍ ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെ വലയുമ്പോഴും കോടിക്കണക്കിനാളുകള്‍ക്ക് ബാങ്ക് അക്കൌണ്ടില്ലെങ്കിലും 'കറന്‍സിരഹിത' സമ്പദ്വ്യവസ്ഥയിലേക്കും 'ഡിജിറ്റല്‍' സമ്പദ്വ്യവസ്ഥയിലേക്കും മുന്നേറുമെന്ന് പ്രഖ്യാപനമുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള സാമൂഹ്യമേഖലയ്ക്കും വിഹിതം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ധനകമ്മി ചുരുക്കാന്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുമ്പോള്‍ ഇതെങ്ങനെ സാധിക്കുമെന്ന് വ്യക്തമല്ല. നോട്ട് അസാധുവാക്കിയത് കള്ളപ്പണത്തിനും അഴിമതിക്കും എതിരായ നടപടിയെന്ന് അവകാശപ്പെടുമ്പോള്‍ രണ്ടിന്റെയും ഉറവിടം തൊടാത്തതിനെക്കുറിച്ച് മൌനം. ധനകമ്മി 3.2 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.

ബജറ്റ് കേരളത്തെ പൂര്‍ണമായി അവഗണിച്ചു. കേരളത്തിന്റെ ആവശ്യങ്ങളൊന്നും  പരിഗണിച്ചില്ല. നോട്ടുനിരോധത്തെത്തുടര്‍ന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ വായ്പാപരിധി വര്‍ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെടുന്നതാണ്. അത് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും. 

എന്താണ് ഇപ്പോള്‍ ഇന്ത്യന്‍സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയെന്ന് ഈ ബജറ്റ് പരിഗണിച്ചുപോലുമില്ല.  മുതല്‍മുടക്കില്ല, ഉല്‍പ്പാദനം കുറഞ്ഞു, തൊഴിലില്ല, വരുമാനം കുറഞ്ഞു, സാധനങ്ങള്‍ക്ക് ഡിമാന്‍ഡില്ലാതായി. നോട്ട് നിരോധത്തിനുമുന്നേതന്നെ ഈയൊരു സാഹചര്യമായിരുന്നു. നോട്ടുനിരോധത്തോടെ സ്ഥിതി കൂടുതല്‍ വഷളായി. നോട്ടുനിരോധത്തിന്റെ പ്രത്യാഘാതം വിലയിരുത്താതെതന്നെ  മൊത്തം ആഭ്യന്തരോല്‍പ്പാദനവളര്‍ച്ച ആറരശതമാനമായി കുറയുമെന്ന് ധനമന്ത്രാലയമടക്കം സമ്മതിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ തകര്‍ച്ച വളരെ വലുതായിരിക്കും. സാമ്പത്തികപ്രവര്‍ത്തനങ്ങളാകെ മരവിച്ചു. എവിടെയും മാന്ദ്യം പിടിമുറുക്കി. ഈയൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് മുതല്‍മുടക്കും വരുമാനവും തൊഴിലും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം. അതിന് സര്‍ക്കാരിന്റെ മുതല്‍മുടക്കും ചെലവും വര്‍ധിപ്പിക്കണം. ധനമന്ത്രി പ്രതീക്ഷിക്കുന്നത് ബാങ്കുകളിലെത്തുന്ന സ്വകാര്യനിക്ഷേപമാണ്. അതിനെ മുന്‍നിര്‍ത്തിയാണ് പലിശനിരക്ക് കുറയുമെന്നും വായ്പ കൂടുമെന്നുമൊക്കെ പറയുന്നത്. പക്ഷേ, സാമൂഹ്യക്ഷേമച്ചെലവുകളും പൊതുമുതല്‍മുടക്കും വര്‍ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍തന്നെ പണം ചെലവാക്കണം.

ഇന്ത്യയെ മാറ്റിമറിക്കാനും ശുദ്ധീകരിക്കാനും കരുത്തുറ്റതാക്കാനും ലക്ഷ്യമിട്ടെന്ന അവകാശവാദത്തോടെ ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. ഇതിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ വര്‍ധിപ്പിച്ച തുക ഒന്നുമില്ല.  റെയില്‍ബജറ്റും പൊതുബജറ്റിനൊപ്പമാക്കിയ ഇത്തവണത്തെ ബജറ്റില്‍ റെയില്‍വേ വികസനത്തിനായി മൊത്തം 1,31,000 കോടി രൂപയുടെ വികസന-മൂലധനച്ചെലവ് വകയിരുത്തിയിട്ടുള്ളതില്‍ സര്‍ക്കാരിന്റേത് 55,000കോടി മാത്രം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കാണ് ഊന്നല്‍. വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം. റെയില്‍ബജറ്റിന്റെ വിശദാംശങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ, ശുചീകരണം, വികസനം എന്നിവയെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ കേരളത്തിന് കാര്യമായൊന്നുമില്ല.

ഐആര്‍സിടിസി വഴി ഇ-ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് റദ്ദാക്കിയിട്ടുണ്ട്. ഇതാകട്ടെ ഡീമോണിറ്റെസേഷനെ തുടര്‍ന്ന്് ഇപ്പോള്‍ത്തന്നെ നിലവിലുള്ളതാണ്. വ്യോമയാന മേഖലയിലും സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍. സ്വകാര്യ വിമാനത്താവളങ്ങളുടെ എണ്ണം കൂടും. ബാങ്കിങ്-ധനമേഖലയില്‍ വന്‍തോതില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളില്‍ അപകടങ്ങള്‍ ഒരുപാട് ഒളിഞ്ഞിരിപ്പുണ്ട്. ധനമൂലധനത്തെ പ്രീണിപ്പിക്കലാണ് ലക്ഷ്യം.  വിദേശമൂലധനത്തെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതിന് പുറമെയും ബജറ്റില്‍ ഒളിഞ്ഞിരിപ്പുണ്ട്. വിദേശനിക്ഷേപ പ്രോത്സാഹന സമിതി (എഫ്ഐപിബി) പിരിച്ചുവിടുമെന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. കേട്ടാല്‍ ഇതെന്തോ നല്ല കാര്യമാണെന്ന് തോന്നും. വരുന്ന വിദേശ മുതല്‍മുടക്ക് പരിശോധിച്ച് അനുമതി നല്‍കുന്നതിനുള്ളതാണ് ഈ സമിതി. ഫലത്തില്‍ ഇപ്പോഴുള്ള പരിശോധനയും നിയന്ത്രണവുംകൂടി ഇല്ലാതാകും.

ആദായനികുതി നിരക്കുകളില്‍ മാറ്റംവരുത്തിയത് ശമ്പളക്കാര്‍ക്ക് ഗുണകരമാകും. സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കുന്നതിന് കോര്‍പറേറ്റ് മേഖലയെ തൊടാന്‍ ജെയ്റ്റ്ലി മുതിര്‍ന്നില്ല. കോര്‍പറേറ്റ് മേഖലയ്ക്ക് ഇളവുകള്‍ നല്‍കുകയുംചെയ്തു. പ്രതിവര്‍ഷം 50 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികളുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറച്ചത് കോര്‍പറേറ്റുകള്‍ കൈക്കലാക്കും.  കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കാനും കാര്യമായ ഒരു നടപടിയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, കമ്പോളത്തെയും കോര്‍പറേറ്റ് മേഖലയേയും വിദേശമൂലധനത്തെയും സഹായിക്കുന്ന ജെയ്റ്റ്ലി രാജ്യത്തെ സാധാരണ ജനങ്ങളെയും തൊഴിലാളികളെയും പൂര്‍ണമായി അവഗണിച്ചിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top